ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്രസർക്കാർ. എന്നാൽ സ്വകാര്യത പരമമായ അവകാശമല്ലെന്നും കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യത സംബന്ധിച്ച വിധിയിൽ സുപ്രീം കോടതിയുടെ എല്ലാ നിരീക്ഷണങ്ങളും സർക്കാർ സ്വാഗതം ചെയ്യുന്നു. സ്വകാര്യത മൗലികാവകാശമാണെന്നും എന്നാൽ സ്വകാര്യതയുടെ എല്ലാ വശങ്ങളെയും മൗലികാവകാശമായി കാണാനാകില്ലെന്നുമാണ് സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കോടതിയിൽ നിലപാടെടുത്തിരുന്നതെന്നും മന്ത്രി പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്ത് ആധാറിനു നിയമ സംരക്ഷണമൊന്നും ഉണ്ടായിരുന്നില്ല. എൻഡിഎയാണ് ആധാറിൽ നിയമനിർമ്മാണം നടത്തിയത്. വിവരങ്ങൾ സംരക്ഷിക്കുന്നതിനു നിയമപരമായ ചട്ടക്കൂട് നിർമ്മിച്ചതും ഞങ്ങളാണ്. ഇതുവരെ കോൺഗ്രസും ഇടതുപക്ഷവും ഞങ്ങളെ ലക്ഷ്യം വയ്ക്കുകയായിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിൽ അവരുടെ പങ്കെന്താണ്? അടിയന്തരാവസ്ഥ കാലത്ത് ജനത്തിന്റെ സ്വകാര്യത കോൺഗ്രസ് മാനിച്ചിരുന്നോയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

സ്വകാര്യത മൗലികാവകാശമായി കാണാനാകില്ലെന്നാണ് കേന്ദ്രസർക്കാർ ആദ്യം കോടതിയിലെടുത്ത നിലപാട്. എന്നാൽ കർണാടക, ബംഗാൾ, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങൾ സ്വകാര്യത മൗലികാവകാശമെന്ന നിലപാടെടുത്തതോടെ കേന്ദ്രവും നിലപാടു മാറ്റി. സ്വകാര്യത വ്യക്തികളുടെ മൗലികാവകാശമാണെന്നും എന്നാൽ സ്വകാര്യതയുടെ എല്ലാ വശങ്ങളെയും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കേന്ദ്രസർക്കാർ നിലപാടു വ്യക്തമാക്കിയിരുന്നു.