ല്ലൊരു ജീവിതം കൊതിച്ച് കടുത്ത കഷ്ടപ്പാടുകൾ താണ്ടി യൂറോപ്പിലെത്തിയ കുടിയേറ്റക്കാരിൽ നിരവധി പേർക്ക് ഇപ്പോൾ അതനേക്കാൾ നരകയാതനയാണി ഇവിടെയുണ്ടായിരിക്കുന്ന കൊടുംതണുപ്പേകിയിരിക്കുന്നത്. യൂറോപ്പിൽ ഈ വർഷം ശൈത്യം പതിവിലുമധികം കനത്തതോടെ പലയിടങ്ങളിലും താപനില മൈനസ് 30ൽ താഴ്ന്നതോടെ ഇതിൽ പിടിച്ച് നിൽക്കാനാവാതെ പട്ടിണിയിൽ വലഞ്ഞ് അഭയാർത്ഥികളിൽ മിക്കവരും പാടുപെടുകയാണെന്നാണ് റിപ്പോർട്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് യൂറോപ്പിൽ വിളയാടിയ പട്ടിണിയെ ഓർമിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. ഭക്ഷണത്തിനായി കൊടുംതണുപ്പിൽ ക്യൂ നിൽക്കുന്നവരേറെയുണ്ടെന്നാണ് റിപ്പോർട്ട്.മിക്കവാറും ഉഷ്ണമേഖലാ രാജ്യങ്ങളിൽ നിന്നും ഇവിടെയെത്തിയ അഭയാർത്ഥികൾക്ക് യൂറോപ്പിലെ സാധാരണ തണുപ്പ് പോലും താങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ എത്തിയ അസാധാരണമായ ശൈത്യം കടുത്ത ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.

അസഹനീയമായ തണുപ്പ് സഹിച്ച് കുടിയേറ്റക്കാർ സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ ഒരു പഴയ വെയർഹൗസിന് വെളിയിൽ ഭക്ഷണം ലഭിക്കാനായി വരി നിൽക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻതടവുകാർ സോവിയറ്റ് യൂണിയനിൽ ഭക്ഷണത്തിനായി ക്യൂ നിന്നതിനെ ഓർമിപ്പിക്കുന്ന ചിത്രമാണിത്. അതായത് 1943ൽ സ്റ്റാലിൻഗ്രാഡിൽ ജർമൻ തടവുകാർ ക്യൂ നിന്നതും ഇതു പോലെ തന്നെയായിരുന്നു. കടുത്ത തണുപ്പിൽ പിടിച്ച് നിൽക്കാനാവാതെ ഇക്കഴിഞ്ഞ വീക്കെൻഡിൽ25 പേരാണ് യൂറോപ്പിൽ മരിച്ചത്. വർഷം തോറും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നും ബാൽക്കൻ റൂട്ടുകളിലൂടെ ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് യൂറോപ്പിലെത്തുന്നത്. ബ്രിട്ടനടക്കമുള്ള ധനികരാജ്യങ്ങളിലെത്തുകയും മികച്ചൊരു ജീവിതം കരുപ്പിടിപ്പിക്കുകയുമാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്.

സബ്സീറോ താപനിലയിലും കനത്ത മഞ്ഞ് വീഴ്ചയിലും പിടിച്ച് നിൽക്കാനാവാതെ ഈ അടുത്ത ദിവസങ്ങളിലായി ഇവിടെ എട്ട് പേരാണ് മരിച്ചിരിക്കുന്നത്. ഈ വീക്കെൻഡിൽ മരിച്ച 25 പേരിൽ മിക്കവരും പോളണ്ടിൽ വച്ചാണ് മരണമടഞ്ഞിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഗോസ്ലാവിയയുടെ ഭാഗമായിരുന്ന ബെൽഗ്രേഡുകാർ ഭയാനകമായ ദൃശ്യങ്ങൾ കാണേണ്ടി വന്നിട്ടുണ്ട്. 1941ൽ നാസികൾ ഇവിടെ കടുത്ത ബോംബിങ് നടത്തിയിരുന്നു. അടുത്തിടെ ഉണ്ടായ അസാധാരണായ ശൈത്യത്തെ നേരിടാൻ പ്രത്യേക സംവിധാനങ്ങൾ വരെ യൂറോപ്പിൽ ഏർപ്പെടുത്തേണ്ടി വന്നിരുന്നു. കടുത്ത മഞ്ഞ് വീഴ്ച മൂലം സെർബിയയിലെ സാവ നദിയിൽ ജലഗതാഗതം നിരോധിച്ചിരുന്നു. കടുത്ത ശൈത്യം കാരണം തെക്കൻ സെർബിയയിൽ അടുത്തിടെ രണ്ട് പേർ മരിച്ചിരുന്നു. ഇവിടുത്തെ ദുഗ പോൽജന ഗ്രാമത്തിൽ താപനില ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് 88 കാരനും അയാളുടെ 64 വയസുള്ള മകനുമാണ് മരിച്ചത്. അടുത്തിടെയുണ്ടായ ഹിമപാത്തതിൽ ഏറ്റവും അധികം ആഘാതമുണ്ടായ പ്രദേശമാണിത്.

പ്രതികൂലമായ കാലാവസ്ഥയോട് പോരാടി പിടിച്ച് നിൽക്കുന്നതിനായി നിരവധി സെർബിയൻ മുനിസിപ്പാലിറ്റികൾ അടിയന്തിര മുൻകരുതലുകളെടുത്തിട്ടുണ്ട്. ഡാന്യൂബ് നദിയിലൂടെയുള്ള ജലഗതാഗതം 900 കിലോമീറ്റർ പ്രദേശത്ത് സെർബിയൻ, ക്രൊയേഷ്യൻ, റൊമാനിയൻ പൊലീസ് പെട്ടെന്ന് നിർത്തി വച്ചിരിക്കുകയാണ്. സെൻട്രൽ ടൗണായ ബുൽകിസിൽ താപനില മൈനസ് 22 ഡിഗ്രിയായാണ് താഴ്ന്നിരിക്കുന്നത്. മിക്ക ഗ്രാമപ്രദേശങ്ങളിൽ നിന്നും വൻ തോതിൽ മഞ്ഞ് നീക്കം ചെയ്ത് വരുന്നുണ്ട്. ഇവിടങ്ങളിൽ താൽക്കാലികമായി ജലവിതരണവും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുമുണ്ട്. വിദൂരമായ പർവതപ്രദേശങ്ങളിൽ സൈനിക ഹെലികോപ്റ്ററുകൾ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നുമുണ്ട്. ഗ്രീക്ക്ദ്വീപായ ലെസ്ബോസിൽ 250ൽ പരം അഭയാർത്ഥികളെ കടുത്ത ശൈത്യം കാരണം ടെന്റുകളിൽ നിന്നും ഹോട്ടൽ മുറികളിലേക്ക് മാറ്റിയിരുന്നു. എയ്ഡ് ഏജൻസികളിൽ നിന്നും മറ്റുമുള്ള തുടർച്ചയായ വിമർശനത്തെ തുടർന്നായിരുന്നു അധികൃതർ ഈ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.