മെൽബൺ: ഉയർന്ന വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് പബ്ലിക് സ്‌കൂളുകളിൽ ഫീസ് നൽകേണ്ടി വരുമെന്ന തരത്തിലുള്ള വിവാദങ്ങൾക്ക് ചൂടുപിടിക്കുന്നു. അതേസമയം ഉയർന്ന വരുമാനക്കാരായ മാതാപിതാക്കളുടെ കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കുകയെന്നത് സർക്കാർ പോളിസിയല്ലെന്നും ഇത്തരത്തിൽ ഫീസ് ഈടാക്കുന്നതിന് താൻ വ്യക്തിപരമായി എതിരാണെന്നും എഡ്യൂക്കേഷൻ മിനിസ്റ്റർ ക്രിസ്റ്റഫർ പൈൻ രംഗത്തെത്തിയതോടെ ഇതുസംബന്ധിച്ച ചർച്ചകൾക്ക് ആഴമേറിയിരിക്കുകയാണ്.

അതേസമയം പബ്ലിക്ക് സ്‌കൂളുകളിൽ ഉയർന്ന വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കുന്നതു സംബന്ധിച്ച് സംസ്ഥാന, ടെറിട്ടറി സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് പ്രസ്താവിച്ചിട്ടുണ്ട്. ഫെഡറൽ സർക്കാർ കൊണ്ടുവന്ന ഈ പരിഷ്‌ക്കാരത്തിന് പക്ഷേ എല്ലാ ഭാഗത്തു നിന്നും എതിർപ്പുകൾ നേരിടേണ്ടതായി വന്നിരിക്കുകയാണ്. സ്‌കൂൾ ഫണ്ടിങ് സംബന്ധിച്ച് അതാത് സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും ഉയർന്ന വരുമാനക്കാരായ മാതാപിതാക്കളുടെ കുട്ടികളിൽ നിന്ന് പബ്ലിക് സ്‌കൂളുകളിലേക്ക് ഫീസ് ഈടാക്കണമെന്നുണ്ടെങ്കിൽ അതിന് സർക്കാർ എതിരു നിൽക്കില്ല എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കികിയിരിക്കുന്നത്. എന്നാൽ ഇതിന് വിദ്യാഭ്യാസ മന്ത്രി എതിർപ്പു പ്രകടിപ്പിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.

പബ്ലിക് സ്‌കൂളുകളിൽ സൗജന്യവിദ്യാഭ്യാസം സംബന്ധിച്ച് തുറന്ന ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ് പുതിയ വിവാദം. പബ്ലിക് സ്‌കൂളുകളിലേക്കുള്ള ഫണ്ടിങ് മൂലം വർഷം രണ്ടു ബില്യൺ ഡോളറാണ് സർക്കാർ ചെലവ്. തന്മൂലം പബ്ലിക് സ്‌കൂളുകളിലേക്കുള്ള ഫണ്ടിങ് നിർത്തലാക്കാനാണ് ഫെഡറൽ സർക്കാർ ആലോചന. ഫണ്ടിങ് നിർത്തലാക്കുന്നതോടെ സ്‌കൂളുകൾക്ക് സാമ്പത്തിക സ്രോതസ് കണ്ടെത്താനുള്ള വഴികളിലൊന്നാണ് ഉയർന്ന വരുമാനക്കാരായ മാതാപിതാക്കളുടെ കുട്ടികളിൽ നിന്ന് ഫീസ്  ഈടാക്കുകയെന്നത്.

സാമ്പത്തിക സ്രോതസ് കണ്ടെത്താനായി നാലു പോംവഴികളാണ് സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടു വച്ചിട്ടുള്ളത്. സ്‌കൂളുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന, ടെറിട്ടറി സർക്കാരുകൾക്ക് പൂർണ അധികാരം നൽകുക, പബ്ലിക് സ്‌കൂളുകളിലേക്ക് സംസ്ഥാന സർക്കാരുകൾ സാമ്പത്തിക സഹായം നല്കുമ്പോൾ നോൺ ഗവൺമെന്റ് സ്‌കൂളുകൾക്ക് ഫെഡറൽ സർക്കാർ സാമ്പത്തിക സഹായം നൽകുക, സ്‌കൂളുകളിൽ കോമൺവെൽത്ത് ഇടപെടൽ കുറയ്ക്കുക, എല്ലാ സ്‌കൂളുകളിലേക്കുമുള്ള സാമ്പത്തിക സഹായസ്രോതസ് കോമൺവെൽത്ത് ആക്കി മാറ്റുക എന്നിവയാണ് നാലു പ്രധാന പോംവഴികൾ.

ഫെഡറൽ സർക്കാരിലെ പല എംപിമാരും ഇതുസംബന്ധിച്ച് പല തട്ടിൽ നിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളും. സൗജന്യ വിദ്യാഭ്യം നൽകുന്നത് ഒരു വിഭാഗം എംപിമാർ എതിർക്കുമ്പോൾ ഫീസ് ഈടാക്കുന്ന കാര്യത്തിൽ യൂണിയനുകൾ ശക്തമായ എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്.