തിരുവനന്തപുരം: ലോക്‌സഭാംഗമായ ജോസ് കെ മാണി രാജ്യസഭാംഗമായി പോയ സാഹചര്യത്തിൽ ഏറെക്കാലമായി കോട്ടയം എംപി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. രോഗബാധിതനായിരുന്ന എം എ ഷാനവാസും അന്തരിച്ചതോടെ വയനാടും എംപിയില്ലാത്ത മണ്ഡലമായി. നിലവിൽ എംപിയായിരുന്ന ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതോടെ കോട്ടയത്തെ ജനങ്ങൾക്ക് ലോക്‌സഭയിൽ ഒരു പ്രതിനിധി ഇല്ലാതായിട്ട് മാസങ്ങളേറെയായി. ജൂണിലാണ് ജോസ് കെ മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ കൂടി മാത്രം അവശേഷിക്കവേ ഈ രണ്ടു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിനും സാധ്യതയില്ല. 2019 മേയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ സ്ഥാനാർത്ഥി നിർണയവും കരുനീക്കങ്ങളും രാഷ്ട്രീയ പാളയങ്ങളിൽ തിരക്കിട്ടുനടക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലബാറിലെ മൂന്നു സീറ്റുകളിൽ സിറ്റിങ് എംപിമാരെ മാറ്റി പരീക്ഷിക്കാൻ തന്നെയായിരുന്നു യുഡിഎഫിന്റെ തീരുമാനം. എം എ ഷാനവാസ് വയനാട്ടിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ ഏതാണ്ട് തീരുമാനമായിരുന്നതാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് മുന്നണി വടകരയിലേക്ക് പുതുമുഖങ്ങളെ തേടിയത്. ഷാനവാസിനെ കെപിസിസി വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തതിനു ശേഷം വയനാട്ടിലേക്ക് പുതുമുഖത്തെ നേതൃത്വം അന്വേഷിച്ചിരുന്നു.

കൂടാതെ കോഴിക്കോട് എം കെ രാഘവനേയും മാറ്റി നിർത്താനായിരുന്നു യുഡിഎഫ് തീരുമാനിച്ചിരുന്നത്. രണ്ടു തവണ കോഴിക്കോട് നിന്ന് ജയിച്ച എം കെ രാഘവനെ മാറ്റണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ രാഘവനു പകരം ആളെ കണ്ടെത്താൻ സാധിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതിനാൽ സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്.

വടകരയിൽ മുല്ലപ്പള്ളിക്കു പകരം കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനാണ് സാധ്യത കൂടുതൽ. കൂടാതെ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയേയും ഇവിടുത്തേക്ക് പരിഗണിക്കുന്നുണ്ട്. വയനാട്ടിൽ ഷാനവാസിനു പകരം കോഴിക്കോട് ഡിസിസി പ്രസിഡന്റ്് ടി സിദ്ദിഖിന്റെ പേരും ഉയർന്നു വരുന്നുണ്ട്. എന്നാൽ ഇവിടെ വനിതാ സ്ഥാനാർത്ഥിയെ നിർത്താനാണ് തീരുമാനമെങ്കിൽ ഷാനിമോൾ ഉസ്മാനാകും നറുക്കുവീഴുക.

കോഴിക്കോട് വീരേന്ദ്രകുമാർ ഉയർത്തുന്ന വെല്ലുവിളി നേരിടാനാണ് രാഘവനു പകരം ആളെ അന്വേഷിക്കുന്നത്. വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതുമുന്നണിയുമായി യോജിച്ചതോടെ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് വോട്ടിൽ കനത്ത ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഈ ഭീഷണി മറികടക്കാൻ പ്രാപ്തനായ സ്ഥാനാർത്ഥിയെ കൊണ്ടുവരാനാണ് അണിയറ നീക്കം നടക്കുന്നത്. അതേസമയം പൊതുസമ്മതനായ എം കെ രാഘവന്റെ ജനപ്രീതിയിൽ സീറ്റ് നിലനിർത്താമെന്നും വാദിക്കുന്നവരുണ്ട്.

ഇത്തരമൊരു സാഹചര്യമുണ്ടായാൽ മൂന്നാം തവണയും എം കെ രാഘവന് മത്സരിക്കാൻ സാധിച്ചേക്കും. കോഴിക്കോട് രാഘവനെ മാറ്റി നിർത്തി മറ്റൊരാളെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടറിയ കാര്യമാണെന്ന് നേതാക്കൾക്കും അറിയാം. അതേസമയം ഇക്കാര്യത്തിൽ ലീഗിന്റെ പിന്തുണ ലഭിച്ചാൽ പുതുമുഖത്തെ കോഴിക്കോട്ട് നിർത്തുന്ന കാര്യം നേതൃത്വം പരിഗണിച്ചേക്കാം.