കോഴിക്കോട്: ആദിവാസി ഊരുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിനു മുൻകൂർ അനുമതി നിഷ്‌കർഷിച്ചുകൊണ്ട് പട്ടികവർഗ്ഗ വികസന വകുപ്പ് അടുത്തിടെ പുറത്തിറക്കിയ സർക്കുലർ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്നാണ് സർക്കാർ വാദമെങ്കിലും ഊരുകളിലെ ദുരവസ്ഥ പുറംലോകം അറിയാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നുമാണ് സാമൂഹ്യ പ്രവർത്തകർ ഉയർത്തുന്ന വിമർശനം. എല്ലാ സഹായങ്ങളും സർക്കാർ എത്തിക്കുമെന്ന് അവകാശപ്പെടുന്ന സർക്കാർ തന്നെ പലപ്പോഴും ഒന്നും ചെയ്യാതെ കൈയൊഴിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് വയനാട്ടിലെ അടക്കം ആദിവാസി ഊരുകളിൽ കാണാൻ സാധിക്കുന്ന്.

വയനാട്ടിലെ വിവിധ ഊരുകളിൽ പലരും ഇപ്പോഴും തീർത്തും ദുരവസ്ഥയിലാണ് കഴിഞ്ഞു കൂടുന്നത്. ഇവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ലൈഫ് മിഷൻ വഴി വീടുവെച്ചു കൊടുക്കുമെന്നാണ് സർക്കാറിന്റെ അവകാശവാദം. എന്നാൽ, ഇതൊന്നും മിക്കയിടത്തും വിജയിച്ചിട്ടില്ല. സർക്കാർ അടുത്താകാലത്തായി വിതരണം ചെയ്ത ഭൂമിയിൽ കുടിലുകെട്ടി താമസിക്കുന്ന അനേകം ആദിവാസി കുടുംബങ്ങളുണ്ട്. ഇവരുടെ ജീവിത സാഹചര്യങ്ങൾ തീർത്തും ദുരിതപൂർണമാണ്.

കനത്ത മഴയാണ് വയനാട്ടിൽ ഇപ്പോൾ പെയ്യുന്നത്. ഈ മഴക്കാലം ഇവിടുത്ത ആദിവാസികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞതാണ്. കാരണം ചോർന്നൊലിക്കുന്ന കൂരയിൽ കുട്ടികളുമായി കഴിഞ്ഞു കൂടുകയാണ് ഇവർ. വീടുകളുടെ ചോർച്ച തടയാൻ വേണ്ടി ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ പോലും സാധിക്കാത്ത അവസ്ഥ ഇവർക്കുണ്ട്. പലർക്കും റേഷൻകാർഡ് പോലുമില്ലാത്ത അവസ്ഥയാണുള്ളത്. ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട പ്രമോട്ടർമാർ പോലും പലപ്പോഴും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്. പുറമേ നിന്നുള്ളവർക്ക് ഊരുകളിൽ സന്ദർശന വിലക്കും ഏർപ്പെടുത്തിയതോടെ ആദിവാസി ദുരിതം വർധിക്കുകയാണ്.

വയനാട്ടിലെ ആദിവാസി ഊരുകളിലെ മഴക്കാലത്തെ നേർചിത്രം വെളിച്ചത്തു കൊണ്ടുവന്ന് മനോജ് നിരക്ഷരൻ രവീന്ദ്രൻ എന്ന സാമൂഹ്യപ്രവർത്തകൻ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട കാര്യങ്ങൾ സർക്കാർ അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടാണ്. ഷെഡുക്കളിൽ കുടിൽകെട്ടി കഴിയുന്ന ഇക്കൂട്ടർക്ക് മഴനനയാതെ കിടക്കാൻ വേണ്ട ഷീറ്റുകൾക്ക് വേണ്ടു പുറംലോകത്തോട് അഭ്യർത്ഥക്കുന്ന കാഴ്‌ച്ചയാണിത്. മനോജ് പുറത്തുവിട്ട ഓഡിയോയിൽ ഒരു ആദിവാസി സ്ത്രീ സഹായം അഭ്യർത്ഥിച്ചു പ്രദേശത്തെ സാമൂഹ്യപ്രവർത്തകൻ കുഞ്ഞഹമ്മദിനെ വിളിക്കുന്നത് കേൾക്കാം.

