തിരുവനന്തപുരം: കേരളത്തെ ഭൂരഹിത സംസ്ഥാനമാക്കുമെന്ന് വാക്ക് നൽകിയ ഉമ്മൻ ചാണ്ടി സർക്കാർ വാഗ്ദാനം ലംഘിച്ച് ഭൂരഹിതരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് കേരളത്തിലെ ഭൂരഹിതരും അവരുടെ അവകാശങ്ങൾക്കായി പോരാടുന്നവരും യുഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ നൽകുകയെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പിസി ഹംസ. പതിനായിരക്കണക്കിന് ഭൂരഹിതരെ അണിനിരത്തി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോണിയാ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുവന്ന് ഭൂമിയില്ലാ പട്ടയം വിതരണം ചെയ്യിപ്പിച്ച തട്ടിപ്പ് സർക്കാരാണ് കേരളത്തിലുള്ളത്. ഭൂപരിഷ്‌ക്ക
രണത്തിൽ ഭാരതത്തിന് മാതൃക എന്നു വിളിക്കുന്ന കേരളത്തിൽ സർക്കാർ കണക്ക് പ്രകാരം തന്നെ മുന്നരലക്ഷത്തിലധികം കുടുംബങ്ങൾ ഭൂരഹിതരായി തുടരുന്നു എന്നത് കേരളം മാറി മാറി ഭരിച്ചവരുടെ പരാജയമാണ്. ഭൂമി ഏറ്റെടുക്കൽ നിയമം ഉൾപ്പടെ കൂടുതൽ ഭൂരഹിതരെ സൃഷ്ടിക്കുന്ന നയനിലപാടാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനുമുള്ളത്. ഭൂമിയുടെ സന്തുലിതമായ വിതരണം സാമൂഹ്യനീതിയുടെ ഭാഗമാണെന്നും ക്ഷേമരാഷ്ട്രമെന്ന മുദ്രാവാക്യം ഉയർത്തുന്ന വെൽഫെയർ പാർട്ടി രാജ്യത്തെമ്പാടുമുള്ള ഭൂരഹിതരുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സമഗ്ര ഭൂപരിഷ്‌ക്കരണത്തിന് കമ്മീഷനെ നിയോഗിക്കണമെന്ന് ഉപരോധ സമരത്തിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രഖ്യാപിക്കുകയും 2015 ഡിസംബർ 31 ന് മുമ്പ് എല്ലാവർക്കും ഭൂമി വിതരണം ചെയ്യും എന്നു പറയുകയും ചെയ്ത ഉമ്മൻ ചാണ്ടി സർക്കാർ ഇപ്പോൾ കൈമലർത്തുകയാണ്. ഇതുവരെ 10 ശതമാനം പേർക്കു പോലും പട്ടയം നൽകിയിട്ടില്ല. പട്ടയം ലഭിച്ചവരിൽ ഭൂരിപക്ഷം പേർക്കും ഭൂമി ലഭിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികൾക്കും സമുദായ സംഘടനകൾക്കും കുത്തകകൾക്കുമെല്ലാം ഭൂമി ദാനം ചെയ്യുന്ന സർക്കാർ ഭൂരഹിതർക്കു മാത്രമാണ് ഭൂമി നൽകാത്തത്. 3 സെന്റ് ഭൂമിയെന്ന തുച്ഛ വാഗ്ദാനം പോലും സർക്കാർ പാലിക്കുന്നില്ല. കേരളത്തിലെ ഭൂരഹിതർക്ക് 10 സെന്റ് ഭൂമി പാർപ്പിടാവശ്യാർത്ഥം നൽകണമെന്നും ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷിഭൂമി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരഹിതർക്ക് വിതരണം നടത്താനാവശ്യമായ ഭൂമിയില്ലായെന്ന സർക്കാർ വാദം കള്ളമാണ്. റവന്യൂഭൂമി, മിച്ചഭൂമി, കുത്തകൾ അനധികൃതമായി കൈയേറി കൈവശം വച്ചിരിക്കുന്ന ഭൂമി, ഒഴിപ്പിക്കാനായി കോടതി വിധിച്ച ഭൂമി, പാട്ടക്കരാർ ലംഘിച്ച ഭൂമി തുടങ്ങിയ നിരവധി ഇനങ്ങളിലായി മതിയായ അളവിൽ ഭൂമി കേരളത്തിലുണ്ട്. അവ പിടിച്ചെടുത്ത് വിതരണം ചെയ്യുന്നതിന് സർക്കാരിനാവില്ലെങ്കിൽ വെൽഫെയർ പാർട്ടി ആ ദൗത്യം ഏറ്റെടുത്ത് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്കു വിതരണം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആദിവാസികളടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളെ നിരന്തരമായി ഇടതു-വലതു മുന്നണികളും സംഘപരിവാർ ശക്തികളും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉപരോധ സമരത്തിൽ സമാപന പ്രഭാഷണം നടത്തിയ പാർട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷൻ പറഞ്ഞു. തോട്ടം മേഖലയെ ഭൂപരിഷ്‌ക്കരണത്തിൽ നിന്നൊഴിവാക്കുകയും ദളിതരെ കോളനിയിലൊതുക്കുകയും ചെയ്തതുവഴി ശവമടക്കിനുപോലും ഭൂമിയില്ലാത്ത ജനസമൂഹത്തെ സൃഷ്ടിച്ചതാണ് കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ അനന്തരഫലം. സമഗ്ര ഭൂപരിഷ്‌ക്കരണത്തിലൂടെ ഭൂമിയുടെ യഥാർത്ഥ അവകാശികൾക്കു ഭൂമി ലഭ്യമാക്കണം. അതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സെക്രേട്ടറിയറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചുകൊണ്ട് പുലർച്ചെ തന്നെ ഉപരോധത്തിനായി ആയിരക്കണക്കിന് ഭൂരഹിതർ അണിനിരന്നു. കന്റോൺമെന്റ് ഗേറ്റ് ഉപരോധിച്ച പാർട്ടി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ്ജും നോർത്ത് ഗേറ്റ് ഉപരോധിച്ച പ്രർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗവും നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉൾപ്പടെ നിരവധി പ്രവർത്തർക്ക് പരിക്കേറ്റു. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ശ്രീരാമൻ കൊയ്യോൻ, ടി പീറ്റർ, ആർ അജയൻ, വർക്കല രാജ്, എഎസ് അജിത് കുമാർ, പാലോട് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തെന്നിലാപുരം രാധാകൃഷ്ണൻ, പിഎ അബ്ദുൽ ഹഖിം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കരിപ്പുഴ, പ്രേമാ പിഷാരടി, സംസ്ഥാന സെക്രട്ടറിമാരായ കെഎ ഷെഫീഖ്, ശ്രീജ നെയ്യാറ്റിൻകര, റസാഖ് പാലേരി, ശശി പന്തളം, സംസ്ഥാന ട്രഷറർ പ്രൊഫ പി ഇസ്മായിൽ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങൾ, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.