ന്യൂഡൽഹി: അച്ഛന്റെ ജീവത്യാഗത്തിന് പകരമായി മകൾ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം. അച്ഛനെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ ക്രൂരതയ്ക്ക് പകരമായി 50 പാക്കിസ്ഥാനികളുടെ തല കൊയ്യണം. ജമ്മു കാശ്മീരിലെ കൃഷ്ണാ ഘട്ടിയിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗറിന്റെ മകൾ സരോജയാണ് അച്ഛന്റെ വീരമൃത്യുവിന് പാക്കിസ്ഥാന് തക്കശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ടത്.

പിതാവിന്റെ ധീരമരണം വൃഥാവിലാകരുതെന്നും പ്രേം സാഗറിന്റെ മകൾ സരോജ് ആവശ്യപ്പെട്ടു. രാജ്യത്തിനായി ജീവൻ ത്യജിച്ച സഹോദരനെയോർത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരൻ ദയാശങ്കർ വ്യക്തമാക്കി. അതേസമയം, പാക്ക് സൈന്യം തന്റെ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, പ്രവർത്തിയാണ് തങ്ങൾക്കു വേണ്ടതെന്ന് വ്യക്തമാക്കി കശ്മീരിൽ വീരമൃത്യു വരിച്ച സുബേധാർ പരംജീത് സിങ്ങിന്റെ സഹോദരൻ രംഗത്തെത്തി. പാക്കിസ്ഥാന്റെ മുഴുവൻ ജനസംഖ്യയേക്കാൾ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവർത്തിച്ച് അവകാശപ്പെടുന്നു. എങ്കിൽപ്പിന്നെ തിരിച്ചടിക്കാൻ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും എന്തു ചെയ്യുകയാണ്? പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസയുമായി പാക്കിസ്ഥാനിലേക്കു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയും പരംജീതിന്റെ സഹോദരൻ രൻജീത് വിമർശിച്ചു.

കഴിഞ്ഞ നവംബറിൽ നടത്തിയ മിന്നലാക്രമണം പോലെ കൂടുതൽ ആക്രമണങ്ങൾ നടത്തി പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്നും രൻജീത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ പാക്കിസ്ഥാനിലേക്കു പോയി 100 സൈനികരുടെ ശിരസറുത്തുകൊണ്ടു വരാൻ ഞാൻ തയാറാണ്. വിട്ടുവീഴ്ചകളേക്കുറിച്ച് മാത്രമാണ് നമ്മുടെ നേതാക്കന്മാർ ചിന്തിക്കുന്നത്. വാചകമടിച്ചിട്ട് കാര്യമില്ല. തിരിച്ചടിക്കാൻ ഉത്തരവിടണം അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് അതിർത്തിയിൽ നുഴഞ്ഞുകയറിയ പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം രണ്ട് ഇന്ത്യൻ സൈനികരെ ശിരഛേദം ചെയ്തത്. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.