ന്യൂഡൽഹി: 1965 സെപ്റ്റംബറിൽ ആരംഭിച്ച ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധം 17 ദിവസത്തിനുശേഷം അവസാനിച്ചു. 1965 സെപ്റ്റംബർ 22 നാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായത്. ഇരുരാജ്യങ്ങളും യുദ്ധത്തിൽ തങ്ങൾക്കാണ് വിജയമെന്ന് അവകാശപ്പെട്ടെങ്കിലും യഥാർത്ഥ ലക്ഷ്യത്തിലെത്താൻ ആർക്കും സാധിച്ചതുമില്ലെന്ന വിലയിരുത്തലുകൾ ഉണ്ട്. ഈ യുദ്ധത്തിലാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വ്യോമസേനകൾ ആദ്യമായി സജീവമായി പങ്കെടുക്കുന്നത്. അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങി ഇരുകൂട്ടരും യുദ്ധം അവസാനിപ്പിച്ചു. അതുകൊണ്ട് തന്നെ രണ്ട് കൂട്ടരും വിജയം അവകാശപ്പെടുന്നു.

എന്തായാലും ഇന്ത്യൻ എയർ ഫോഴ്‌സും പാക്കിസ്ഥാൻ എയർ ഫോഴ്‌സും നിരവധി തവണ ഈ യുദ്ധത്തിനിടയിൽ ആകാശത്ത് ഏറ്റുമുട്ടി. പാക്കിസ്ഥാന്റെ സാബ്‌റെ ജറ്റുകളും ഇന്ത്യയുടെ നാട്‌സ്, ഹണ്ടേഴ്‌സ് ജറ്റുകളും വ്യോമയുദ്ധത്തിൽ നിർണ്ണയാക പങ്കുവഹിച്ചു. വെടിനിർത്തൽ പ്രഖ്യാപനം വരുന്ന സെപ്റ്റംബർ 22ന് രാത്രിക്ക് ഒരു ദിവസംമുമ്പ് ഇന്ത്യൻ വ്യോമസേനയുടെ കാൻബെറ യുദ്ധവിമാനം പാക്കിസ്ഥാനിലെ ബാദിനിൽ സ്ഥിതി ചെയ്യുന്ന റഡാർ കോംപ്ലക്‌സിൽ പകലാക്രമണം നടത്തി. കാൻബെറ ബോംബർ വിമാനത്തെ തങ്ങൾ തടഞ്ഞതായി പാക്കിസ്ഥാനും അവകാശപ്പെട്ടു. അങ്ങനെ വിജയത്തിൽ പാക്കിസ്ഥാനും ആഘോഷങ്ങൾ നടത്തുന്നു. ഇതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു.

1965 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ ഇന്ത്യയോട് ദാരുണമായി പരാജയപ്പെടുകയായിരുന്നുവെന്ന് പാക്കിസ്ഥാൻ ചരിത്രകാരൻ വിശദീകരിക്കുകയാണ് ഇപ്പോൾ. യുദ്ധത്തിൽ പാക്കിസ്ഥാൻ വിജയിച്ചുവെന്നു പറയുന്നത് വെറും കെട്ടുകഥ മാത്രമാണ്. ഇതിലും വലിയൊരു കള്ളം വേറെയില്ലെന്നും ചരിത്രകാരൻ ഡോ.എസ്. അക്‌ബർ സെയ്ദി പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. 1965 ലെ യുദ്ധത്തിന്റെ 50-ാമത് വാർഷികാഘോഷങ്ങൾ നടക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സെയ്ദിയുടെ പ്രസ്താവനയെന്നതാണ് വസ്തുത. യുദ്ധവിജയാഘോഷം രാജ്യത്തിന്റെ ഓരോ കോണിലും നടക്കുകയാണ്. പാക്കിസ്ഥാൻ യുദ്ധം വിജയിച്ചുവെന്നു പറയുന്നതുപോലെ മറ്റൊരു കള്ളം വേറെയില്ല. 1965 ലെ യുദ്ധത്തിൽ നമ്മൾ ഇന്ത്യയോട് ദാരുണമായി പരാജയപ്പെടുകയാണുണ്ടായതെന്ന് സെയ്ദി പറയുന്നു.

