തിരുവനന്തപുരം; നാളെ തലസ്ഥാനമൊരുങ്ങുന്നത് നിശബ്ദമായിരുന്നവരുടെ ശബ്ദമാകാനുള്ള 'വി ദി പിപ്പീൾ' സംഗമത്തിന് വേദിയൊരുക്കി. കേരളത്തിൽ മൗലികാവകാശങ്ങൾ പോലും വെല്ലുവിളിച്ചുകൊണ്ട് ചിലർ കടന്നുകയറ്റം നടത്തുന്ന സാഹചര്യത്തിൽ ഒരു സംഘടനയുടെയും കൊടിയുടെയും പിൻബലമില്ലാതെ മൗലികാവകാശങ്ങൾക്കും ഭരണഘടനയ്ക്കും ഒപ്പം നിൽക്കാൻ നാളെ തലസ്ഥാനത്ത് പതിനായിരങ്ങൾ അണിചേരും. 

അവർക്ക് മതത്തിന്റെയോ ജാതിയുടെയോ എന്തിന് രാഷ്ട്രിയത്തിന്റെയോ വേർതിരിവുകൾ ഇല്ല എന്നു തെളിയിക്കുന്നതാകും സംഗമം.നവമാധ്യമ കൂട്ടായ്മയിൽ നിന്നാണ് ഇത്തരത്തിലുള്ള ആശയം ഉടലെടുത്തിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വർഗീയ ചേരിതിരുവുകൾക്ക് ശക്തമായ മറുപടി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

മൗലികാവകാശങ്ങൾ വെല്ലുവിളിക്കുന്നവരോ, ഭരണഘടനയ്‌ക്കൊപ്പം നിൽക്കുന്നവരോ കേരളത്തിൽ എന്ന ചോദ്യത്തിനുള്ള മറുപടിയായിരിക്കും സംഗമം. 'ഒരേ സമയം, ഒരു ദിവസം ഒരുമിച്ച്' പ്രത്യക്ഷമായി നിൽക്കാൻ എത്ര പേർ തയ്യാറുണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് 'വി ദി പിപ്പീൾ' സംഗമം ഉദ്ദേശിക്കുന്നത്.

'we, the people of india' എന്ന ഭരണഘടയുടെ ആമുഖം തുടങ്ങുന്ന ഭാഗമാണ് ഇതിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്. പൗരൻ എന്ന നിലയിൽ, ഒരു സംഘടനയുടെയും കൊടിയുടെ തണലിലല്ലാതെ നടക്കുന്ന ഈ പൗരസംഗമം കേരളത്തിന്റെ മതേതരശബ്ദമായി മാറും. കേരളത്തിൽ ഇതുവരെ ഇക്കാര്യത്തിൽ നിശബ്ദമായിരുന്ന വലിയ വിഭാഗം പേരും ഈ സംഗമത്തിൽ എത്തിച്ചേരും എന്നാണ് നവമാധ്യമ കൂട്ടായ്മ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നടക്കുന്ന കലാപ അന്തരീക്ഷത്തെ സമാധാനമുഖത്തേക്ക് തിരിച്ചു കൊണ്ടുവരുവാനും കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന' സുന്ദരദൃശ്യത്തെ ഇതരസംസ്ഥാനങ്ങളിലുള്ളവർക്ക് വീണ്ടും ബോധ്യപ്പെടുത്തുവാനുമാണ് സംഗമം

എന്താണ് സംഗമം

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയമാണ് വേദി. നാളെ രാവിലെ 10.30ന് എത്തിച്ചേരുന്നവർ, ഭരണഘടനയിലെ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പ്രതിജ്ഞ ചൊല്ലും. തുടർന്ന് പങ്കെടുക്കുന്നവർ ചേർന്ന് 20000 ഓളം മജെന്റാ ബലൂണുകൾ ഒരുമിച്ച് ആകാശത്തേക്ക് പറത്തും. ഭരണഘടനയിലൂടെ നമുക്ക് ലഭിക്കുന്ന മൗലിക അവകാശങ്ങളുടെ സ്വാതന്ത്ര്യത്തെ ഇത് പ്രതീകവൽക്കരിക്കുന്നു.

തുടർന്ന് ഇതിൽ പങ്കെടുക്കുന്ന സാമൂഹ്യ സാംസ്‌കാരികരംഗത്തെ മുഖ്യവ്യക്തികൾ അവരുടെ സന്ദേശം പങ്കുവെയ്ക്കും. ഒപ്പം സംഗീതം, നാടകം, നാടൻ പാട്ടുകൾ, കവിത, കഥ, ചിത്രമെഴുത്ത് എന്നിവയും ഇടവിട്ട് വേദിയിൽ അരങ്ങേറും. വൈകുന്നേരത്തോടെ ഒരു മ്യൂസിക് ബാന്റും മെഴുകുതിരി തെളിക്കലും ചെയ്ത് പൗരസംഗമം സമാപിക്കും.