രിദ്രരാജ്യമെന്ന് ഇനി ഇന്ത്യയെ വിശേഷിപ്പിക്കാനാവില്ലെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ന്യൂ വേൾഡ് വെൽത്ത് തയ്യാറാക്കിയ പുതിയ റിപ്പോർട്ടനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ പട്ടികയിൽ 5200 ബില്യൺ ഡോളറിന്റെ വരുമാവുമായി രാജ്യത്തിന് ഏഴാം സ്ഥാനമാണുള്ളത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ സ്വത്ത് 48,700 ബില്യൺ ഡോളറാണ്. സമ്പത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇത്രയും ഉന്നത സ്ഥാനത്താണെങ്കിലും ഇവിടുത്തെ ഉയർന്ന ജനസംഖ്യ കാരണം അത് ഫലത്തിൽ കാണാത്ത അവസ്ഥയാണെന്നും പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇന്നും പാവപ്പെട്ടവരുടെ പട്ടികയിൽ തന്നെയാണ്. എന്നാൽ ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഓസ്‌ട്രേലിയ, ഇറ്റലി എന്നിവയെ മറികടന്നാണ് ഇന്ത്യ കുതിക്കുന്നതെന്നും പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ന്യൂ വേൾഡ് ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളുടെ അഥവാ ഡബ്ല്യൂ10 പട്ടികയിലാണ് ഇന്ത്യ ഏഴാംസ്ഥാനത്തെത്തിയിരിക്കുന്നത്. എന്നാൽ ഉയർന്ന ജനസംഖ്യയുള്ളതിനാൽ ഇവിടുത്തെ ശരാശരി ഇന്ത്യക്കാർ ഇന്നും പാവപ്പെട്ടവരായി തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ 15 വർഷങ്ങളായി രാജ്യം ശക്തമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ന്യൂ വേൾഡ് വെൽത്ത് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.കഴിഞ്ഞ 15 വർഷങ്ങൾക്കിടെ അതായത് 2000ത്തിനും 2015നും ഇടയിൽ ഏറ്റവും ശക്തമായ വളർച്ച കൈവരിച്ച ഡബ്ല്യൂ 10 രാജ്യമാണ് ചൈന. എന്നാൽ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ ഇക്കഴിഞ്ഞ വർഷം ഇറ്റലിയെ മറികടന്നിരുന്നു. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ഓസ്‌ട്രേലിയ, കാനഡ എന്നിവ വളർച്ചയുടെ കാര്യത്തിൽ ഇറ്റിലിയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയാണ് ഈ ലിസ്റ്റിൽ രണ്ടാംസ്ഥാനത്തുള്ളത്. ഇവിടെ മൊത്തം സമ്പത്ത് 17,300 ബില്യൺ ഡോളറാണ്. മൂന്നാംസ്ഥാനത്തുള്ള ജപ്പാന്റെ സമ്പത്ത് 15,200 ബില്യൺ ഡോളറാണ്. 9400 ബില്യൺ ഡോളറുമായി ജർമനിയും 9200 ബില്യൺ ഡോളറുമായി യുകെ അഞ്ചാംസ്ഥാനത്തും നിലകൊള്ളുന്നു. ആറാം സ്ഥാനത്തുള്ള ഫ്രാൻസിന്റെ സമ്പത്ത് 7600 ബില്യൺ ഡോളറും എട്ടാം സ്ഥാനത്തുള്ള ഇറ്റലിയുടേത് 5000 ബില്യൺ ഡോളറും ഒമ്പതാം സ്ഥാനത്തുള്ള കാനഡയ്ക്ക് 4800ബില്യൺ ഡോളറും പത്താം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടേത് 4500 ബില്യൺ ഡോളറുമാണ്. ഓസ്‌ട്രേലിയയിൽ വെറും 22 മില്യൺ പേർ മാത്രമേയുള്ളൂവെന്നതിനാൽ രാജ്യത്തിന്റെ റാങ്കിങ് ആകർഷകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം ഇൻഡിവിജ്വൽ വെൽത്ത് കണക്കാക്കുന്നത് ഓരോ രാജ്യത്തുമുള്ള എല്ലാ വ്യക്തികളുടെയും കൈവശമുള്ള ധനം പരിഗണിച്ചാണ്. ഒരു വ്യക്തിയുടെ നെറ്റ് അസെറ്റുകളിൽ നിന്നും കടബാധ്യത കിഴിച്ചിട്ടാണ് ഇവിടെ വെൽത്ത് കണക്കാക്കിയിരിക്കുന്നത്. ഇതിൽ പ്രോപ്പർട്ടി, പണം, ഇക്യുറ്റി, ബിസിനസ് ഇന്ററസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ സർക്കാർ ഫണ്ടുകളെ ഇതിൽ നിന്നുമൊഴിവാക്കിയിട്ടുണ്ട്.