ന്യൂഡൽഹി:അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിട്ട വൻ തിരിച്ചടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ രംഗത്ത്. വികസനത്തിന് പകരം ക്ഷേത്രങ്ങളിൽ ബിജെപി ശ്രദ്ധപതിപ്പിച്ചതാണ് പരാജയകാരണമെന്നാണ് കക്കഡെ അഭിപ്രായപ്പെട്ടത്.

'രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഞങ്ങൾ (ബിജെപി) തോൽക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. എനിക്ക് തോന്നുന്നത് 2014ലേത് പോലെ വികസനത്തിൽ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകൾ, സ്ഥലങ്ങളുടെ പേര് മാറ്റൽ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.' കക്കഡെ അഭിപ്രായപ്പെട്ടു.

'ഛത്തീസ്ഡിലും രാജസ്ഥാനിലും പരാജയപ്പെടുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു. എന്നാൽ മധ്യപ്രദേശിലേത് അപ്രതീക്ഷിതമാണ്. 2014ൽ മോദി ഏറ്റെടുത്ത വികസനമെന്ന കാര്യം നമ്മൾ മറന്നുപോയെന്നാണ് എനിക്ക് തോന്നുന്നത്. രാമക്ഷേത്രം, സ്ഥലപ്പേര് മാറ്റൽ എന്നിവ മാത്രമായി നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചു,' കക്കാഡെ എഎൻഐയോട് പറഞ്ഞു.

ഛത്തീസ്‌ഗഡിൽ കോൺഗ്രസ് അധികാരമുറപ്പിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 15 വർഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് മുന്നേറ്റം ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ്. മിസോറാമിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടപ്പോൾ തെലങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തി.

ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ വൻ മുന്നേറ്റം നടത്തിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. 90 സീറ്റുള്ള ഛത്തീസ്‌ഗഡിൽ 60ൽ അധികം സീറ്റിന് കോൺഗ്രസ് മുന്നിലാണ്. 21 സീറ്റിൽ മാത്രമാണ് ബജെപിക്ക് മുന്നേറാനായത്. എട്ട് സീറ്റിൽ മുന്നിലെത്തിയ ബിഎസ്‌പി മികച്ച നേട്ടമുണ്ടാക്കി.

200 സീറ്റുള്ള രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. രാജസ്ഥാനിൽ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകളിൽ പകുതിയും ബിജെപിക്ക് നഷ്ടപ്പെട്ടു. രാജസ്ഥാനിലെ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിലൂടെ ശ്രദ്ധയാകർഷിച്ച സിപിഎം രണ്ട് സീറ്റിൽ വിജയത്തിനരികിലാണ്. നാല് സീറ്റിൽ മുന്നിലുള്ള ബിഎസ്‌പിയും രാജസ്ഥാനിൽ നേട്ടമുണ്ടാക്കി.