- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ചുവന്ന നിറത്തിലുള്ള വാഹനം, അൽപ്പ സമയം കഴിഞ്ഞ് ഒരു കാറും ഒരു ബൈക്കും; ഇരട്ടക്കൊല നടന്ന പ്രദേശത്തിന് സമീപം കഴിഞ്ഞ ദിവസമെത്തിയത് മൂന്ന് അജ്ഞാത വാഹനങ്ങൾ; കൊലപാതകികളെ പിടികൂടാത്തതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു; നെല്ലിയമ്പത്തിന്റെ ഉറക്കം കെടുത്തി വീണ്ടും അജ്ഞാത സംഘം
പനമരം: വയനാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് ദിവസങ്ങൾ മാത്രം ശേഷം പ്രദേശത്ത് വീണ്ടും അജ്ഞാതസംഘത്തിന്റെ ഭീഷണി.കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ അജ്ഞാത വാഹനം എത്തിയത്.വീട്ടുമുറ്റത്ത് രാത്രിയിലെത്തിയ വാഹനം കണ്ടു വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ സംഘം വാഹനവുമായി കടന്നുകളയുകയായിരുന്നു.9 ദിവസം മുൻപ് ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്ററകലെ പനമരം നെല്ലിയമ്പം റോഡിൽ ചോയിക്കൊല്ലി ഭാഗത്താണു സംഭവം.
താഴെ നെല്ലിയമ്പം വാഴക്കണ്ടി ദേവദാസിന്റെ വീട്ടുമുറ്റത്താണു അജ്ഞാതർ വാഹനത്തിലെത്തിയത്. വീടിന്റെ കാർ പോർച്ചിലെത്തിയ വാഹനത്തിന്റെ ശബ്ദവും വളർത്തു നായ്ക്കളുടെ കുരയും കേട്ടാണു വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടത്. ഇതോടെ സംഘം വീട്ടുമുറ്റത്ത് പുതുതായി പ്രവൃത്തി നടക്കുന്ന വഴിയിൽ കൂട്ടിയിട്ട മെറ്റൽക്കൂനയ്ക്കു മുകളിലൂടെ വാഹനവുമായി രക്ഷപ്പെട്ടു.ചുവന്ന നിറത്തിലുള്ള വാഹനമാണ് ഈ വീട്ടിലേക്ക് എത്തിയതെന്നാണു പ്രദേശവാസികൾ പറയുന്നത്. വാഹനം വന്നു പോയതിന് ശേഷം 12 മണിയോടെ മറ്റൊരു കാറും ബൈക്കും ഈ വീട്ടിലേക്ക് കയറുന്ന വഴിയിൽ പ്രധാന റോഡിൽ നിർത്തിയിട്ടാതായും പറയപ്പെടുന്നു.
കാർ പോർച്ചിൽ വീതി കൂടിയ ടയറുള്ള വാഹനത്തിന്റെ അടയാളങ്ങളും നിർമ്മാണം നടക്കുന്ന വഴിയിൽ നിരത്തിയ ടൈലുകൾ മുഴുവൻ ഇളകിയതായും കാണാം. അജ്ഞാത സംഘം എത്തിയ വീടും കാപ്പി തോട്ടത്തിനുള്ളിലാണ്. ഈ വീടിനോട് ചേർന്നും മറ്റു വീടുകളൊന്നും ഇല്ല. നെല്ലിയമ്പത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളടക്കം ഭീതിയിലാണ്.സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇരട്ടക്കൊല നടന്ന് എട്ടാം ദിവസം തന്നെ പ്രദേശത്തെ വീട്ടുമുറ്റത്ത് അജ്ഞാതർ എത്തിയതു നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.
കൊലയാളികൾ ഇപ്പോഴും കാണാമറയത്ത്
ഇരട്ടക്കൊലക്കേസിൽ അന്വേഷണം ഊർജിതമാണെങ്കിലും കൊല നടത്തിയവരിലേക്ക് ഇതുവരെയെത്താൻ പൊലീസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. വ്യക്തമായ തെളിവുകൾ അവശേഷിപ്പിക്കാതെയാണ് ഇരട്ടക്കൊല നടത്തിയവർ കടന്നത്. എന്നാൽ ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതിന് ചുവടുപിടിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പലരെയും വീണ്ടും വിളിച്ചു വരുത്തിയും വീടുകളിലെത്തിയും സംഘം മാറിമാറി ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെയും പ്രദേശത്തുള്ള ചിലരെ വിവരങ്ങൾ ആരായുന്നതിനായി മാനന്തവാടി ഡിവൈഎസ്‌പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.
കൂടാതെ ഫോണിൽ വിളിച്ചും പലരോടും വിവരങ്ങൾ ആരായുന്നുണ്ട്. ഉടൻതന്നെ യഥാർഥ പ്രതികൾ പിടിയിലാകുമെന്നാണു പൊലീസ് നൽകുന്ന സൂചന. എന്നാൽ ഇരട്ടക്കൊല നടത്തി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് പ്രദേശത്ത് ക്യാംപ് ചെയ്തുള്ള അന്വേഷണം നടത്തുന്നതിനിടെ ഇതിന് സമീപം രാത്രി കാലത്ത് അജ്ഞാത വാഹനങ്ങളെത്തുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും, പ്രതികളെ ഉടൻ പിടികൂടണമെന്നും ജനങ്ങൾ ഒന്നടങ്കം പറയുന്നു. എന്നാൽ ഒടുവിൽ പിടിക്കപ്പെടുന്നത് പരിചയമുള്ളവരാകല്ലേ എന്ന പ്രാർത്ഥനയും നാട്ടുകാർക്കുണ്ട്.
മറുനാടന് മലയാളി ബ്യൂറോ