കനത്ത മഴയിൽ വീട് ചോർന്നൊലിക്കുമ്പോഴാണ് യുവതി സഹായം അഭ്യർത്ഥിച്ചു വിളിക്കുന്നത്. ഇക്കാക്കേ... ഒരു ഷീറ്റ് കൊണ്ടെ തരാന്.. നനഞ്ഞിട്ടാ കിടക്കുന്നത്.. പാത്രം വെച്ചിരിക്കയാണ്..അവരെ വിളിച്ചിട്ട് ഒരെണ്ണം ഫോണെടുക്കുന്നില്ലെന്ന് യുവതി പറയുന്നു. മുൻ വർഷങ്ങളിൽ സഹായം എത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. അതുകൊണ്ടായിരുന്നു യുവതി കുഞ്ഞഹമ്മദിനെ സഹായം അഭ്യർത്ഥിച്ചു വിളിച്ചതും. എങ്ങനെയെങ്കിലും ഷീറ്റ് എത്തിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിന് ശേഷം കുഞ്ഞഹമ്മദിന്റെ നേതൃത്വത്തിൽ ആദിവാസി ഊരിൽ സഹായം എത്തിക്കുകകയും ചെയ്തു. പുറമേ നിന്നുള്ളവർക്ക് സന്ദർശന വിലക്കേർപ്പെടുത്തിയ നിയമനം ലംഘിക്കപെടേണ്ട അനിവാര്യത ചൂണ്ടിക്കാട്ടിയായിരുന്നു ഈ സഹായഹസ്തം നീട്ടിലും. സഹായം അഭ്യർത്ഥിച്ച ആദിവാസി സ്ത്രീക്ക് അടക്കം 19 കുടുംബങ്ങൾക്ക് തൽക്കാലം മഴ നനയാതെ കിടക്കാനുള്ള സഹായം എത്തിക്കുകയും ചെയ്തു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ലൈറ്റ് ആൻഡ് പാത്ത് എന്ന സംഘടനയുമാണ് പ്ലാസ്റ്റിക് ഷീറ്റ് വാങ്ങാൻ ആവശ്യമായ പണം നൽകിയത്. ഈ സഹായം കൊണ്ട് കുറച്ചു കാലമെങ്കിലും അവർക്ക് മഴനയയാതെ വീട്ടിൽ കഴിയാൻ അവസരം ഒരുങ്ങി.

വിവാദമായത് സന്ദർശന വിലക്കേർപ്പെടുത്തിയ സർക്കുലർ

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അനുമതി ഇല്ലാതെ വ്യക്തികൾ /സംഘടനകൾ കോളനി സന്ദർശനം, വിവര ശേഖരണം എന്നിവ നടത്തിയാൽ അവ നിർത്തി വയ്‌പ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു സർക്കാർ പുറപ്പെടുവിച്ച ബി21740/22 നമ്പർ സർക്കുലറിൽ നിഷ്‌ക്കർഷിച്ചിരുന്നത്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചതും. ഇതിനെതുടർന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യങ്ങൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് മറുപടിയായി നൽകിയിട്ടുള്ളത് സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട് മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും നടത്തുന്ന ആദിവാസി ഊരു സന്ദർശനം, വിവരശേഖരണം എന്നിവയ്ക്ക് പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ്.

അതേസമയം, മേല്പറഞ്ഞ സർക്കുലർ കൊണ്ട് ഉണ്ടായ ആശയ കുഴപ്പത്തിന് പരിഹാരമായെങ്കിലും പ്രശ്നം ഇപ്പോഴും നിലനിൽക്കുകയാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ചൂണ്ടിക്കാട്ടുന്നു. 2022 ഏപ്രിൽ 12ന് ബി21740/22 നമ്പർ സർക്കുലർ പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യപ്രവർത്തകർ ശക്തമായ വിമർശനമുയർത്തിയിരുന്നു. ആദിവാസികളുടെ മർദ്ദിതാവസ്ഥയെ ഒന്നുകൂടി ഉറപ്പിക്കുന്നതും പൊതുസമൂഹത്തിൽ നിന്ന് അവരെ അകറ്റി നിർത്തുന്നതിനും സാമൂഹ്യവികാസത്തിന്റെ ഫലങ്ങളിൽ നിന്ന് അവരെ അകറ്റുന്നതിനും ഈ സർക്കുലറിലെ വ്യവസ്ഥ കാരണമാകുന്നുവെന്നതായിരുന്നു പ്രധാന വിമർശനം.

വിവരാവകാശ മറുപടിയിൽ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വിമർശനങ്ങൾ കണക്കിലെടുത്ത് വിവാദ വ്യവസ്ഥ നീക്കം ചെയ്തുകൊണ്ട് ഒരു വിശദീകരണ സർക്കുലർ ഇറക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പ് തയ്യാറായിട്ടില്ല. മാത്രവുമല്ല, വിവാദ സർക്കുലറിൽ മുൻകൂർ അനുമതിയില്ലാത്ത പൊതുപ്രവർത്തകരുടെ ഊരുസന്ദർശവും വിവര ശേഖരണവും നിർത്തി വയ്‌പ്പിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ അത് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് പോലെ ആദിവാസി ഊരുകളിലെയ്ക്കുള്ള സംപൂർണ വിലക്കായി പിന്നീട് സൗകര്യപൂർവ്വം ഉപയോഗിക്കുന്നതിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.