കൽപറ്റ: വയനാട് ഗവ. എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗത്തിലെ ഒരേയൊരു പെൺകുട്ടി സഹവിദ്യാർത്ഥികളുടെ പീഡനത്തെ തുടർന്ന് പഠനം നിർത്തി. ആദിവാസി വിഭാഗത്തിൽപെട്ട പെൺകുട്ടിക്കാണ് പഠനം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നത്. സഹപാഠികളുടെ ശാരീരികോപദ്രവം മൂലമാണ് വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചത്. അശ്ലീല വിഡിയോ പ്രദർശനവും മറ്റും ക്ലാസ് മുറിയിൽ സ്ഥിരമായിരുന്നു. അതിന് ശേഷമായിരുന്നു പീഡനങ്ങൾ. ഇത് തുടർന്നപ്പോൾ പരാതി നൽകുകയായിരുന്നു. മാനസികമായി തകർന്ന പെൺകുട്ടിയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. മകളെ ഇനി ആ കോളജിലേക്ക് അയയ്ക്കില്ലെന്നും ഒരു രക്ഷയില്ലാതായപ്പോഴാണു പരാതിപ്പെട്ടതെന്നും രക്ഷിതാവ്പറഞ്ഞു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് അധികൃതർ അന്വേഷണം നടത്തി പി. അജിൽകൃഷ്ണ, പി. അഖിൽ, എ.ആർ. രോഹിത് എന്നീ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കെതിരേ ലൈംഗികചൂഷണത്തിനും ആദിവാസികൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തു. തലപ്പുഴ പൊലീസ് പെൺകുട്ടിയുടെ മൊഴിയടുത്ത് കേസ് സ്‌പെഷൽ മൊബൈൽ സ്‌ക്വാഡിനു കൈമാറി. സ്‌ക്വാഡ് ഡിവൈ.എസ്‌പി. അവധിയിലായതിനാൽ മാനന്തവാടി എ.എസ്‌പിയാണു കേസ് അന്വേഷിക്കുന്നത്. മലയരയ സമുദായാംഗമായ പെൺകുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി. കോളജിലെ വനിതാ സെൽ സമ്മർദത്തിനു വഴങ്ങാതെ പരാതി പൊലീസിനു കൈമാറിയതിനാലാണു വിവരം വെളിച്ചത്തായതെന്നാണ് സൂചന.

ക്ലാസ് മുറിയിൽ ഏതാനും ആൺകുട്ടികൾ കാണിച്ച അതിക്രമങ്ങൾ പെൺകുട്ടി കോളജ് അധികൃതരോടും പരാതിപ്പെട്ടിരുന്നു. അദ്ധ്യാപകരില്ലാത്ത സമയത്തു ക്ലാസ് മുറിയിൽ അശ്ലീലചിത്രപ്രദർശനവും നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തി. ദുരുദ്ദേശ്യത്തോടെ ദേഹത്തു സ്പർശിക്കുക, അടിക്കുക, ലൈംഗികചേഷ്ടകൾ കാട്ടുക തുടങ്ങിയ ഉപദ്രവങ്ങളുമുണ്ടായി. ഇത് സ്ഥിരമായി തുടർന്നു. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്കു ചില സഹപാഠികൾ ക്ലാസ് മുറിയിലെത്തി ഉപദ്രവിച്ചതോടെ കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ പെൺകുട്ടി ക്ലാസ് ചുമതലയുള്ള അദ്ധ്യാപകനോട് പരാതി പറഞ്ഞു.

പ്രതിസ്ഥാനത്തുള്ള ഒരു ആൺകുട്ടിയുടെ രക്ഷിതാവിനെ അദ്ധ്യാപകൻ ഫോണിൽ വിവരമറിയിച്ചു. പരാതിക്കാരിക്കു പ്രതിയുടെ രക്ഷിതാവുമായി സംസാരിക്കാൻ ഫോൺ കൈമാറിയതായും ആക്ഷേപമുണ്ട്. പരാതി കൊടുക്കരുതെന്ന് ആ രക്ഷിതാവ് കരഞ്ഞുപറഞ്ഞതിനാൽ അവരുടെ മകന്റെ പേര് തൽകാലം പുറത്തുവന്നില്ല. വിവരമറിഞ്ഞ് കോളജിലെ വനിതാ സെൽ പെൺകുട്ടിയിൽനിന്നും ഹോസ്റ്റലിൽ ഒപ്പമുള്ള സഹപാഠികളിൽനിന്നും മൊഴിയെടുത്തു.

ക്ലാസിലെ ഉപദ്രവം പെൺകുട്ടി തങ്ങളോടു പറഞ്ഞിരുന്നതായി ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ വെളിപ്പെടുത്തി. പെൺകുട്ടിയിൽനിന്നു വിശദമായ മൊഴിയെടുത്തപ്പോഴാണ് ഒരുപ്രതിയുടെ രക്ഷിതാവ് മകന്റെ പേരു പറയരുതെന്ന് അപേക്ഷിച്ച വിവരം വെളിപ്പെട്ടത്. ഇതേത്തുടർന്നു മൂന്നാമനും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു.

പെൺകുട്ടി മാനസികവും ശാരീരികവുമായ ചൂഷണത്തിനിരയായെന്നു കോളജിലെ വനിതാ സെൽ കഴിഞ്ഞ അഞ്ചിന് അധികൃതർക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്നുതന്നെ മൂന്നു സഹപാഠികളെയും സസ്‌പെൻഡ് ചെയ്തു. പെൺകുട്ടിയിൽനിന്നു മജിസ്‌ട്രേറ്റ് മൊഴിയെടുത്തു.