വൈദ്യുതി നാം പാഴാക്കുന്നതിൽ ഒരു കൈയും കണക്കുമില്ല. വൈദ്യുത ബില്ലു വരുമ്പോഴാണ് ഞെട്ടിപ്പോകുന്നത്. വൈദ്യുതി ചോരുന്ന ഇടങ്ങൾ ഒന്നടച്ചു നോക്കൂ. മാസം 40 ശതമാനത്തോളം വൈദ്യുതബില്ലിൽ ലാഭിക്കാനുളള 30 മാർഗങ്ങൾ ഇതാ. കറണ്ടുവിഴുങ്ങുന്ന ഭീമന്മാർ നമ്മുടെയൊക്കെ വീട്ടിൽ ഇപ്പോൾ സാധാരണമായിട്ടുണ്ട്. വാട്ടർഹീറ്റർ, എയർകണ്ടീഷണർ, ഇലക്ട്രിക് സ്റ്റൗവ് തുടങ്ങിയവയൊക്കെ കറണ്ടുബില്ലു കൂട്ടുന്നതിൽ മുമ്പന്മാരാണ്. ഇവ ഉപയോഗിക്കുന്നതിൽ അല്പം ശ്രദ്ധ പതിപ്പിച്ചാൽ തന്നെ ബില്ലിൽ കാര്യമായ കുറവുണ്ടാക്കാം.

ബൾബുകൾ ഉപയോഗിക്കുന്നതിലെ അപാകതകളും കുറയ്ക്കാവുന്നതാണ്. ചെറിയ ഇട്ടാവട്ടത്തിൽ എന്തിനാണ് കൂടുതൽ വാട്ടുള്ള ബൾബ്? അതുപോലെ പ്രകാശം ആവശ്യത്തിനു മാത്രമെന്ന ചിന്ത നമ്മുടെ ഉള്ളിലുണ്ടാകേണ്ടിയിരിക്കുന്നു. കറണ്ട് കൂടുതലായെടുക്കുന്ന അയൺ, ഇലക്ട്രിക് ഹീറ്റർ എന്നിവയൊക്കെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ആകെയൊരു ഇത്തിരി ശ്രദ്ധ. ഏകദേശം 40 ശതമാനം വൈദ്യുതി പാഴാകാതെ നോക്കാം.

വൈദ്യുതി ബില്ലു കുറയ്ക്കാനുള്ള ചില മാർഗങ്ങൾ ഇതാ

1. ഉപയോഗം കഴിഞ്ഞയുടൻ ലെറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യാൻ മറക്കരുത്.

2. രാവിലെ കഴിയുന്നത്ര സൂര്യപ്രകാശം വീട്ടിനുള്ളിൽ കൊണ്ടുവരാൻ ശ്രമിക്കുക. വൈദ്യൂതവിളക്കുകൾ പകൽ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാം.

3. ഭിത്തിയും സീലിങും ഇളംനിറത്തിലായിരിക്കട്ടെ. കൂടുതൽ വെളിച്ചം മുറിക്കുള്ളിൽ പ്രതിഫലിക്കും. കടും നിറങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്യുകയേ ഉള്ളൂ.

4. ശരിയായ വെന്റിലേഷൻ മുറികൾക്കു ഉണ്ടാകണം. പ്രകാശവും വായുവും നല്ലപോലെ ഉള്ളിലെത്തും.

5. സ്റ്റൈലിനായി ഡെക്കറേറ്റീവായതും കൺസീൽഡായതുമായ ലൈറ്റുകൾ പിടിപ്പിക്കുന്നത് ഒഴിവാക്കുക. ഇവ പ്രകാശം നന്നായി പരത്തുകയില്ലെന്നു മാത്രമല്ല കറണ്ടും ധാരാളം ഉപയോഗിക്കും

6. വയറിങ് ചെയ്യുമ്പോൾ ശരിയായ സൈസിലുള്ള വയർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വൈദ്യുതി നഷ്ടം കുറെ കുറയ്ക്കാൻ ഇതു സഹായിക്കും.

7. ലാമ്പ്‌ഷേഡ്, ബൾബ് തുടങ്ങിയവ തുടച്ചു പൊടികളഞ്ഞു വൃത്തിയാക്കണം. കൂടുതൽ വെളിച്ചംമുറികളിൽ പരക്കും. വെറുതെ രണ്ടും മൂന്നും ലൈറ്റിടാതിരിക്കാം

8. സി. എഫ്. എൽ ലാമ്പുകൾ, ഫ്‌ളൂറസന്റ് ട്യൂബ്ലൈറ്റുകൾ എന്നിവ വീട്ടിൽ ഉപയോഗിച്ചാൽ കറണ്ടു ലാഭിക്കാം.

9. മുറികളിലോ ഹാളിലോ പാർട്ടീഷൻ മറയുണ്ടെങ്കിൽ കഴിയുന്നത്ര ഉയരം കുറയ്ക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ഒരിടത്തുനിന്നുള്ള ലൈറ്റ് മറുവശത്തും കിട്ടും.