ജനങ്ങൾ ഇക്കാര്യത്തിൽ അജ്ഞരാണ്. കാരണം പാക്കിസ്ഥാന്റെ ചരിത്രം അവരെ പഠിപ്പിക്കുന്നത് പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെയാണ്. പാക്കിസ്ഥാനിലെ ജനങ്ങളുടെ ചരിത്രത്തെക്കുറിച്ചല്ല വിദ്യാർത്ഥികളെയും പഠിപ്പിക്കുന്നത്. മറിച്ച് പാക്കിസ്ഥാൻ എങ്ങനെ രൂപം കൊണ്ടുവെന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാർസികളും ഹിന്ദുക്കളും കറാച്ചിയിൽ വിദ്യാഭ്യാസ വളർച്ചയ്ക്ക് വളരെയധികം സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് പാക്കിസ്ഥാന്റെ അവകാശ വാദങ്ങളാണ്.

1965ലെ യുദ്ധം അവസാനിപ്പിക്കാൻ യു.എൻ രക്ഷാസമിതി രണ്ട് വിഭാഗത്തോടും പ്രമേയം വഴി ആവശ്യപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും സോവിയറ്റ് യൂനിയനിലേക്ക് വിളിപ്പിക്കപ്പെട്ടു (സോവിയറ്റ് യൂനിയൻ ഇന്ത്യയോട് കൂടുതൽ അനുഭാവം പുലർത്തുന്ന പ്രതീതി ഉണ്ടായിരുന്നു). മൂന്നാമതൊരു രാഷ്ട്രത്തിന്റെ മേൽനോട്ടപ്രകാരമുള്ള യുദ്ധവിരാമ സന്ധിയിൽ ഇരുവിഭാഗവും ഒപ്പുവച്ചു. 1965 ഓഗസ്റ്റ് ആറിന് ആരംഭിച്ച് സെപ്റ്റംബർ 22ന് താഷ്‌കന്റിൽ ഒപ്പുവച്ച ഉടമ്പടിയോടെ സമാപിച്ച ഇന്ത്യ-പാക് യുദ്ധത്തിലെ അവകാശ വാദങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ. എന്തായാലും യുദ്ധത്തിൽ തന്ത്രപ്രധാന മേഖലയായ ഹാജി പിർ ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചിരുന്നു.

പാക്കിസ്ഥാനുമായി അസ്വാരസ്യം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യാ-പാക് യുദ്ധത്തിന്റെ സുവർണ ജൂബിലിയെത്തിയിരിക്കുന്നത്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് ഇന്ത്യയിൽ ഇതിന്റെ ഭാഗമായി നടക്കുന്നത്. 1965 ഓഗസ്റ്റ് അഞ്ചിന് 33,000 പാക് സൈനികർ കശ്മീരിൽ നുഴഞ്ഞുകയറ്റം തുടങ്ങിയതോടെയാണ് ഇന്ത്യ പാക് അതിർത്തിയിൽ യുദ്ധ സാഹചര്യം സംജാതമായത്. അതിർത്തി പ്രദേശങ്ങളിലെ കയ്യേറ്റത്തിനൊപ്പം തന്ത്രപ്രധാന പാതയായ ഹാജി പിറും പാക് സൈനികർ പിടിച്ചതോടെ പോരാട്ടം രൂക്ഷമായി. ഓഗസ്ത് 28ന് പാക്കിസ്ഥാൻ പിടിച്ചെടുത്ത ഹാജി പിർ പാത തിരിച്ചുപിടിച്ചെങ്കിലും സെപ്റ്റംബർ ഒന്നായപ്പോഴേക്കും യൂദ്ധം പൂർണ്ണാവസ്ഥയിലേക്ക് എത്തിയിരുന്നു. തുടർന്ന് നിരുപാധിക വെടിനിർത്തലിന് യു.എൻ രക്ഷാസമിതി ആവശ്യപ്പെടുകയും വെടിനിർത്തൽ കരാർ നിലവിൽ വരികയും ചെയ്തു.