കൊച്ചി: മലയാള സിനിമയിൽ എന്തും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ അമ്മ നടപടി എടുക്കാത്തതാണ് എല്ലാത്തിനും കാരണം. സിനിമയിലെ വനിതാ കൂട്ടായ്മ ഇതുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം വിളിച്ചപ്പോൾ രേവതിയും പാർവ്വതിയും പത്മപ്രിയയും സംഘടനയിൽ നിന്ന് രാജി വയ്ക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. രാജി വയ്ക്കാതെ സംഘടനയിൽ നിന്ന് പോരാട്ടം തുടരുമെന്ന് അവർ വ്യക്തമാക്കി. വിങ്ങിപൊട്ടിയും പൊട്ടിത്തെറിച്ചും നടത്തിയ വാർത്താ സമ്മേളനത്തിൽ മലയാള സിനിമാ ലോകം ഞെട്ടി. രാജിവെച്ച് പുറത്ത് പോകുന്നതു പോലെയല്ല ഉള്ളിലിരുന്ന് പോരാടുക എന്നത്. കളി തുടങ്ങിയതേയുള്ളൂ. ഇനി ആണധികാര കേന്ദ്രങ്ങളും താര അപ്രമാദിത്വവും കുലുങ്ങുക തന്നെ ചെയ്യും. വരാനിരിക്കുന്നത് വലിയ വിസ്ഫോടനമാണ്-ഇതാണ് വാർത്താ സമ്മേളനത്തിൽ ഉയർന്ന വികാരം.

ഡബ്ല്യുസിസി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര സംഘടനകൾ ഉടൻ സംയുക്ത യോഗം ചേർന്നേക്കും. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണ് സംയുക്ത യോഗത്തിന് ഒരുങ്ങുന്നത്. പരാതികളിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് അമ്മ, ഫെഫ്ക സംഘടനകളുടെ നേതൃത്വം വഹിക്കുന്ന മോഹൻലാൽ, ബി.ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ തുടങ്ങിയവർക്കെതിരെ ഡബ്ല്യുസിസി അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണു യോഗം. പരസ്യ പ്രതികരണം നടത്തിയവരെ സംഘടനയിൽ നിന്ന് പുറത്താക്കിയേക്കും. സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന മലയാള സിനിമയുടെ ഞെട്ടിക്കുന്ന പുരുഷാധിപത്യ മുഖമാണ് വനിതാ കൂട്ടായ്മ ചർച്ചയാക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ അമ്മ തീരുമാനമെടുക്കൂവെന്നാണ് സൂചന.

'ഞങ്ങൾ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേൽക്കപ്പെട്ടിരിക്കുന്നു, അതിൽ കടുത്ത അമർഷവും ഞങ്ങൾക്കുണ്ട്' എന്നാണ് നടി പാർവ്വതി തിരുവോത്ത് പത്രസമ്മേളനത്തിനിടയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ആ എതിർപ്പും അമർഷവും കറുത്ത വസ്ത്രമണിഞ്ഞും ഉറക്കെ ശബ്ദമുയർത്തിയും അവറോരോരുത്തരും ഇന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു. ഒരിക്കൽ പേര് പോലും പറയാതെ നടിമാർ എന്നാണ് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പാർവ്വതിയെയും രേവതിയെയും അഭിസംബോധന ചെയ്തിരുന്നത്.എന്നാൽ അമ്മയുടെ പ്രസിഡന്റ് തങ്ങളെ വെറും നടിമാർ എന്ന് ചുരുക്കി കളഞ്ഞതിൽ തങ്ങൾക്ക് വലിയ പ്രതിഷേധമുണ്ടെന്ന് എത്ര ആർജ്ജവത്തോടെയും സർഗ്ഗാത്മകമായും ആണ് അവർ ഇന്ന് വ്യക്തമാക്കിയത്. ഇത്ര നാളും കാത്ത് നിന്നത് നീതി കിട്ടുമെന്നു കരുതി തന്നെയായിരുന്നു. എന്നാൽ എല്ലാം നാടകമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കിയെന്നും സമയം നീളുന്തോറും പോരാട്ടത്തിന്റെ വേഗവും ശക്തിയും കൂടുമെന്ന മുന്നറിയിപ്പും ഡബ്ല്യുസിസിയുടെ പത്രസമ്മേളനം നൽകി. മീടൂ കാമ്പൈനിന്റെ അലയൊലികൾ മലയാള സിനിമയിലും ആഞ്ഞടിക്കുമെന്ന സൂചനകൾ സിനിമയിലെ വനിതാ നേതാക്കൾ നൽകി.
#MeToo കാമ്പയിനിൽ ചേർന്നു കൊണ്ട് തുറന്നു പറച്ചിലുകൾ നടത്തിയവർക്കൊപ്പമാണ് ലോകമെമ്പാടുമുള്ള സിനിമാ ഇൻഡസ്ട്രികൾ നിലകൊള്ളുന്നത്. ആമിർഖാനും അക്ഷയ്കുമാറും കരാറൊപ്പിട്ട തങ്ങളുടെ സിനിമകളിൽ നിന്ന് പോലും ആരോപണവിധേയരെ മാറ്റി നിർത്തി.കുറ്റാരോപിതർ ഉൾപ്പെട്ട ടിവി ഷോകൾ ഹോട്സ്റ്റാർ അവസാനിപ്പിക്കുകയും ആരോപിതർ അഭിനയിക്കുന്ന ചിത്രങ്ങൾ ഫാന്റം ഫിലിംസ് പോലുള്ള കമ്പനികൾ വേണ്ടെന്ന് വെക്കുകയും ചെയ്തു. അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടന്മാരുടെ സംഘടനയായ സിന്റാ (സിഐഎൻടിഎഎ) ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സിനിമാ മേഖലയിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ, സ്ത്രീ വിരുദ്ധ നീക്കങ്ങൾ അനുവദിക്കില്ലെന്ന നിലാപാടാണ് ബോളിവുഡ് കൈക്കൊണ്ടത്. എന്നാൽ മലയാള സിനിമാ ലോകത്തിന്റെ നിലപാടെവിടെയെന്നാണ് പത്ര സമ്മേളനത്തിനെത്തിയ മലയാള സിനിമാ മേഖലയിലെ ശക്തരായ സ്ത്രീകളോരോരുത്തരും ചോദിച്ചത്.

ഇവിടെ ആരോപിതനായ ദിലീപ് എന്ന നടൻ മിടൂ ക്യാമ്പയിനിലൂടെ ചൂണ്ടിക്കാട്ടപ്പെട്ട കുറ്റാരോപിതൻ അല്ല. കേരള പൊലീസ് അന്വേഷിച്ച ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. മൂന്ന് തവണ കോടതി ജാമ്യം നിഷേധിച്ച പ്രതി. എന്നിട്ടും മലയാള സിനിമയിലെ മുൻനിര സംവിധായകനായ ബി ഉണ്ണിക്കൃഷ്ണൻ ദിലീപിനെ വെച്ച് പുതിയ സിനിമ ചെയ്യുകയാണ്. സഹപ്രവർത്തക നേരിട്ട ലൈംഗികാതിക്രമത്തിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതിക്ക് നേരെ സിംപതിയും തുണയും നിലപാടും എടുത്ത സംഘടനയിലെ അനീതിക്കെതിരേ അങ്കം കുറിച്ചില്ലെങ്കിൽ ചരിത്രത്തിൽ മലയാളം സിനിമാ മേഖലയുടെ സ്ഥാനം എവിടെയായിരിക്കും എന്ന തിരിച്ചറിവുള്ളവരാണ് പ്രതികരിച്ചിരിക്കുന്നത്. 17കാരിയായ പെൺകുട്ടി നേരിട്ട അനുഭവത്തെ കുറിച്ചും നടി രേവതിയും ചില വെളിപ്പെടുത്തലുകൾ നടത്തി. ഇത്രയേറെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടും അത് പുറത്ത വരുന്നില്ലെന്നതും നടപടികളുണ്ടാവില്ലെന്നതും ചൂണ്ടിക്കാണിക്കാനായിരുന്നു ആ വെളിപ്പെടുത്തലുകൾ. പൊലീസ് ചോദിച്ചാൽ എല്ലാം പറയുമെന്നും രേവതി കൂട്ടിച്ചേർത്തു.

ഇനിയും സാങ്കേതികമായ പടു ന്യായങ്ങളിൽ കടിച്ചു തൂങ്ങാതെ ദിലീപിനെ പുറത്താക്കുന്ന കാര്യത്തിൽ നിലപാടെടുക്കണം എന്ന തന്നെയാണ് അവർ ആവർത്തിച്ചു പറഞ്ഞത്. 'തിലകനെ പുറത്താക്കിയത് ഒരു ജനറൽ ബോഡിയും കൂടാതെയാണ്. ദിലീപിന്റെ കാര്യം വരുമ്പോൾ മാത്രം എന്താണ് ഇത്തരം സാങ്കോതിക ന്യായങ്ങൾ' എന്ന് ചോദിച്ചത് രേവതിയാണ്.എന്റെ സുഹൃത്തുക്കളുടെ മക്കളിൽ പലരും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അവർക്കായി ഈ മേഖലയെ സ്ത്രീ സൗഹൃദമാക്കണം സുതാര്യമാക്കണംയ 'നിയമങ്ങൾ അവർ തന്നെ എഴുതുന്നു, അവർ തന്നെ തിരിച്ചെടുക്കുന്നു.പച്ചയായി പറഞ്ഞാൽ എല്ലാം നാടകങ്ങൾ' എന്ന ഗുരുതര ആരോപണമാണ് വനിതാ കൂട്ടായ്മ അമ്മയ്‌ക്കെതിരെ ഉയർത്തുന്നത്.

ആക്രമിക്കപ്പെട്ട നടിയെ സഹായിക്കാത്ത അമ്മ അവരുടെ കേസിൽ ഇടപെടാനും ശ്രമിച്ചു. നിർവാഹക സമിതി അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാൻ അപേക്ഷ നൽകിയത് ഒരു നിർവാഹക സമിതി അംഗം പറഞ്ഞിട്ടാണ്. നിർവാഹക സമിതി അംഗമായ ബാബുരാജ് യോഗത്തിനിടെ 'ചൂടുവെള്ളത്തിൽ വീണ പൂച്ച' എന്നു വിശേഷിപ്പിച്ചു ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു. തന്റെ സിനിമയിലെ അവസരങ്ങൾ കുറ്റാരോപിതനായ നടൻ ഇല്ലാതാക്കുന്നതായി അക്രമിക്കപ്പെട്ട നടി നേരത്തെയും രാജിക്കത്തിലും അമ്മ നേതൃത്വത്തെ അറിയിച്ചിട്ട് അതിനൊരു മറുപടി പോലും നൽകിയിട്ടില്ല. ഞങ്ങൾക്കു തന്ന മറുപടിയിലും പരാമർശമില്ല. കുറ്റരോപിതനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ താൽപര്യമെന്ത്? പ്രതിയായ നടന്റെ കാര്യത്തിൽ നിയമാവലിയുടെ കാര്യം പറഞ്ഞ് ഒളിച്ചു കളിക്കുന്നവർ രാജിവച്ച നടിമാർക്കു സംഘടനയിലേക്കു തിരികെ വരണമെങ്കിൽ അപേക്ഷ നൽകിയാൽ പരിഗണിക്കാം എന്നാണ് പറയുന്നതെന്നും വനിതാ കൂട്ടായ്മ ചോദിക്കുന്നു.

പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് ആയിരുന്ന ഷെറിൻ സ്റ്റാൻലി എന്നോട് മോശമായി പെരുമാറിയെന്ന നടി അർച്ചന പത്മിനിയുടെ വാക്കുകളും ചില സൂചനകളാണ്. ഫെഫ്ക നേതാക്കളായ ബി.ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടും പരാതിപ്പെട്ടു; ഒന്നും സംഭവിച്ചില്ല. അയാൾ ഇപ്പോഴും സജീവമായി സിനിമയിലുണ്ട്. എനിക്ക് അവസരങ്ങളില്ലാതെയുമായി. വാക്കുകൾ കൊണ്ടുള്ള ഒരു മാനഭംഗത്തിനു വീണ്ടും വിധേയമാകാൻ താൽപര്യമില്ലാത്തതിനാലാണു പൊലീസിൽ പരാതി നൽകാത്തതെന്നും പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെ ഉണ്ണിക്കൃഷ്ണൻ നിഷേധിച്ചിട്ടുണ്ട്.

ഞങ്ങൾക്ക് ഈ വ്യവസായത്തെ നാണം കെടുത്താൻ ഉദ്ദേശ്യമില്ല. എന്നാൽ മിടൂ മുന്നേറ്റത്തിലെ വെളിപ്പെടുത്തലുകൾ പോലുള്ള നിരവധി സംഭവങ്ങൾ ഇവിടെയുമുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ വൈകാതെ അതും പുറത്തു വരിക തന്നെ ചെയ്യും. ഒരു പ്രഷർ കുക്കറിന്റെ അവസ്ഥയിലാണിപ്പോൾ. എപ്പോൾ വേണമെങ്കിലും പൊട്ടാമെന്നും വനിതാ കൂട്ടായ്മ പറയുന്നു.