- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ കൂട്ടായ്മ ആഗ്രഹിച്ചത് ഇരകളെ സംരക്ഷിച്ച് റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തണമെന്ന്; തെറ്റായി വ്യാഖ്യാനിച്ച് മന്ത്രി രാജീവ് ശ്രമിച്ചത് പീഡകരെ രക്ഷപ്പെടുത്താനെന്ന് ആക്ഷേപം; ഹേമാ കമ്മറ്റിയിലെ വമ്പന്മാർ രക്ഷപ്പെടുമോ? മന്ത്രി എല്ലാം വളച്ചൊടിക്കുന്നുവെന്ന് ദീദി ദാമോദരൻ; ഡബ്ല്യുസിസിയിൽ എല്ലാവരും ഒറ്റക്കെട്ട്
കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തത് ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമ കളക്റ്റിവ്, ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മ) ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജിവ് എത്തുമ്പോൾ പുതിയ വിവാദം. റിപ്പോർട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂ.സി.സിയുടെ ആവശ്യം എന്നാണ് താൻ പറഞ്ഞതെന്ന് രാജിവ് പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടന്ന സർക്കാർ വാദം തള്ളി ഡബ്ല്യുസിസി. തിരക്കഥാകൃത്തായ ദീദി ദാമോദരനാണ് മന്ത്രി പി രാജീവിന്റെ നിലപാടുകൾ തള്ളി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുത് എന്ന് മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടില്ല. റിപ്പോർട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് ഡബ്ല്യൂസിസിയുടെ നിലപാട് എന്നും ദീദി ദാമോദരൻ പ്രതികരിച്ചു. ഡൽഹിയിൽ ഇന്ത്യൻ എക്സ്‌പ്രസിലെ പത്രപ്രവർത്തകരുമായി നടത്തിയ ആശയസംവാദത്തിനിടയിൽ രാജീവ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
മന്ത്രി കാര്യങ്ങൾ വളച്ചൊടിച്ചുവെന്ന സംശയം ഡബ്ല്യുസിസിക്കുണ്ട്. മന്ത്രിയുടെ വെളിപ്പെടുത്തലിനിടെ ഡബ്ല്യുസിസിയെ പ്രതിസന്ധിയിലാക്കുന്ന ചർച്ചകളും സംശയങ്ങളും ഉയർന്നു. എന്നാൽ ഡബ്ല്യുസിസിയുടെ വെളിപ്പെടുത്തലിൽ മന്ത്രി വിശദീകരണം നൽകിയതോടെ ചർച്ചയിലെ വിവരങ്ങളിലെ തെറ്റിധാരണയാണ് സംശയത്തിന് കാരണമെന്ന് വ്യക്തമായി. എന്നാൽ വനിതാ സംഘടന ഇത്തരത്തിൽ പ്രതികരിച്ചിട്ടുണ്ടെന്ന് തന്നെയാണ് മന്ത്രി ഇപ്പോഴും പറയുന്നത്. പഴയ ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോടും അവർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഓഡിയോ ടേപ്പ് അടക്കം ഹാജരാക്കി വിശദീകരിച്ചു. ബുധാനാഴ്ച ഹേമാ കമ്മറ്റിയിൽ സിനിമാ സംഘടനകളുടെ യോഗം നടക്കുന്നുണ്ട്. ഇതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
'കമ്മീഷൻസ് ഒഫ് എൻക്വയറി ആക്റ്റ് അനുസരിച്ചല്ല ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് നിയമസഭയിൽ വെയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യു.സി.സി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഹേമയ്ക്ക് മുമ്പാകെ മൊഴി നൽകിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടേണ്ടതില്ലെന്ന നിലപാടാണ് ഡബ്ല്യു.സി.സിക്കുള്ളതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങളും ശുപാർശകളും നടപ്പാക്കുക എന്നതിനാണ് പ്രാമുഖ്യം. അതിനാണ് സർക്കാർ ശ്രമിക്കുന്നത്'', ഇക്കാര്യമാണ് താൻ ഡൽഹിയിലെ സംവാദത്തിൽ പറഞ്ഞതെന്നും രാജീവ് വ്യക്തമാക്കി.
