- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എല്ലാവർക്കും വീടും നല്ല ആരോഗ്യവും ലക്ഷ്യമിട്ട് മാണി; എറണാകുളത്ത് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്; 80 വയസ്സിനുമേൽ പ്രായമുള്ളവർക്കായി വയോജന സംരക്ഷണ പദ്ധതി; ക്ഷേമ പെൻഷനുകൾക്ക് 2710 കോടി
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പദ്ധതികൾക്കും പ്രാധാന്യമുള്ള ബജറ്റാണ് ധനമന്ത്രി മാണി അവതരിപ്പിച്ചത്. എല്ലാവർക്കും വീടെന്ന ലക്ഷ്യമാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യ രംഗത്തും കുതിച്ചു ചാട്ടം ലക്ഷ്യമിടുന്നു. കൊച്ചിയിൽ ക്യാൻസർ ചികിൽസാ കേന്ദ്രവും വരും. ആശാ വർക്കർമാരുടെ ഓണറേറിയുവും കൂട്ടി. ആനുകൂല്യങ്ങൾക്കുള്ള കുടുംബ
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പദ്ധതികൾക്കും പ്രാധാന്യമുള്ള ബജറ്റാണ് ധനമന്ത്രി മാണി അവതരിപ്പിച്ചത്. എല്ലാവർക്കും വീടെന്ന ലക്ഷ്യമാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യ രംഗത്തും കുതിച്ചു ചാട്ടം ലക്ഷ്യമിടുന്നു. കൊച്ചിയിൽ ക്യാൻസർ ചികിൽസാ കേന്ദ്രവും വരും. ആശാ വർക്കർമാരുടെ ഓണറേറിയുവും കൂട്ടി. ആനുകൂല്യങ്ങൾക്കുള്ള കുടുംബ വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും. ക്ഷേമ പെൻഷനുകൾക്ക് 2710 കോടി. കഴിഞ്ഞവർഷം ഇത് 484 കോടി രൂപയായിരുന്നു. ബാങ്ക് ലോണുമായി ബന്ധിപ്പിച്ച് ഭവനിർമ്മാണ പദ്ധതിയുമുണ്ട്
എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 1.75 ലക്ഷം കുടുംബങ്ങൾക്ക് വേണ്ടി മൂന്ന് ഭവനനിർമ്മാണ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. ബി.പി.എൽ വിഭാഗങ്ങൾക്ക് ഭവനനിർമ്മാണത്തിന് സ്ഥലദൗർലഭ്യം കണക്കിലെടുത്ത് ഫ് ളാറ്റുകൾ നിർമ്മിച്ച് നൽകുന്നതാണ് ഇതിൽ ആദ്യത്തേത്. ഇതനുസരിച്ച് ഈ വർഷം 75,000 ഭവനങ്ങൾ നിർമ്മിച്ചു നൽകും. ഇതിൽ 3000 ഭവനങ്ങൾ മത്സ്യത്തൊഴിലാളികൾക്കായി നീക്കിവയ്ക്കുന്നു. ബാങ്കുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക.
ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത് 665.37 കോടി രൂപയാണ്. എമർജൻസി മെഡിക്കൽ കെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ 2.5 കോടി രൂപ വകയിരുത്തി. കൊല്ലം ജില്ലാ ആശുപത്രി, എറണാകുളം, കോഴിക്കോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കാത്ത് ലാബ് സ്ഥാപിക്കാൻ 5 കോടിയുണ്ട്. ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ 7.10 കോടി വകയിരുത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അഡ്‌മിനിസ്‌ട്രേറ്റീവ് കേഡർ ശക്തിപ്പെടുത്താൻ 50 ലക്ഷം രൂപയും അനുവദിച്ചു.
ആരോഗ്യ കിരണം പദ്ധതിയുടെ വിഹിതം 15 കോടിയാക്കി. വന്ധ്യതാ ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിന് എല്ലാ മെഡിക്കൽ കോളേജുകളിലും ആരംഭിക്കുന്ന ജനനി കേന്ദ്രങ്ങൾക്ക് 5 കോടിയും അനുവദിച്ചു. എറണാകുളത്ത് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ. 450 കോടി രൂപ ചെലവിൽ ആനുവിറ്റി അടിസ്ഥാനത്തിൽ നിർമ്മിക്കും. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതിയ ബ്ലോക്ക് നിർമ്മിക്കാൻ അഞ്ച് കോടിയുമുണ്ട്. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കും. ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിയുടെ വികസനത്തിന് 2 കോടിയുമുണ്ട്. ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപയാക്കി. ഇതിന് 6 കോടി രൂപ നീക്കി വച്ചു.
എല്ലാവർക്കും ചികിത്സാസൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ആരോഗ്യ കേരളം പദ്ധതി പ്രകാരം സ്മാർട്ട് കാർഡ് ലഭ്യമാക്കും. അർഹരായവർക്ക് പദ്ധതിവഴി സർക്കാർസ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാം. ചികിത്സാ ആനൂകുല്യത്തിന് അപേക്ഷിക്കാൻ വെബ് അധിഷ്ഠിത സംവിധാനവും തയ്യാറാക്കും. 500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി 90% ഇൻഷുറൻസ് പ്രീമിയം സർക്കാർ വഹിക്കുന്ന ഒരു ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 5 കോടി രൂപ വകയിരുത്തി. 2009 ന് മുൻപ് റിട്ടയർചെയ്ത മുതിർന്ന പത്രപ്രവർത്തകരെയും ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതായി മന്ത്രി അറിയിച്ചു.
ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ബി.പി.എൽ വിഭാഗത്തിൽ പെട്ട ഗുണഭോക്താക്കൾ എടുത്ത 4 ലക്ഷം വരെയുള്ള വായ്പയുടെ മുതലും പലിശയും ചേർന്ന വാർഷിക തിരിച്ചടവിന്റെ 75 ശതമാനം തുക 20 വർഷം വരെ സബ്‌സിഡിയായി സർക്കാർ ബാങ്കുകൾക്ക് നേരിട്ട് നൽകുന്നതാണ്. രണ്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് വാർഷിക തിരിച്ചടവിന്റെ 50 ശതമാനം ആയിരിക്കും സബ്‌സിഡി. ഇതിനായി 180 രൂപ ബജറ്റിൽ വകയിരുത്തി.
ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഓരോ വാർഡിലും ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സവിശേഷ ഭവന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. 22,000 വീടുകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 50 ശതമാനം സർക്കാരും ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളും വഹിക്കും. ഇതിനായി 110 കോടി ബജറ്റിൽ നീക്കിവച്ചു. സർക്കാർ വിഹിതമായി 162 കോടി രൂപ വാർഷിക തിരിച്ചടവിനായി ഹൗസിങ് ഫണ്ടിലേക്ക് വകയിരുത്തി.
80 വയസ്സിനുമേൽ പ്രായമുള്ള സംരക്ഷിക്കാൻ ആരുമില്ലാത്തവരുടെ ജീവിതം, താമസം, ആരോഗ്യ പരിപാലന ചെലവുകൾ എന്നിവ സർക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് വഹിക്കുന്ന ഒരു വയോജന സംരക്ഷണ പദ്ധതി മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിലേക്കായി 50 കോടി രൂപ വകയിരുത്തി. വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് അനുവദിക്കുന്ന ധനസഹായം 30000 രൂപയിൽ നിന്നും 50000 രൂപ യായി വർദ്ധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.വിവിധ ക്ഷേമ പദ്ധതികൾ, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷമായി ഉയർത്തി.