10. ആഡംബര ലൈറ്റുകൾ കഴിയുന്നത്ര ഒഴിവാക്കുക. ഉണ്ടെങ്കിൽ തന്നെ കുറച്ചുമാത്രം ഉപയോഗിക്കുക.

11. കൂളർ, എയർ കണ്ടീഷണർ തുടങ്ങിയവ സൂക്ഷിച്ച് ഉപയോഗിക്കുക. മുറി ഇവയ്ക്കായി നല്ലപോലെ സജ്ജീകരിക്കുക. കറണ്ടുപയോഗം കുറയ്ക്കാൻ ഇതു സഹായിക്കും.

12. സീലിങ് ഫാനുകൾക്കു ഇലക്‌ട്രോണിക് റെഗുലേറ്റർ ഉപയോഗിക്കുക.

13. സീലിങ്ഫാനിനെക്കാളും ഉയരത്തിൽ എക്‌സോസ്റ്റ് ഫാൻ പിടിപ്പിക്കുക.

14. സീലിങ് ഫാന് യഥാസമയം ഗ്രീസിട്ടുകൊടുക്കണം. അനാവശ്യ ഘർഷണവും കറണ്ടുനഷ്ടവും ഒഴിവാക്കാം.

15. റെഫ്രിജറേറ്ററിന്റെ വാതിൽ നല്ലപോലെ അടയ്ക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ കൂടുതൽ വൈദ്യുതി പാഴാകും.

16. കൃത്യമായ ഇടവേളകളിൽ കഴിയുന്നിടത്തോളം ഡീഫ്രോസ്റ്റ് സ്വന്തമായി ചെയ്യുക. കാരണം ഡീഫ്രോസ്റ്റിനു ധാരാളം വൈദ്യുതി ഉപയോഗിക്കപ്പെടും

17. റെഫ്രിജറേറ്ററിനും ഭിത്തിക്കുമിടയിൽ ഗ്യാപുണ്ടാകണം. ചുറ്റിനും വായു സഞ്ചാരമുറപ്പാക്കാനാണിത്. റെഫ്രിജറേറ്റർ ചൂടാകുന്നതു ചെറിയതോതിലെങ്കിലും കുറയ്ക്കാനും അതുവഴി വൈദ്യൂതി ഉപയോഗവും താഴ്‌ത്താനും സാധിക്കും.

18. അങ്ങേയറ്റം തണുപ്പിക്കുന്ന രീതിയിൽ റെഫ്രിജറേറ്ററിലെ സംവിധാനം സെറ്റു ചെയ്യരുത്.

19. ഭക്ഷണസാധനങ്ങളും മറ്റും മൂടിയോ കവറിലോ സൂക്ഷിക്കുക. ഇല്ലെങ്കിൽ നനവുണ്ടാവുക യും കംപ്രസർ കൂടുതലായി പ്രവർത്തിക്കേണ്ടിവരികയും ചെയ്യും.

20. ചൂടുള്ളവ ഫ്രിഡ്ജിൽ വയ്ക്കാതെ ശ്രദ്ധിക്കണം.

21. ഇലക്ട്രിക് സ്റ്റൗവിൽ കുക്കിംഗിനായി പറഞ്ഞിട്ടുള്ള പ്രത്യേക സമയത്തിനു മിനിട്ടുകൾക്കുമുമ്പ് വൈദ്യുതി ഓഫാക്കാം.

22. വൈദ്യുതി കുറച്ചുപയോഗിക്കുന്ന ഫ്‌ളാറ്റായ അടിഭാഗമുള്ള പാൻ വയ്ക്കുക.

23. സൂര്യപ്രകാശത്തിൽ നിന്നുള്ള വൈദ്യൂതി (സോളാർ പാനൽ) ഉപയോഗിക്കുക.

24. ഓട്ടോമാറ്റിക് അയൺ ഉപയോഗിക്കുന്നതാണ് നല്ലത്.

25. ഓരോ തുണിക്കും ആവശ്യമായ ചൂടിനായി അയൺ സെറ്റു ചെയ്താൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം.

25. തുണികൾ തേക്കുമ്പോൾ വെള്ളം നനയ്ക്കുന്നത് കൂടിപ്പോകരുത്.

26. നനച്ച തുണി ഉണങ്ങാതെ ഒരിക്കലും തേക്കരുത്.

27. കമ്പ്യൂട്ടറിന്റെ മോണിറ്റർ ഉപയോഗം കഴിഞ്ഞയുടൻ ഓഫാക്കിവയ്ക്കാം

28. സ്ലീപ് മോദിൽ സെറ്റുചെയ്താൽ കമ്പ്യൂട്ടർ ഉപയോഗശേഷം താനെ ഓഫാകും. ഇത് 40 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ സഹായിക്കും.

29. ഉപയോഗമില്ലാത്തപ്പോൾ പവർപ്‌ളഗ് സോക്കറ്റിൽനിന്ന് ഊരിയിടാം.

30. ഫുൾ ലോഡു ചെയ്തശേഷമേ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാവൂ.