ബർമിങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി മൂന്നാം സ്വർണം കുറിച്ചത് 20കാരനായ അചിന്ത ഷിവലിയായായിരുന്നു. സുവർണ്ണനേട്ടം സ്വന്തമാക്കി സന്തോഷത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴും അചിന്തയുടെ മനസ്സിൽ നിറഞ്ഞത് പന്ത്രണ്ടാം വയസ്സിൽ വിട്ടുപിരിഞ്ഞ അച്ഛനും കായിക രംഗത്തേക്ക് കൈപിടിച്ചുയർത്തിയ സഹോദരനുമായിരുന്നു. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാം ത്യജിച്ചവരാണ് അവർ ഇരുവരും എന്നാണ് താരത്തിന്റെ വാക്കുകൾ.

അചിന്ത രാജ്യത്തിന്റെ അഭിമാനമാകുമ്പോൾ ദേയുൽപുർ ഗ്രാമത്തിലെ ഏറെ അഭിമാനിക്കുന്നത് സന്തോഷിക്കുന്നത് സഹോദരൻ അലോക് ഷിവലിയാണ്. അനിയൻ ലോകം കീഴടക്കിയപ്പോൾ ജയിച്ചത് ശരിക്കും അലോകാണ്. അലോകിന്റെ വിയർപ്പിന്റെ വിലയാണ് അചിന്തയുടെ സ്വർണ മെഡൽ. അചിന്തയുടെ അച്ഛനും ജ്യേഷ്ഠനുമെല്ലാം അലോകാണ്.

അചിന്തയും അലോകും ചെറുപ്പം തൊട്ട് ഭാരോദ്വഹനരംഗത്ത് കഴിവ് തെളിയിച്ചിരുന്നു. അചിന്തയ്ക്ക് മുൻപ് ഈ രംഗത്ത് കാലുകുത്തിയതും നേട്ടങ്ങൾ കൊയ്തതും അലോകാണ്. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന അലോകിന്റെയും അചിന്തയുടെയും അച്ഛൻ 2014-ലാണ് മരിച്ചത്. ആ സമയത്ത് പിതാവിന്റെ ശവസംസ്‌കാരച്ചടങ്ങുകൾ നടത്താൻ പോലുമുള്ള പണം അചിന്തയുടെ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നില്ല. വാൻ ഡ്രൈവറായിരുന്ന അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. ഇതോടെ കുടുംബം പട്ടിണിയിലായി. ഭാരോദ്വഹന പരിശീലനത്തിന് പോകാൻ പോലും കഴിയാതെ വന്നു.

അച്ഛൻ പോയതോടെ ശിഥിലമായ കുടുംബത്തെ അലോക് ഒറ്റയ്ക്ക് തോളിലേറ്റി. പഠിപ്പും ഇഷ്ട കായിക ഇനമായ ഭാരോദ്വഹനവും ഉപേക്ഷിച്ച് അവൻ കുടുംബത്തിനുവേണ്ടി ജോലി ചെയ്തു. അനിയനെ കായികതാരമാക്കാൻ അലോക് രാവും പകലും കഷ്ടപ്പെട്ടു. അനിയന്റെ നേട്ടങ്ങളിലൂടെ അവൻ സന്തോഷിച്ചു. അചിന്തയുടെ പരിശീലനത്തിൽ മുടക്കുവരുത്താതെ അലോക് അവന്റെ ആഗ്രഹങ്ങൾക്കൊപ്പംനിന്നു. ഒടുവിൽ അചിന്ത കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിക്കൊണ്ട് ചേട്ടന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു. കോമൺവെൽത്ത് ഗെയിംസ് സ്വർണം കഴുത്തിലണിഞ്ഞ് ദേശീയ ഗാനത്തോടൊപ്പം അനിയൻ പോഡിയത്തിൽ നിൽക്കുമ്പോൾ ചേട്ടൻ അലോകിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

73 കിലോ വിഭാഗത്തിൽ ആകെ 313 കിലോ ഭാരമുയർത്തിയ അചിന്ത കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയിരുന്നു. ഫൈനലിൽ മലേഷ്യയുടെ എറി ഹിഥായത്ത് മുഹമ്മദിനെ പിന്തള്ളിയായിരുന്നു അചിന്തയുടെ നേട്ടം.

ഹൗറയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ ബസ് യാത്രയുള്ള ദ്യൂവൽപൂരാണ് അചിന്തയുടെ സ്വദേശം.  തയ്യൽക്കാരനായി ജോലി നോക്കിയിരുന്ന അചിന്ത 2011 മുതലാണ് ഭാരോദ്വഹനം ആരംഭിച്ചത്.അച്ഛൻ മരിച്ചതോടെ സഹോദരനെ സഹായിക്കാനായിരുന്നു തയ്യൽക്കാരനായത്. ഭാരോദ്വഹനത്തിലേക്ക് എത്തിച്ചതും മുൻ ഭാരോദ്വഹകൻ കൂടിയായ സഹോദരന്റെ പ്രേരണയാണ്.

