തൃക്കാക്കര: ലൈംഗികപീഡന പരാതിയെത്തുടർന്ന് യുവസംവിധായകൻ ലിജുകൃഷ്ണയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്യാൻ ഇടയാക്കിയത് ഡബ്‌ള്യു.സി.സിയുടെ ഇടപെടലാണ്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രമായ പടവെട്ട് സംവിധാനം ചെയ്യുന്നത് ലിജുവാണ്. സിനിമയുടെ കണ്ണൂർ മട്ടന്നൂരിലെ ലെക്കേഷനിൽനിന്നാണ് ലിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് കാക്കനാട് കരിമക്കാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനിയറുമായ യുവതി ലിജുവുമായി അടുക്കുന്നത്.

വിവാഹവാഗ്ദാനം നൽകി 2020 ജൂണിൽ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാർട്ട്മെന്റിലും ഡിസംബറിൽ എടത്തലയിലെ ഹോട്ടലിലും 2021 ജൂണിൽ കണ്ണൂരുള്ള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായി യുവതി വനിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സി ക്ക് കൊടുത്ത പരാതിയിൽ പറയുന്നു. പരാതി ഡബ്ല്യു.സി.സി കമ്മിഷണർക്ക് കൈമാറി. ഡബ്‌ള്യു.സി.സി ഭാരവാഹികളായ ഗീതു മോഹൻദാസ്, പാർവതി എന്നിവരുടെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ഒരു ഇന്റേണൽ കമ്മിറ്റി വേണമെന്ന് ഡബ്യൂസിസി പറഞ്ഞു. തങ്ങളുടെ ഈ ആവശ്യത്തെ ശക്തിപ്പെടുത്തുകയാണ് ലിജു കൃഷ്ണയുടെ അറസ്റ്റിലൂടെയെന്ന് ഡബ്ള്യൂ.സി.സി പറഞ്ഞു. കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ലിജു കൃഷ്ണയെ വിലക്കണമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഡബ്ള്യൂ.സി.സി പറയുന്നു.

ആക്രമിക്കപ്പെട്ട യുവതി വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലെഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ള്യൂ.സി.സി പ്രതികരിച്ചത്. കേരള സർക്കാറും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നതെന്ന് കുറിപ്പിൽ പറയുന്നു.

'മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. ഡബ്ള്യൂ.സി.സി അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈക്കൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു,' കുറിപ്പിൽ പറഞ്ഞു.

മലയാളം സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗിക പീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ള്യൂ.സി.സി ആവർത്തിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. 2020-21 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും അക്കാലമത്രയും ബലം പ്രയോഗിച്ച് തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും ലിജു മുതലെടുപ്പ് നടത്തിയെന്നും യുവതി വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് പേജിലെഴുതിയ കുറിപ്പിൽ പറയുന്നുണ്ട്.

2021 ജനുവരിയിൽ താൻ ഗർഭിണിയാണെന്നറിയുകയും ആരോഗ്യം പൂർണമായും തകരുകയും ചെയ്തുവെന്നും എന്നാൽ ഇതറിയിക്കാൻ ലിജുവിനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.