കൊച്ചി: മന്ത്രി പി രാജീവിന് അയച്ചകത്ത് പുറത്തുവിട്ടു ഡബ്ല്യൂസിസി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു എന്ന സർക്കാർ വാദത്തിൽ മറുപ്പടിയുമായാണ് ഡബ്ല്യൂസിസി രംഗത്തുവന്നത്. മന്ത്രി പി രാജീവിന് നൽകിയ കത്തിന്റെ പകർപ്പ് വുമൺ ഇൻ സിനിമ കളക്റ്റീവ് പേജിൽ പങ്കുവച്ചുകൊണ്ടാണ് ഡബ്ല്യൂസിസി തങ്ങളുടെ ഭാഗം വിശദീകരിച്ചത്. മന്ത്രി രാജീവുമായി ജനുവരി 21ന് നടത്തിയ യോഗത്തിനു ശേഷമായിരുന്നു കൂട്ടായ്മ ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് കൈമാറിയത്.

സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യർഹമായ വിധം ഇടപെട്ട് പിണറായി സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ പഠന റിപ്പോർട്ടിന്മേൽ കഴിഞ്ഞ രണ്ടു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചെലവിട്ട് രണ്ടു വർഷമെടുത്തു പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പുറത്തു കൊണ്ടുവരികയും വേണ്ട ചർച്ചകൾ നടത്തി പ്രായോഗിക നടപടികൾ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.' എന്നാണ് ഡബ്ല്യൂസിസി കത്തിൽ പരാമർശിക്കുന്നത്.

സ്ത്രീക്ക് നീതി ഉറപ്പാക്കുന്നവർക്കേ സ്ത്രീപക്ഷ കേരളം വാർത്തെടുക്കാനാകൂ. എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തരപരാതി പരിഹാരസമിതികൾ ഏർപ്പെടുത്തണമെന്നും കത്തിൽ പറയുന്നു.

ഡബ്ല്യുസിസി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ (21/01/2022) സമർപ്പിച്ച കത്തിന്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെന്റ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.

അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവൺമെന്റ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.

ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രി പി രാജീവ് ഡബ്ല്യൂസിസിക്ക് എതിരായ വെളിപ്പെടുത്തൽ നടത്തിയത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ തന്നോട് പറഞ്ഞു', എന്ന് പി രാജീവ് പറഞ്ഞത്. 'ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാൻ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ എന്നോട് പറഞ്ഞു', എന്നായിരുന്നു പി രാജീവിന്റെ പ്രതികരണം.