വയനാട്: വയനാട്ടിലെ കേണിച്ചിറയിലെ ഹീലിയ റിസോർട്ടിൽ പതിവ് ചെക്കിംഗിന് എത്തിയതായിരുന്നു ഇൻസ്‌പെക്ടർ സതീഷ് കുമാറും സംഘവും , ആരൊക്കെ റിസോർട്ടിൽ താമസം ഉണ്ടെന്ന് മാനേജരോടു തിരക്കിയപ്പോൾ താമസക്കാരുടെ പൂർണവിവരം മാനേജർ കൈമാറി അതിനിടയിലാണ് റൂം വെക്കേറ്റ് ചെയ്ത് എത്തിയ സംഘം ഇൻസ്‌പെക്ടറുടെ ശ്രദ്ധയിൽ പെടുന്നത്.

രണ്ട് ബോഡി ഗാർഡുമായി രണ്ട് ഉദ്യോഗസ്ഥർ. തിരക്കിയപ്പോൾ ഹോട്ടൽ ജീവനക്കാർ തന്നെ അവരെ പരിചയപ്പെടുത്തി. ആർബിഐ യിലെ ഉന്നത ഉദ്യോഗസ്ഥർ ഒരു ഫാഷൻ ചാനൽ തുടങ്ങുന്നതിന്റെ ഭാഗമായി ചില ചർച്ചകൾക്കായി വയനാട് എത്തിയതാണ്. എന്നാൽ കൂടെയുള്ള സുരക്ഷ ഉദ്യോഗസ്ഥരിൽ ഒരാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇൻസ്‌പെക്ടർഅയാളെ മാറ്റി നിർത്തി സംസാരിച്ചു. കൂടുതൽ സംസാരിച്ചപ്പോൾ ക്രമിനൽ പശ്ചാത്തലം ഉണ്ടെന്ന് ബോധ്യപ്പെട്ടു. കൂടുതൽ ചോദിച്ചപ്പോൾ കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ടന്ന് ബോധ്യപ്പെട്ടു.

ഉടൻ തന്നെ പൊലീസ് സംഘം ആർബിഐ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ രണ്ടു പേരുടെയും ഐഡന്റിറ്റി കാർഡ് ചോദിച്ചു. കാർഡ് നൽകാൻ ഇല്ലാതെ രണ്ടു പേരും പരിഭ്രമിച്ചതോടെഇൻസ്‌പെക്ടർ സതീഷും സംഘവും വ്യാജ ആർ ബി ഐ ഉദ്യോഗസ്ഥർക്ക് ലോക്കിട്ടു. ബാഗും മൊബൈലും വാങ്ങി പരിശോധിച്ചതോടെ അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് സ്ഥിരീകരിച്ചു.

അങ്ങനെ പെരുമ്പാവൂർ കുറുപ്പും പടി ചു വരത്തോട് മാലിക്കുടി വീട്ടിൽ ജോഷി എം വർഗീസിനെയും കാട്ടാക്കട ആമച്ചൽ അറവൻകോണം ഗീകോൺ പുരം വീട്ടിൽ ക്രിസ്റ്റഫറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹീലിയ റിസോർട്ടിൽ 3 ദിവസം ചെലവഴിച്ചതിന് ഇവർ നൽകിയ 47000 രൂപയുടെ ചെക്ക് വണ്ടി ചെക്കാണന്ന് പൊലീസ് പരിശോധനയിൽ മനസിലായി

തുടർന്ന് ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കാനഡ ,ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് 85 ലധികം പേരെ പണം വാങ്ങി പറ്റിച്ചതായി സമ്മതിച്ചത്. കൂടാതെ ക്രിപ്‌റ്റോ കറൻസി ഇടപാടിലും വ്യാപകമായ പണപ്പിരിവ് നടത്തി 3 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി പ്രതികൾ സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ തട്ടിപ്പു വഴി ലഭിച്ച പണം കൂടുതലും വിനിയോഗിച്ചിരുന്നത്.

ജോഷി എം.വർഗീസിന്റെയും ക്രിസ്റ്റഫറിന്റെയും സുരക്ഷ ഉദ്യോഗസ്ഥൻ കുടുങ്ങിയപ്പോൾ തന്നെ രണ്ടു പേരും നിലപാട് മാറ്റിയതും പൊലീസിന്റെ സംശയം കൂട്ടി. ആർബിഐ ജോലി രാജിവെച്ചെന്നും റഹബോത്ത് ഇന്റർ നാഷണൽ ഡിഫിറ്റൽ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയുടെ എം ഡിയാണന്ന് ജോഷി പറഞ്ഞു.പൊലീസ് അന്വേഷണത്തിൽ ഇത് തട്ടിപ്പു കമ്പിനിയാണന്നും ഹരിയാന സൂപ്പർ പ്ലേസ്‌മെന്റ് സർവ്വീസസ് എന്ന കമ്പിനി വഴിയും തൊഴിൽ തട്ടിപ്പു നടന്നതായി വ്യക്തമായി.

പ്രതികളുടെ മൊബൈൽ പരിശോധിച്ചപ്പോൾ നിരവധി പേർ വഞ്ചിതരായതായി മനസിലായി ചില കുഴൽപ്പണ ഇടപാടുകളുമായും പ്രതികൾ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായി അന്വേഷണ ത്തിൽ തെളിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ ആവിശ്യപ്പെടും.