കുവൈത്ത് സിറ്റി: 'രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ' എന്ന സന്ദേശമുയർത്തി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ചു വരുന്ന രക്തദാന ക്യാമ്പുകൾ ജനസേവന ജീവ കാരുണ്യ മേഖലയിൽ മാതൃകയാകുന്നു. കുവൈത്തിൽ രക്തത്തിനുള്ള ദൗർലഭ്യം കണക്കിലെടുത്തും രക്തദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ചു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കി കൂടുതൽ രക്തദാതാക്കൾ സന്നദ്ധരായി മുന്നോട്ടു വരുന്നതിനും വേണ്ടിയാണ് ഈ പ്രവാസി സംഘടന കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

കുവൈത്ത് സെൻട്രൽ ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന പരമ്പരയിലെ രണ്ടാമത്തെ ക്യാമ്പ് ഫഹാഹീൽ യൂനിറ്റി സെന്റെറിൽ നടന്നു. നൂറോളം പേർ ക്യാമ്പിലെത്തി രക്തദാനം നിർവ്വഹിച്ചു. വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് അധ്യക്ഷത വഹിച്ച ക്യാമ്പ് ആക്ടിങ്ങ് പ്രസിഡന്റ് കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. അൽ ഫവാർസിയ, ഒലീവ് ഹൈപ്പർ, വൈറ്റ് മൊമെന്റ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഉത്ഘാടന സെന്ഷനിൽ അൽ ഫവാർസിയ ജനറൽ ട്രേഡിങ് മാനേജിങ് ഡയറക്ടർ ബഷീർ മൊയ്തീൻ, വൈറ്റ് മൂവ്‌മെന്റ് ജനറൽ ട്രേഡിങ് ഡയറക്ടർ നസീറുദ്ധീൻ എന്നിവർ സംസാരിച്ചു.

രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരത്തിന്റെ ഉദ്ഘാടനം രമേശ് നമ്പ്യാർക്ക് ആദ്യ സർട്ടിഫിക്കറ്റ് നൽകി ജനറൽ സെക്രട്ടറി ലായിക്ക് അഹമ്മദ് നിർവ്വഹിച്ചു. വെൽഫെയർ കേരള ജനസേവന കൺവീനർ വിനോദ് പെരേര,ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി ,സെക്രട്ടറി അൻവർ ഷാജി, മന്ജു മോഹൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.മേഖല ആക്ടിങ്ങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എം.കെ സ്വാഗതവും സെക്രട്ടറി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

അടുത്ത ക്യാമ്പുകൾ 12ന് ഉച്ചക്ക് ഒന്നു മുതൽ ആറുവരെ സാൽമിയ ആർട്ടിസ്റ്റിക് യോഗ സെന്റെരിലും 26ന് ഉച്ചക്ക് ഒന്നു മുതൽ ആറുവരെ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലും നടക്കും .കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുന്നതിനും: സാൽമിയ- 97282276 / 96966332. ഫർവാനിയ- 97218414 / 60004290.
www.welfarekeralakuwait.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമാണ്.