'2013-ൽ, ഞാൻ ദേശീയ ക്യാമ്പിൽ ചേർന്നു, ഞാൻ അത് ഒരുപാട് ആസ്വദിച്ചിരുന്നു. അതേ വർഷം എന്റെ അച്ഛൻ മരിച്ചു. അതോടെ പിന്തുണയില്ലാതായി. പക്ഷെ എനിക്കുവേണ്ടി എന്റെ സഹോദരൻ ഗെയിം ഉപേക്ഷിച്ചു. ഒരാൾക്ക് സ്‌പോർട്‌സിൽ നിന്ന് ഒരു കരിയർ ഉണ്ടാക്കാം എന്ന് ചേട്ടനാണ് എന്നെ പറഞ്ഞു മനസ്സിലാക്കിയത്. പിന്നെ ഞാൻ കഠിനാധ്വാനം ചെയ്തുതുടങ്ങി. 2015ൽ ഞാൻ നാഷണൽ ഗെയിംസിൽ വെങ്കലം നേടി', അചിന്ത പറഞ്ഞു.

കഷ്ടപ്പാടുകൾ നിറഞ്ഞ ഭൂതകാലമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്ന് അചിന്ത പറയുന്നു. 'എനിക്ക് എന്തൊക്കെ തിരിച്ചടികൾ ഉണ്ടായാലും അതൊന്നും അത്രത്തോളം പ്രയാസമേറിയതായിരിക്കില്ലെന്നാണ് ഞാൻ ചിന്തിക്കുന്നത്. കാരണം എന്റെ അച്ഛൻ മരിച്ചപ്പോൾ ഞങ്ങൾ ഒരുപാട് ദുരിതത്തിലായി. അതുവരെ എനിക്കോ ചേട്ടനോ അമ്മയ്ക്കോ ഒന്നും അറിയണ്ടായിരുന്നു. പക്ഷെ അതുകഴിഞ്ഞ് ഞാൻ ജോലി ചെയ്തു, നന്നായി പരിശീലിച്ചു, ഉറങ്ങും എഴുന്നേൽക്കും വീണ്ടും ജോലി ചെയ്യും അങ്ങനെയായിരുന്നു. അമ്മയെ എബ്രോയിഡറി ജോലികളിൽ ഞാൻ സഹായിക്കുമായിരുന്നു', അചിന്ത പറഞ്ഞു.

'എനിക്ക് 12 വയസ്സുള്ളപ്പോൾ മുതൽ എന്നും രാവിലെ 6:30ക്ക് എഴുന്നേൽക്കും ഒൻപത് മണിവരെ ജോലി ചെയ്യും. അതുകഴിഞ്ഞ് 9:30 മുതൽ 10:15 വരെ ട്രെയിനിങ് ചെയ്യും. അതുകഴിഞ്ഞാണ് സ്‌കൂളിൽ പോകുന്നത്. വൈകിട്ട് തിരിച്ചെത്തിക്കഴിഞ്ഞാൽ നേരെ പരിശീലനത്തിനായി പോകും. പിന്നെ രാത്രി എട്ട് മണിക്കാണ് തിരിച്ചെത്തുക', അചിന്ത ഓർത്തെടുത്തു.

'എന്റെ അനിയന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷിക്കുന്നു. ഞങ്ങൾ ഒരുമിച്ചാണ് ഈ രം?ഗത്തേക്ക് കടന്നുവന്നത്. അസ്താന ദാസ് എന്ന പരിശീലകന് കീഴിലാണ് ഞങ്ങൾ അഭ്യസിച്ചത്. എനിക്ക് വലിയ ഭാരോദ്വഹകനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുടുംബത്തിന്റെ ഭാരം തോളിലായതോടെ എനിക്ക് അതിന് സാധിച്ചില്ല. എന്നാൽ അനിയനിലൂടെ ഞാനത് നേടി. അവന്റെ നേട്ടത്തിൽ അഭിമാനം തോന്നുന്നു. അവന്റെ വിജയം എന്റെ വിജയമാണ്' അലോക് പറഞ്ഞു.

2015ൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന 20-കാരൻ കായികരംഗത്തുള്ള തന്റെ കഴിവ് പരിപോഷിപ്പിച്ചു. അതേ വർഷം തന്നെ ഇന്ത്യൻ ദേശീയ ക്യാമ്പിലേക്കും ക്ഷണം ലഭിച്ചു. 2016ലും 2017ലും ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും പരിശീലനം നേടി. അതിനുശേഷം 2018 മുതൽ ദേശീയ ക്യാമ്പിലായിരുന്നു പരിശീലനം.

വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ, ഭാരോദ്വഹനത്തോടുള്ള അഭിനിവേശം പിന്തുടരാനും രാജ്യാന്തര വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും അചിന്തയുടെ അമ്മ പൂർണിമ ഷീലി എപ്പോഴും പിന്തുണച്ചു. വിജയ് ശർമയാണ് താരത്തിന്റെ കോച്ച്.