കൊച്ചി: നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കേയാണ് മലയാള സിനിമാ രംഗത്ത് പുതിയതായി രൂപപ്പെട്ട വനിതാ സംഘടനയായ ഡബ്ലുസിസി വാർത്താ സമ്മേളനം വിളിച്ചത്. തങ്ങൾക്ക് മുന്നോട്ട് വയ്ക്കുവാനുള്ള കാര്യങ്ങൾ പറയുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ശരവേഗത്തിലുള്ള ചോദ്യങ്ങൾക്കിടെ 'പറയാൻ അനുവദിക്കണമെന്ന് ' നടിമാർക്ക് അഭ്യർത്ഥിക്കേണ്ടതായും വന്നു. ഡബ്ല്യുസിസി അംഗങ്ങൾ വിമർശനം ഉന്നയിക്കുന്ന താരസംഘടനയായ അമ്മയിൽ നേതൃമാറ്റം വേണമോ എന്ന ചോദ്യത്തിന് നേതൃമാറ്റം ആവശ്യമില്ലെന്നും പകരം അമ്മയുടെ 'നയം' മാറ്റിയാൽ മതിയെന്നുമായിരുന്നു നടി പാർവ്വതിയുടെ പ്രതികരണം.

അടുത്തിടെ ലൈംഗികാരോപണം നേരിട്ട നടൻ മുകേഷിനെക്കുറിച്ച് ചോദിച്ചപ്പോൾ സംഭവത്തിൽ നടപടി വേണമെന്നും ഞങ്ങൾ ടെസ് ജോസഫിനൊപ്പമാണെന്നുമാണ് നടി റീമ കല്ലിങ്കൽ പ്രതികരിച്ചത്. മാധ്യമ പ്രവർത്തരുടെ തുടർച്ചയായുള്ള ചോദ്യങ്ങൾക്കിടെ ശാന്തരാകണമെന്ന് റീമയ്ക്കും പാർവ്വതിക്കും പത്മപ്രിയയ്ക്കും പലതവണ പറയേണ്ടി വന്നിരുന്നു. രേവതി, പത്മപ്രിയ, പാർവതി, ബീന പോൾ, അഞ്ജലി മേനോൻ, അർച്ചന പത്മിനി, റിമ കല്ലിങ്കൽ, ദീദീ ദാമോദരൻ, സജിത മഠത്തിൽ തുടങ്ങിയവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്.

കുറ്റാരോപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവൾക്ക് പിന്തുണ നൽകുന്നില്ലെന്നും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി.അമ്മയുടെ പ്രസിഡന്റ് നടിമാർ എന്ന് ഞങ്ങളെ പരിചയപ്പെടുത്തി.

ഞങ്ങളുടെ മൂന്നുപേരുടെ പേര് പറയാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അത് അപമാനിക്കലാണ് എന്ന പറഞ്ഞാണ് നടിമാർ പത്രസമ്മേളനം തുടങ്ങിയത്. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് നടിമാർ പത്ര സമ്മേളനത്തിൽ പങ്കെടുത്തത്.

വാർത്താ സമ്മേളനത്തിനിടെ നടിമാരുടെ വാക്കുകൾ ഇങ്ങനെ

രേവതി: ഓഗസ്റ്റ് ഏഴിന് ശേഷം മിണ്ടാതിരുന്നത് സംയുക്ത പ്രസ്താവന നൽകാമെന്ന എ.എം.എം.എ എക്സിക്യൂട്ടീവ് ചർച്ചയിലെ ഉറപ്പിന്മേലാണ്

പാർവതി: രാജിക്കത്ത് തയാറാക്കി വെച്ച് ഇടവേള ബാബുവിനെ വിളിച്ചു. അപ്പോൾ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ചർച്ചയ്ക്ക് എത്തിയത്

പാർവതി: അവർ ഞങ്ങളെ കേൾക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് സംസാരിക്കാൻ അനുവദിക്കണമെന്ന് കെഞ്ചേണ്ടി വന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്സ് നോട്ട് അവരെ കേൾപ്പിച്ചതോടെ അവരെല്ലാം നിശബ്ദരായി!

പത്മപ്രിയ: അതിനു ശേഷം ആദ്യ പ്രതികരണം പ്രസിഡന്റിന്റെയായിരുന്നു. ഇരയ്ക്കൊപ്പം നിൽക്കാൻ വ്യക്തിപരമായി തയാറാണെന്നും എന്നാൽ ജനറൽ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോൾ അവൾ അപേക്ഷിച്ചാൽ എക്സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം.

പാർവതി: ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തിൽ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു

പാർവതി: ഓഗസ്റ്റ് 7 ലെ മീറ്റിങ്ങിനിടെ നടന്ന പ്രസ് മീറ്റിൽ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഒരു തീരുമാനം അന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ മൗനം പാലിച്ചു. പക്ഷേ മാധ്യമങ്ങൾ പോയതോടെ അവരുടെ ഭാവം മാറി.

