- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിങ്ങളുടെ ലാത്തി കണ്ട് പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല'; ബീഹാറിലെ പൊലീസ് സേന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആജ്ഞാനുവർത്തികളായി മാറിയെന്നും ആർ.ജെ.ഡി നേതാവിന്റെ വിമർശനം; മിലിറ്ററി നിയമങ്ങൾ നിങ്ങൾ പിൻവലിച്ചേ മതിയാകൂ എന്നും തേജസ്വി യാദവ്
പാട്‌ന: ബീഹാറിലെ വിവാദ സായുധ പൊലീസ് നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബീഹാർ മിലിറ്ററി പൊലീസിനെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബിൽ സംബന്ധിച്ച പ്രതിഷേധത്തിനിടെ നിയമസഭയ്ക്കുള്ളിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ലാത്തി ചാർജ്ജിന്റെ പശ്ചാത്തലത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം. പൊലീസ് ജെ.ഡി.യുവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആജ്ഞാനുവർത്തികളായി മാറിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ബീഹാറിലെ പൊലീസ് സേന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ജെ.ഡി.യുവിന്റെയും ആജ്ഞാനുവർത്തികളായി മാറി. എന്നാൽ നിതീഷ് ഒന്ന് മനസ്സിലാക്കൂ, ഞങ്ങൾ ബിജെപിക്കാരല്ല നിങ്ങളുടെ ലാത്തി പേടിച്ചോടാൻ. മിലിറ്ററി നിയമങ്ങൾ നിങ്ങൾ പിൻവലിച്ചേ മതിയാകൂ', തേജസ്വി പറഞ്ഞു.
ചൊവ്വാഴ്‌ച്ചയാണ് ബിഹാർ നിയമസഭയിൽ പൊലീസ് ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചിഴക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. പല പ്രതിപക്ഷ എംഎൽഎമാരെയും സ്ട്രെച്ചറിലാണു പുറത്തേക്കു കൊണ്ടുപോയത്. സ്പീക്കറെ ചേംബറിൽ ബന്ദിയാക്കിയതിനു പിന്നാലെയാണു പൊലീസ് നടപടിയുണ്ടായത്.
സംസ്ഥാന പൊലീസിനു കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിനെ ചൊല്ലിയാണ് ചൊവ്വാഴ്ച ബിഹാർ നിയമസഭയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. എംഎൽഎമാരെ പൊലീസും ഭരണകക്ഷി എംഎൽഎമാരും ചേർന്ന് തലമുടിക്കു പിടിച്ചു വലിക്കുന്നതിന്റെയും തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.
പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാർ സ്പെഷൽ ആംഡ് പൊലീസ് ബിൽ പാസാക്കിയത്. വാറന്റില്ലാതെ ആരെയും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനും പൊലീസിന് അധികാരം നൽകുന്നതാണ് ബിൽ. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
ആർജെഡി എംഎൽഎമാർ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ കസേരയ്ക്കടുത്തേക്ക് പാഞ്ഞെത്തി കടലാസുകൾ കീറിയെറിഞ്ഞു. സ്പീക്കറുടെ ചേംബർ വളഞ്ഞ് പുറത്തേക്കു വിടാതെ അദ്ദേഹത്തെ ബന്ദിയാക്കുന്ന അവസ്ഥയായി. തുടർന്നാണ് പട്ന പൊലീസ് മേധാവി നൂറോളം പൊലീസുകാരെ എത്തിച്ച് എംഎൽഎമാരെ സഭയിൽനിന്നു പുറത്താക്കിയത്.
പോഡിയത്തിൽ കയറി സ്പീക്കറുടെ നടപടികൾ തടസ്സപ്പെടുത്തിയ വനിതാ എംഎൽഎമാരെയും പുറത്താക്കി. ആർജെഡിയുടെയും സിപിഎമ്മിന്റെയും ചില എംഎൽഎമാർ പൊലീസ് നടപടിക്കു ശേഷം അബോധാവസ്ഥയിലായെന്നു റിപ്പോർട്ടുണ്ട്. രൂക്ഷ മർദനമാണ് ഏൽക്കേണ്ടി വന്നതെന്ന് എംഎൽഎമാർ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നിൽവച്ച് ഭരണപക്ഷ എംഎൽഎമാർ തന്റെ കൈ തല്ലിയൊടിച്ചെന്ന് ഒരു ആർജെഡി അംഗം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