തിരുവനന്തപുരം: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരളത്തിലെ 41 മണ്ഡലങ്ങളിൽ മത്സരിക്കുന്നു. 41 മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികളുടെ നോമിനേഷൻ സൂക്ഷമപരിശോധനക്ക് ശേഷം സ്വീകരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മങ്കട മണ്ഡലത്തിലും വൈസ് പ്രസിഡണ്ടുമാരായ പ്രേമാ പിഷാരടി, സുരേന്ദ്രൻ കരിപ്പുഴ എന്നിവർ കളമശ്ശേരി, വേങ്ങര മണ്ഡലങ്ങളിലും മത്സരിക്കുന്നു. ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കീം പൂഞ്ഞാറിലാണ് മത്സരിക്കുന്നത്. ഇടത്-വലത്-എൻ.ഡി.എ മുന്നണികൾക്ക് ബദലായി ക്ഷേമ കേരളം സാധ്യമാക്കാനായി ജനപക്ഷത്ത് നിന്നുള്ള രാഷ്ട്രീയ ഇടപെടലാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ക്ഷേമ കേരളത്തെക്കുറിച്ച പാർട്ടിയുടെ കാഴ്ചപ്പാടുകൾ മെയ് 2ന് മലപ്പുറം പ്രസ്സ് ക്ലബിൽ പ്രകാശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.