ഇസ്ലാമാബാദ്/ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടന്നതിയ സർജിക്കൽ അറ്റാക്കിന്റെ പശ്ചാത്തലത്തിൽ പരാതിയുമായി പാക്കിസ്ഥാൻ യുഎന്നിലെത്തി. ആക്രമണം പരമാവധി സംയമനം പാലിക്കുമെന്നും പ്രകോപനം തുടർന്നാൽ ഇന്ത്യയ്ക്ക് എതിരെ തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രസമിതിയിലാണ് പാക് പ്രതിനിധി മലിഹ ലോധി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ നിയന്ത്രണരേഖ കടന്ന് ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിലും ആവർത്തിച്ചു.

വിഷയം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗവും പാർലമെന്റിന്റെ സംയുക്ത സമ്മേളനവും പാക്കിസ്ഥാൻ വിളിച്ചുചേർത്തിട്ടുണ്ട്. അതെസമയം പാക്കിസ്ഥാനെതിരെ അമേരിക്ക വീണ്ടും മുന്നറിയിപ്പുമായെത്തി. യുഎൻ ഭീകരരായി പ്രഖ്യാപിച്ചവർക്കെതിരെ പാക്കിസ്ഥാൻ നടപടികൾ കൈക്കൊള്ളണമെന്നും ഇരുരാജ്യങ്ങൾക്കിടയിലുണ്ടായ സംഘർഷം നിയന്ത്രിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങൾക്കിടയിൽ സംഘർഷം ഇല്ലാതാക്കാനുള്ള ചർച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി. ഭീകര വിരുദ്ധ പോരാട്ടങ്ങളെ പിന്തുണക്കുന്നതിനൊപ്പം ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധവും അമേരിക്ക വിലകൽപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം പാക്കിസ്ഥാൻ പിടിയിലായ ഇന്ത്യൻ സൈനികനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. സൈനികനെ സുരക്ഷിതമായി മോചിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. വെള്ളിയാഴ്ചയായിരുന്നു 22 വയസുകാരനായ ചന്തു ബാബുലാൽ ചൗഹാൻ പാക്കിസ്ഥാന്റെ പിടിയിലായത്. പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് മണിക്കൂറുകൾക്കകമായിരുന്നു മഹാരാഷ്ട്രക്കാരനായ ചന്തു ബാബുലാൽ ചൗഹാൻ പാക് പിടിയിലായത്. 37 രാഷ്ട്രീയ റൈഫിൾസിലെ അംഗമാണ് ചന്തു ബാബുലാൽ. ജന്ധ്‌റൂട്ട് മേഖലയിൽ നിന്നാണ് സൈനികനെ പാക് സൈന്യം പിടികൂടിയതെന്നാണ് വിവരം.

അബദ്ധത്തിൽ അതിർത്തി ലംഘിച്ചതിനാണ് ചന്തു ബാബുലാലിനെ പാക്കിസ്ഥാൻ പട്ടാളം പിടികൂടിയത്. പ്രദേശവാസികളും സൈനികരും അബദ്ധത്തിൽ അതിർത്തി ലംഘിക്കുന്നത് പതിവാണെന്നും ഇവരെ ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ തിരികെ എത്തിക്കാറുണ്ടെന്നും സൈന്യം അറിയിച്ചിരുന്നു. അതേസമയം ഏറ്റുമുട്ടലിൽ എട്ടു ഇന്ത്യൻ സൈനികരെ വധിച്ചെന്നാണ് പാക് മാദ്ധ്യമങ്ങളിലെ അവകാശവാദം. എന്നാൽ ഈ റിപ്പോർട്ടുകൾ സൈന്യം നിഷേധിച്ചു. പാക് ചാനലുകളിൽ കാണിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും സൈന്യം വ്യക്തമാക്കി.

അതിർത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ ഇന്നലെ രാത്രി വീണ്ടും വെടിവെയ്‌പ്പുണ്ടായിരുന്നു. ജമ്മു കശ്മീരിലെ അഖ്‌നൂർ മേഖലയിലാണ് പാക് സേന വെടിയുതിർത്തത്. സൈനിക പോസ്റ്റുകൾ സ്ഥിതി ചെയ്യുന്ന അഖ്‌നൂരിൽ ഇന്നലെ രാത്രിയുണ്ടായ ആക്രമണം ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇത് അഞ്ചാം തവണയാണ് ഈ മേഖലയിൽ രണ്ടുദിവസത്തിനിടെ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.