സാൽമിയ (കുവൈറ്റ്):കേവലം സാങ്കേതികമായ ഭൂരിപക്ഷത്തിന്റെ പേരിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ ജാതിയുടേയും വർണ്ണത്തിന്റെയും കുലത്തൊഴിലിന്റെയും പേരിൽ ജനങ്ങളെ തരം തിരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വാർത്തകളാണ് ദിനം തോറും വന്ന് കൊണ്ടിരിക്കുന്നതെന്ന് വെൽഫയർ കേരളാ കുവൈറ്റ് വൈസ് പ്രസിഡന്റ് അൻവർ സഈദ് അഭിപ്രായപ്പെട്ടു. ആധുനിക ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുടേയും പേരിൽ വിദ്യാസമ്പന്നരായ ദളിതരെപ്പോലും അകറ്റി നിർത്തുന്ന മോദി സർക്കാരിന്റെ അസഹിഷ്ണുതാരാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയായ രോഹിത് വെമുലയുടെ ആത്മാഹുതി ഞെട്ടിപ്പിക്കുന്നതാണെന്നും എൺപത് ശതമാനം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ച് ഭരണം താങ്ങി നിർത്തുന്ന കോർപറേറ്റ് മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുന്ന നയം അപലപനീയമാണെന്നും അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിൽ വന്ന് അഴിമതിയിലും അധാർമികതയിലും മുങ്ങിക്കുളിച്ചിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിൽ തുടരുന്നത് പ്രതിപക്ഷത്തിന്റെ സഹകരണമുള്ളതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാതീയതക്കും അഴിമതിക്കും വാഗ്ദാന ലംഘനങ്ങൾക്കുമെതിരെ വെൽഫയർ കേരളാ കുവൈറ്റ് സാൽമിയ മേഖല സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂസമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ വെൽഫയർ കേരളാ കുവൈറ്റ് കേന്ദ്ര വൈസ് പ്രസിഡണ്ട് അനിയൻ കുഞ്ഞിന് സ്വീകരണം നൽകി. വെൽഫയർ കേരളാ കുവൈറ്റ് സാൽമിയ മേഖല പ്രസിഡണ്ട് ഹസനുൽബന്ന അധ്യക്ഷത വഹിച്ചു. സിറാജ് സ്രാമ്പിക്കൽ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി സഫ്വാൻ നന്ദിയും പറഞ്ഞു.