- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയുടെ സമ്മർദം മാറ്റാൻ ടെക്കികൾ കൃഷി ഭൂമിയിൽ; വീക്കെൻഡ് ഫാമിങ് നടപ്പാക്കി കൈയടി വാങ്ങുന്ന സോഫ്റ്റ്‌വെയർ എൻജിനിയറുടെ കഥ
കമ്പ്യുട്ടറിന് മുന്നിൽ രാപ്പകൽ ഇരുന്നു നേരം കളയുന്നവരാണ് ടെക്കീസെന്നാണ് പൊതുവെ എല്ലാവരുടെയും വിചാരം. എന്നാൽ ആ വിചാരമങ്ങ് മാറ്റിവച്ചോളാൻ പറയുന്ന എണ്ണൂറോളം ടെക്കീസുണ്ട് ഇവിടെ കഴക്കൂട്ടത്തെ ടെക്‌നോപാർക്കിൽ. ഇവർ ജോലിയുടെ ടെൻഷനും സ്ട്രസുമൊക്കെ മാറ്റുന്നത് കൃഷിയിലൂടെയാണ്. അതും 60 സെന്റിൽ കമ്യൂണിറ്റി ഫാർമിങ്ങ് നടത്തി. ടെക്നോപാർക്
കമ്പ്യുട്ടറിന് മുന്നിൽ രാപ്പകൽ ഇരുന്നു നേരം കളയുന്നവരാണ് ടെക്കീസെന്നാണ് പൊതുവെ എല്ലാവരുടെയും വിചാരം. എന്നാൽ ആ വിചാരമങ്ങ് മാറ്റിവച്ചോളാൻ പറയുന്ന എണ്ണൂറോളം ടെക്കീസുണ്ട് ഇവിടെ കഴക്കൂട്ടത്തെ ടെക്‌നോപാർക്കിൽ. ഇവർ ജോലിയുടെ ടെൻഷനും സ്ട്രസുമൊക്കെ മാറ്റുന്നത് കൃഷിയിലൂടെയാണ്. അതും 60 സെന്റിൽ കമ്യൂണിറ്റി ഫാർമിങ്ങ് നടത്തി.
ടെക്‌നോപാർക്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായ ജോജി മാത്യുവിന്റെ മനസിൽ വിരിഞ്ഞ വീക്കെന്റ് ഫാർമിങ്ങ് എന്ന ആശയത്തിന് ഇപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷമയമായ പഴങ്ങളും പച്ചകറികളും കഴിച്ച് എന്തിന് രോഗങ്ങൾ വിലയ്ക്കു വാങ്ങണമെന്ന ജോജിയുടെ ചിന്തയിൽ നിന്നാണ് വീക്കെന്റ് ഫാർമിങ്ങ് എന്ന ആശയം ഉടലെടുത്തത്.
സ്വന്തമായി അടുക്കളത്തോട്ടമുള്ള ജോജി കൂട്ടുകാർക്കും നല്ല പച്ചക്കറിയും പഴങ്ങളും ലഭിക്കണമെന്ന് ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളോട് തന്റെ ആശയം പങ്കുവച്ചത്. സമാന ചിന്തയുള്ള കൂട്ടുകാരായിരുന്നു ഏറെയെങ്കിലും ആർക്കും കൃഷിയുടെ ബാലപാഠം പോലും അറിയില്ലെന്നതായിരുന്നു ആശയം നടപ്പിലാക്കുന്നതിനുള്ള ആദ്യത്തെ വെല്ലുവിളി.
എന്നാൽ തളരാൻ ജോജി തയ്യാറായിരുന്നില്ല. ശാന്തിഗിരി ആശ്രമത്തിലെ ജൈവ കൃഷിയെകുറിച്ചറിഞ്ഞ് അവിടെയെത്തിയ ജോജി കൃഷിരീതികൾ മനസിലാക്കി, ആശ്രമം അധികൃതർ നൽകിയ 60 സെന്റ് സ്ഥലത്ത് കൃഷി ആരംഭിക്കുകയായിരുന്നു. അങ്ങനെ 2013 ഡിസംബറിൽ വീക്കെന്റ് കൃഷിക്ക് തുടക്കമായി.
ടെക്കീസ് വാരാന്ത്യത്തിൽ അവധി ലഭിക്കുമ്പോഴൊക്കെ ഇവിടെ എത്തി കൃഷിയിൽ തങ്ങളുടെ സജീവ പങ്കാളിത്തം അറിയിക്കാറുണ്ട്. ബാക്കി സമയം നനയ്ക്കാനും വളമിടാനും കൃഷിയെ പരിചരിക്കാനും മറ്റും ഇവിടെ ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. ചിലവും കൃഷിയിൽ നിന്നും ലഭിക്കുന്ന വിളവും എല്ലാവരും പങ്കിട്ടെടുക്കുന്നതാണ് വീക്കെന്റ് ഫാർമിങ്ങിലെ രീതി. രാസവളങ്ങൾ ഒന്നും ഉപയോഗിക്കാതെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കമ്പോസ്റ്റ് വളമാക്കിയാണ് ഇവിടെ ഉപയോഗിക്കുന്നത്.
വീക്കെന്റ് ഫാർമിങ്ങ് തുടങ്ങിയതോടെ ഒട്ടേറെ ടെക്കീസ് ഇതിനു പിന്തുണയുമായി എത്തി. മക്കളുമൊക്കെ വാരാന്ത്യത്തിൽ കൃഷിയിടത്തിൽ എത്തി അവർക്കും കൃഷിയോടും പ്രകൃതിയോടും ഒക്കെ അടുപ്പമുണ്ടാക്കാനും ഈ സംരംഭം ടെക്കീസിനെ സഹായിക്കുന്നുണ്ട്. കമ്യൂണിറ്റി ഫാർമിങ്ങ് എന്ന ആശയവും പൊതുജനങ്ങൾക്കായി ജോജി മുന്നോട്ട് വയ്ക്കുന്നുണ്ട്. റെസിഡൻഷ്യൽ ഏരിയയിലും മറ്റും താമസിക്കുന്ന പത്തോ ഇരുപതോ കുടുംബങ്ങൾക്ക് കമ്യൂണിറ്റി ഫാർമിങ്ങ് നടത്താം. ഒഴിഞ്ഞ് കിടക്കുന്ന പ്രദേശങ്ങളിൽ ഇങ്ങനെ കൃഷി ചെയ്താൽ അയൽക്കാർ തമ്മിലുള്ള ഇഴയടുപ്പം കൂടുമെന്നും കുട്ടികൾക്ക് കൃഷിയിൽ താൽപര്യമുണ്ടാകുമെന്നും ജോജി ഉറപ്പ് നൽകുന്നു. ഇപ്പോൾ സർക്കാരിന്റെ സഹായവും ജോജിയും കൂട്ടരും നേതൃത്വം നൽകുന്ന വീക്കെന്റ് ഫാർമിങ്ങിന് ലഭിച്ചിട്ടുണ്ട്.