- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ 'അമ്മ'യ്ക്ക് എതിർപ്പില്ലെന്ന് സിദ്ദിഖ്; സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യാനില്ലെന്നും അമ്മ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിച്ച് ഡബ്ല്യൂസിസിയും; നിസാരമായി തയ്യാറാക്കിയ നിർദേശങ്ങൾ, ചർച്ച നിരാശാജനകം; ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വിളിക്കണമെന്നും വനിതാ സംഘടന
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് താരസംഘടനയായ അമ്മ. സംഘടയിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കാനാണ് അമ്മ സംഘടനയെന്നും സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണമാണ് വേണ്ടതെന്നും അമ്മ ട്രഷറർ സിദ്ദിഖ് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സിനിമ സംഘടനകളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അമ്മ പ്രതിനിധികൾ.
ഹേമ കമ്മിറ്റി രൂപീകരിച്ചത് തന്നെ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ്. അതുകൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട് കൂടുതൽ നിർദേശങ്ങൾ വെക്കാനുള്ളതും അവർക്കാണ്. അമ്മയെ സംബന്ധിച്ചിടത്തോളം പ്രത്യേക നിർദേശങ്ങൾ വെക്കാനില്ലെന്നും സിദ്ദിഖ് പറഞ്ഞു.
സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അമ്മ സംഘടനക്ക് യാതൊരു എതിർപ്പും ഇല്ല. സർക്കാരാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. സർക്കാരിന്റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതിൽ അനുകൂല സമീപനമാണുള്ളത്. സംഘടനയിൽ വരുന്ന പരാതികൾ പരിഹരിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അല്ലാതെ സിനിമ മേഖലയിൽ ഉയരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണമാണ് ഉണ്ടാകേണ്ടത്. നിയമനിർമ്മാണം നടത്തുന്നതുവരെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളിലും അമ്മ സംഘടന ഇടപെടും.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിച്ച് ഡബ്ല്യൂസിസിയും രംഗത്തുവന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി. റിപ്പോർട്ട് പുറത്ത് വിടില്ലെന്ന സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ഡബ്ല്യു.സി.സി നിലപാട് വ്യക്തമാക്കിയത്. സർക്കാരുമായി നടത്തിയ ചർച്ച നിരാശാ ജനകമായിരുന്നെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വിളിക്കണമെന്ന് ഡബ്ല്യു.സി.സി പറഞ്ഞു.
ചർച്ചയിൽ ഒന്നും തീരുമാനമായിട്ടില്ല. വളരെ സമയമെടുത്ത് സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. രഹസ്യാത്മകത നിലനിർത്തി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടത്. മന്ത്രി പറയുന്നത് റിപ്പോർട്ടിൽ രഹസ്യമായി സൂക്ഷിക്കേണ്ട ഭാഗമുണ്ടെന്നാണ്. ഇന്നത്തെ മീറ്റിംഗിൽ വ്യക്തതകുറവുണ്ട്. ഇത്രയും പണവും സമയവും കൊടുത്ത് ഉണ്ടാക്കിയ റിപ്പോർട്ടിനകത്തുള്ള കണ്ടെത്തലുകളും നിരീക്ഷണങ്ങളും എന്താണെന്ന് മനസിലാകാതെ ഇതിലെ റെക്കമെൻഡേഷൻസിനെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്നും ഡബ്ല്യു.സി.സി പ്രതിനിധികൾ ചോദിച്ചു.
'നിർദേശങ്ങൾ പോലും നിരാശാജനകമാണ്. വളരെ നിസാരമായി കണ്ടു കൊണ്ട് തയ്യാറാക്കിയ നിർദേശങ്ങളാണ്. വായിച്ചാൽ മനസിലാകും. സർക്കാർ ഒരുപാട് സമയമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ട് ആണിത്. അടൂർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതുപോലെ ഇതും പുറത്ത് വിടണം,' ഡബ്ല്യുസിസി പ്രതിനിധി പത്മപ്രിയ പറഞ്ഞു.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന്റെ അടിസ്ഥാനമെന്താണ് എന്നാണ് സജി ചെറിയാൻ ചോദിച്ചത്. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കണം. അതാണ് നമുക്ക് വേണ്ടത്. അതിനൊരു നിയമമാണ് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതുകൊണ്ട് ഈ പറയുന്നവർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ. അതൊക്കെ വേറെ ഉദ്ദേശ്യം കൊണ്ടാണെന്നാണ് സജി ചെറിയാൻ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