കൽപ്പറ്റ: കൊട്ടിയൂരിൽ ഫാദർ റോബിൻ വടക്കുംചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജന്മം നൽകിയ ചോരക്കുഞ്ഞിനെ ഒളിപ്പിക്കാൻ കന്യാസ്ത്രീകൾ ഇറങ്ങിത്തിരിച്ചത് രാത്രിയുടെ മറവിൽ. കന്യാസ്ത്രീകൾ കൊട്ടിയൂരിൽനിന്നു രാത്രി സ്വന്തം വാഹനത്തിൽ പുറപ്പെട്ടു പാതിരാത്രി വയനാട് വൈത്തിരിയിലെ അനാഥാലയത്തിലെത്തി ചോരക്കുഞ്ഞിനെ കൈമാറി തിരിച്ചു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നത് സംഭവത്തിൽ പ്രതിയായ സിസ്റ്റർ ലിസ് മരിയയുടെ മാതാവ് തങ്കമ്മയാണെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.

മഠത്തിൽ നിന്നും രാത്രി പുറത്തിറങ്ങാൻ മദർ സുപ്പീരിയറുടെയും മേൽനോട്ടം വഹിക്കുന്ന പുരോഹിതന്റെയും അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ സിസ്റ്റർ അനീറ്റയും സിസ്റ്റർ ലിസ് മരിയയും നവജാത ശിശുവുമായി വൈത്തിരി ഹോളി ഇൻഫന്റ് മേരി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് പോയത് പലരും അറിഞ്ഞിരുന്നു. എന്നിട്ടും തടയാതിരുന്നത് മേലധികാരികളുടെ സമ്മർദ്ദം മൂലമാണെന്ന സംശയവും പൊലീസിനുണ്ട്. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. ഇരിട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റയുടെ കാറാണ് പേരാവൂർ സി.ഐ: എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് രജിസ്ട്രേഷനുള്ള ടി.എൻ. 40-0983 എന്ന കാറാണ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി ഏഴിന് രാവിലെയാണ് പെൺകുട്ടി പ്രസവിച്ചത്. വൈകിട്ട് ഏഴുമണിയോടെ ക്രിസ്തുരാജ ആശുപത്രിയിലെ കന്യാസ്ത്രീകൾ ആശുപത്രിയുടെ വാഹനത്തിലാണ് ശിശുവിനെയും കൊണ്ട് വയനാട്ടിലേക്കു പുറപ്പെട്ടത്. വാഹനം ഓടിച്ചത് സിസ്റ്റർ അനീറ്റയായിരുന്നു. പാതിരാത്രിക്കാണ് കന്യാസ്ത്രീകൾ വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിയത്. എട്ടിന് രാവിലെ കുട്ടിയെ പ്രവേശിപ്പിച്ചതായാണ് ദത്തെടുക്കൽ കേന്ദ്രത്തിലെ രേഖകളിലുള്ളത്. എട്ടിനു തന്നെ ശിശുക്ഷേമസമിതി അംഗമായ ഡോ. സിസ്റ്റർ ബെറ്റിയെ ഫോണിലൂടെ സംഭവം വിളിച്ചറിയിച്ചതായാണ് ദത്തെടുക്കൽ കേന്ദ്രം നടത്തുന്ന കന്യാസ്ത്രീകൾ പറയുന്നത്. പ്രസവ സംബന്ധമായ ചികിത്സ ആവശ്യമുള്ളതിനാൽ പിന്നീട് മാതാവിനെ ഹാജരാക്കാമെന്ന് പറഞ്ഞാണ് കൊട്ടിയൂരിൽ നിന്നുള്ള കന്യാസ്ത്രീകൾ മടങ്ങിയത്.

വിവരം അറിയിച്ചെന്നും ഇല്ലെന്നും പറഞ്ഞ് ദത്തെടുക്കൽ കേന്ദ്രവും ശിശുക്ഷേമസമിതിയും പരസ്പരം പഴിചാരുകയാണിപ്പോൾ. പിന്നീട് ഫെബ്രുവരി 20ന് പെൺകുട്ടിയും മാതാവും കൽപ്പറ്റയിലെത്തി ശിശു ക്ഷേമസമിതി അംഗം ഡോ. സിസ്റ്റർ ബെറ്റിക്കു മുമ്പിൽ ശിശുവിനെ ഹാജരാക്കി. കുട്ടിയെ ഹാജരാക്കിയതായുള്ള രേഖയിൽ (സറണ്ടർ ഡീഡ്) സിസ്റ്റർ ബെറ്റി ഒപ്പിട്ടു. അന്നുതന്നെ കുട്ടിയെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടുള്ള രേഖയിൽ (പ്ലെയ്സ്മെന്റ് ഡീഡ്) ഒപ്പിട്ടത് ശിശുക്ഷേമസമിതി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകമാണ്. ഈ രേഖകളിൽനിന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായിരുന്നു. എന്നിട്ടും വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. ഇതാണ് ശിശുക്ഷേമ സമിതിക്ക് വിനയായത്.