നിയമവശങ്ങൾ നോക്കണമെന്നും 30 ദിവസം വേണമെന്നും പറഞ്ഞു. ഞങ്ങൾ സമ്മതിക്കാത്തതു കൊണ്ട് അത് പത്ത് ദിവസമാക്കി. എന്നാൽ സംയുക്ത പ്രസ്താവന നടത്താതെ സ്വന്തമായി പ്രസ്താവന നടത്തി വഞ്ചിച്ചു.

രേവതി: ഞങ്ങൾ വെച്ച നിർദ്ദേശങ്ങളിൽ രാജിവെക്കുവരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കാമെന്ന് സമ്മതിച്ചെങ്കിലും കുറ്റാരോപിതനായ നടന്നെ പുറത്താക്കുന്നതിൽ മാത്രം നിയമോപദേശം വേണമെന്നാണ് പറഞ്ഞത്. എന്നാൽ, എപ്പോൾ അമ്മ ഇപ്പോൾ ഞങ്ങൾക്ക് നൽകിയിരിക്കുന്ന ഒരാവശ്യവും അംഗീകരിച്ചിട്ടില്ല.

രേവതി: ഞങ്ങൾ ഇപ്പോൾ ഇത് സംസാരിക്കുന്നത് നാളെ വരുന്നവർക്ക് സുരക്ഷിതരായ ഇടമൊരുക്കാൻ

രേവതി: 17 വയസായ ഒരു പെൺകുട്ടി എന്റെ വാതിലിൽ വന്ന് 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാർക്കും ആ അനുഭവമുണ്ടാകരുത്

ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവൾക്കും സമൂഹത്തിനുമിടയിൽ മറ സൃഷ്ടിക്കുന്നത് ശരിയല്ല

രമ്യ നമ്പീശൻ: സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും

മുഖ്യമന്ത്രിയോട് സംസാരിച്ചതനുസരിച്ച് കമ്മിഷൻ രൂപീകരിക്കും

ബീനാ പോൾ: ഇത് തുടക്കം മാത്രം. ആരും രാജിവെക്കുന്നില്ല. മീ ടൂ ക്യാമ്പയിനിങ്ങും തുടങ്ങുന്നില്ല. ഇൻഡസ്ട്രിയെ മികച്ച താക്കാൻ ശ്രമം തുടരുന്നു

പാർവതി: എഎംഎംഎ സന്തുഷ്ട കുടുംബമല്ല; ആ മുഖംമൂടി വലിച്ചുകീറും. അതിനുള്ള വഴിയാണ് ആക്രമിക്കപ്പെട്ട നടി തന്റെ ധീരതയിലൂടെ കാണിച്ചു തന്നത്.

റിമ: ദേശീയ തലത്തിൽ മീ ടൂ ക്യാമ്പയിൻ ശക്തമാകുമ്പോൾ ആമിർ ഖാനും അക്ഷയ് കുമാറുമൊക്കെ എങ്ങനെ നിലപാടെടുക്കുന്നു എന്ന് നമ്മൾ കണ്ടതാണ്.

റിമ : ഇവിടെ ഒരു നടൻ കുറ്റാരോപിതനായപ്പോൾ ഉടൻ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണൻ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നടി പരസ്യമായി ആരോപണമുന്നയിട്ടും ആലോചിക്കാമെന്നാണ് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞത്.

അർച്ചന പത്മിനി: മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ സെറ്റിൽ വച്ച് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷൻ കൺട്രോളറാണ് മോശമായി പെരുമാറിയത്. ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് പരാതി നൽകി.സിനിമയിൽ ചെറിയ റോളുകൾക്ക് ചെയ്യുന്ന ആളാണ്. മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ ഷെറിൻ സ്റ്റാൻലിയിൽ നിന്നും വളരെ മോശമായ അനുഭവമുണ്ടായി. ഫെഫ്കയിൽ രണ്ടു തവണ പരാതി നൽകിയിട്ടും ബി.ഉണ്ണിക്കൃഷ്ണനോ സിബി മലയിലോ ഒരു നടപടിയുമെടുത്തില്ല.

ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ എന്നെ പോലെ ഒരു ചെറിയ ആർട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പൊലീസിൽ പരാതി നൽകാത്തത് എനിക്ക് ജീവിതത്തിൽ മറ്റു കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ടും അവരുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്.

റിമ: മുകേഷ് വിഷയത്തിൽ അമ്മയും സർക്കാരും നിലപാട് വ്യക്തമാക്കണം. ഞങ്ങൾ ടെസ് ജോസഫിനൊപ്പം