മലപ്പുറം: സുഹൃത്തുക്കൾ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സന്ദേശത്തിന്റെ പേരിൽ സ്വന്തം കുടുംബബന്ധം വരെ തകരുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് മലപ്പുറം കാരത്തൂർ സ്വദേശിയായ യുവാവിന്.

പത്തു ദിവസം മുമ്പാണ് കൈനിക്കര മുള്ളന്മട കോളനിയിൽ താമസക്കാരനായ അരീപറമ്പിൽ വീട്ടിൽ ഇസ്മായീലി(33)നെക്കുറിച്ച് അപകീർത്തികരമായ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചു തുടങ്ങിയത്. തന്റെ ഫോട്ടോ പതിച്ച് മോശമായ സന്ദേശം നാലുദിവസം മുമ്പ് ഇസ്മായീലിന്റെ വാട്‌സ് ആപ്പിലുമെത്തിയതോടെ വിശ്വസിക്കാനായില്ല. വാട്‌സ് ആപ്പിലൂടെ ഒരാളെ തകർക്കാൻ കഴിയുമെന്ന് കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ഇസ്മായീലിന് സ്വന്തം ജീവിതാനുഭവത്തിലൂടെ അതു ബോധ്യപ്പെടുകയായിരുന്നു.

ഇസ്മായിലിന്റെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നതിങ്ങനെ: ഇവനെ സൂക്ഷിക്കുക, ഫോട്ടോയിലുള്ള വ്യക്തിക്ക് ചില അവിഹിത ബന്ധങ്ങളുണ്ട്. പുത്തനത്താണിയിൽനിന്നും അടുത്ത പ്രദേശങ്ങളിൽനിന്നും ഇതിന്റെ പേരിൽ ഇവനെ പിടികൂടിയിട്ടുണ്ട്...എന്നിങ്ങനെ അപകീർത്തികരമായ സന്ദേശമായിരുന്നു ഇതിൽ അടങ്ങിയിരുന്നത്. സന്ദേശം അവസാനിപ്പിക്കുന്നത് പുത്തനത്താണി എസ്.കെ.എസ്.എസ്.എഫ് എന്ന സംഘടനയുടെ പേരിലുമാണ്. വാട്‌സ് ആപ്പ് പോസ്റ്റ് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഇവർതന്നെ ആരംഭിച്ചു. ഒടുവിൽ അന്വേഷണം എത്തപ്പെട്ടതാകട്ടെ സൗദിയിലുള്ള മറ്റൊരു സുഹൃത്തിലുമായിരുന്നു.

സുഹൃത്തിന്റെ വാട്‌സ് ആപ്പ് പോസ്റ്റിലൂടെ സ്വന്തം ജീവിതം തന്നെ ആപ്പായിരിക്കുകയാണ് ഇന്ന് ഈ യുവാവിന്. ഇതിനിടയ്ക്ക് വാട്‌സ് ആപ്പ് സന്ദേശം നിരവധി പേർ വായിച്ചു കഴിഞ്ഞിരുന്നു. വിവരം അറിഞ്ഞ ഇസ്മായീലിന്റെ ഭാര്യവീട്ടുകാർ വിവാഹമോചനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമെത്തി. ഇതോടെ പ്രശ്‌നപരിഹാരത്തിനായി രാഷ്ട്രീയ പാർട്ടികളും മഹല്ല് കമ്മിറ്റിയും ഇടപെട്ടെങ്കിലും ഇതുവരെയും ഫലം കണ്ടില്ല. നാട്ടുകാരും സ്വന്തക്കാരും ഇപ്പോൾ സംശയത്തിന്റെ കണ്ണോടെയാണ് യുവാവിനെ കാണുന്നത്. ഗൾഫ് രാജ്യങ്ങളിലെല്ലാം പോസ്റ്റ് പ്രചരിച്ചതോടെ ദിനേന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരവധി ഫോൺ കോളുകളും എത്തുന്നുണ്ട്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പാറമ്മൽ ജലീൽ എന്ന സുഹൃത്താണ് ഈ പോസ്റ്റിനു പിന്നിലെന്നും തങ്ങൾ തമ്മിൽ കാര്യമായ ഒരു പ്രശ്‌നങ്ങളും മുമ്പ് ഉണ്ടായിരുന്നില്ലെന്നും ഇസ്മായിൽ പറഞ്ഞു. പെയിന്റിങ് പണിക്കാരനായ ഇസ്മായീലീന് മൂന്നു പെൺമക്കളുണ്ട്. വാട്‌സ് ആപ്പിലെ തെറ്റായ പ്രചാരണം തന്റെ ജീവിതത്തെയും ജോലിയെയും കുടുംബ ബന്ധത്തെയും ബാധിച്ചതായും യുവാവ് പറഞ്ഞു. ഈ നീച പ്രവർത്തനം ചെയ്തവർക്കതിരേ കേസെടുത്ത് കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിലും ആഭ്യന്തരവകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ പേരിലെത്തിയ ഈ സന്ദേശത്തിനു സംഘടനയുമായി യാതൊരു ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. എന്നാൽ സംഘടനയുടെ പേര് ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് എസ്.കെ.എസ്.എസ്.എഫ് ഇതുവരെയും രംഗത്തുവന്നിട്ടില്ല.