ഇവർ ആരുടെ നിർദ്ദേശ പ്രകാരമാണ് എത്തിയതെന്ന കാര്യം ദുരൂഹമാണ്. കൃത്യമായ നിർദ്ദേശവും ഗൂഢാലോചനയും സംഭവത്തിനുപിന്നിലുണ്ടെന്നും കൂടുതൽ പേർ ഇതിൽ പങ്കാളിയാണെന്നും വെളിവാക്കുന്നവയാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ. രൂപതയിലെ ഉന്നതന്റെ നിർദ്ദേശ പ്രകാരമാണ് കന്യാസ്ത്രീകൾ നേരിട്ട് റിസ്‌ക് എടുത്തതെന്നാണ് സൂചന. കൊട്ടിയൂരിൽ, ഫാ. റോബിൻ വടക്കുംചേരി പ്രതിയായ പീഡനക്കേസിൽ കൂടുതൽ കന്യസ്ത്രീകൾ തെളിവ്നശിപ്പിക്കാൻ കൂട്ടുനിന്നതിന്റെ സൂചനകൾ പൊലീസിന് കിട്ടുകയാണ്. അതിനിടെ വിദേശത്തേക്ക് കടക്കാൻ ടിക്കറ്റെടുത്തതിന്റെ കൂടുതൽ വിവരങ്ങളറിയാൻ ഫാ.റോബിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ശിശുക്ഷേമ സമിതി പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി.

കേസിലുൾപ്പെട്ടിട്ടുള്ള ഫാദർ തോമസ് ജോസഫ് തേരകവും സിസ്റ്റർ ബെറ്റി ജോസും ശിശു ക്ഷേമ സമിതി ഭാരവാഹികളായിരുന്നു. നിലവിൽ അഞ്ചു കന്യാസ്ത്രീകളടക്കം എട്ടുപേരാണ് പ്രതിസ്ഥാനത്തുള്ളത്. കാനഡക്ക് പോകാൻ സഹായിച്ചവരടക്കം മുഴുവൻ കാര്യങ്ങളും ചോദിച്ചറിയാനാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ ആളുകളും ഇപ്പോൾ ഒളിവിലാണ്. അവർക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്. വയനാട്ടിന്റെ വിവിധ മേഖലകളിൽ പ്രത്യേക പൊലീസ് സംഘം തന്നെ ഇതിനായി നിലയുറപ്പിച്ചുകഴിഞ്ഞു. ഇന്നലെ രാത്രി ചില കന്യാസ്ത്രീ മഠങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതികൾ കോടതിയിൽ കീഴടങ്ങും മുമ്പ് പിടികൂടുമെന്ന ഉറച്ചനിലപാടിലാണ് പൊലീസ്. എന്നാൽ പൊലീസ് അറസ്റ്റും തുടർന്നുണ്ടാകുന്ന ബഹളങ്ങളുമുണ്ടാക്കുന്ന നാണക്കേടിൽ നിന്നും തലയൂരാൻ സഭയും കാര്യമായി ശ്രമിക്കുന്നുണ്ട്

പെൺകുട്ടിയെ പീഡിപ്പിച്ച ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരിയെ കൂടാതെ പ്രസവം നടന്ന തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ടെസി ജോസഫ്, അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു, പീഡിയാട്രീഷ്യൻ ഡോ. ഹൈദരലി, തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ് മരിയ, ഇവരുടെ മാതാവ് നീണ്ടുനോക്കി ഇടവകയിലെ മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി, െവെത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലെ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ, എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ഒളിപ്പിക്കാനും സംഭവം മറച്ചുവെക്കാനും ശ്രമിച്ചെന്ന് ആരോപണവിധേയരായ വയനാട് ശിശുക്ഷേമസമിതി (സി.ഡബ്ല്യൂ.സി) ചെയർമാൻ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമസമിതി അംഗം ഡോ. സിസ്റ്റർ ബെറ്റി എന്നിവരെയും പുതിയതായി പൊലീസ് പ്രതിചേർത്തിട്ടുണ്ട്.

സംഭവത്തിൽ പ്രതികളായ മൂന്നു ഡോക്ടർമാരുൾപ്പെടെ നാലുപേർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. വിദ്യാർത്ഥിനി പ്രസവിച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ടെസി ജോസ്, ഡോ: ആൻസി മാത്യു, ഡോ: ഹൈദരലി എന്നിവർ അഡ്വ: വി. ജയകൃഷ്ണൻ മുഖേന തലശേരി അഡീഷണൽ സെഷൻസ് കോടതിയിലും െവെത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്റർ ഒഫീലിയ കൽപ്പറ്റ ജില്ലാ കോടതിയിലുമാണ് മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകിയത്.

പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത വടക്കുംചേരി ഇപ്പോൾ കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലാണ്. കോടതിയിൽ ഹാജരാക്കിയ സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഉണ്ട് എന്ന് വൈദികൻ മറുപടി നൽകിയിരുന്നു.