പേരുകളും മൊഴികളും ഒന്നും പുറത്ത് അതേ നിലയിൽ പുറത്താവുന്ന നിലയുണ്ടാവില്ലല്ലോ എന്ന ആശങ്ക കൂടിക്കാഴ്ചയിൽ മന്ത്രിയോട് പങ്കുവച്ചിരുന്നു. അത് മന്ത്രി ഈ നിലയിൽ വ്യാഖ്യാനിച്ചത് എങ്ങനെ എന്ന് അറിയില്ല. ഉള്ളടക്കം പുറത്ത് വരണം എന്നാണ് നിവേദനത്തിലെ ആവശ്യം. ഇക്കാര്യം തന്നെയാണ് വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് നൽകി നിവേദനത്തിലും പറയുന്നത് എന്നും ദീദി ദാമോദരൻ പറയുന്നു. ഇരയുടെ പേര് രഹസ്യമാക്കി ഉള്ളടക്കം പുറത്തുവിടണമെന്നതാണ് ഡബ്ല്യുസിസിയുടെ ആവശ്യം. ഇക്കാര്യത്തിൽ ഡബ്ല്യുസിസിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ചാണ്. കൊച്ചി-കോഴിക്കോട് ലോബികൾ ഡബ്ല്യുസിസിയിൽ ഇല്ലെന്നും അവർ വിശദീകരിക്കുന്നു.
കൊച്ചിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചതാണ്. തൃക്കാക്കര എം എൽ എ ആയിരുന്ന അന്തരിച്ച പി ടി തോമസിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ആ സംഭവം ഒരു വാർത്ത തന്നെയായതും കേസ് എടുത്ത് അന്വേഷണം നടത്തിയതും. ഏതാണ്ടെല്ലാ കക്ഷി നേതാക്കൾക്കും ഇക്കാര്യം മൂടിവെക്കാനായിരുന്നു താത്പര്യം എന്നതൊരു രഹസ്യമല്ല. തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിൽ സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ പറ്റി ഒട്ടനവധി വെളിപ്പെടുത്തലുകൾ ഉണ്ടായി. കൊച്ചിയിലെ സംഭവത്തിന് ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ 'വുമൺ ഇൻ സിനിമ കളക്ടീവ്' നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ സർക്കാർ നിയോഗിക്കുന്നത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ.
മലയാള സിനിമാ രംഗത്തെ പ്രവർത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവർ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപോർട്ട് സമർപ്പിക്കാനാണ് ഹേമ കമ്മീഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ ഏതാണ്ട് രണ്ട് വർഷത്തോളം സമയമെടുത്താണ് ഹേമ കമ്മീഷൻ അവരുടെ റിപോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഹേമ കമ്മീഷനായി സർക്കാർ പുറപ്പെടുവിച്ച ഏഴ് നിബന്ധനകൾ (ടേംസ് ഓഫ് റഫറൻസ്) പ്രകാരം സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, മെച്ചപ്പെട്ട ശമ്പള പാക്കേജ്, സേവന വ്യവസ്ഥകൾ, അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് കമ്മീഷൻ അന്വേഷിക്കേണ്ടിയിരുന്നത്.
2019 ഡിസംബർ 31 മുതൽ സർക്കാർ പുറത്തുവിടാതെ ഫയലിൽ വിശ്രമിക്കുകയാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ചും അതിക്രമത്തെക്കുറിച്ചും വിശദമായി പഠിച്ച് തയ്യാറാക്കിയ റിപോർട്ട്. റിപോർട്ടിന്മേൽ സർക്കാർ നടപടിയുണ്ടായാൽ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാൻ കഴിയുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ഉറപ്പിച്ച് പറയുമ്പോഴും ഹേമ കമ്മിറ്റി റിപോർട്ട് ടേബിൾ ചെയ്യാനോ നടപടിയെടുക്കാനോ സർക്കാർ ശ്രമിക്കുന്നില്ല. ഇതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന.
മറുനാടന് മലയാളി ബ്യൂറോ