പത്തനംതിട്ട: ഹാരിസൺ കമ്പനി കൈവശം വച്ചിരിക്കുന്ന ഒരു ലക്ഷം ഏക്കറോളം ഭൂമി സംസ്ഥാന സർക്കാർ ഉടൻ തിരിച്ചു പിടിക്കണമെന്ന് വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രക്ക് പത്തനംതിട്ട ടൗണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറാ നിയമപ്രകാരം വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഭൂമി കൈവശം വെക്കാൻ അവകാശമില്ല. ഈ നിയമപ്രകാരം ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ ഹൈക്കോടതി ഉത്തരവിനെപോലും അവഗണിച്ച് ബ്രിട്ടീഷ് കമ്പനിയുമായുള്ള ഒത്തുതീർപ്പിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പത്തനംതിട്ടയിൽ ഹാരിസൺ അനധികൃതമായി വിൽപന നടത്തിയ ചെറുവള്ളി എസ്റ്റേറ്റ് തിരിച്ചുപിടിക്കണമെന്നും ഇത്തരം ഭൂമികൾ കർഷകർക്കും ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ മുഴുവൻ സർകാർ ഭൂമിയുടെയും റിസർവ്വേ നടത്തി ലാൻ്ബാങ്കിൽ സൂക്ഷിക്കണം. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പുറമേ കൃഷിഭൂമി നഷ്ടമാക്കുകയും ചെയ്യുന്ന ആറന്മുള വിമാനതാവള പദ്ധതി ഉപേക്ഷിക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഹരിത ട്രിബ്യൂണലിന്റെയും ജനപ്രതിനിധികളുടെയും എതിർപ്പിനെ മറികടന്ന് ഈ പദ്ധതി കെ.ജി.എസ് കമ്പനിക്ക് വേണ്ടി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് സർക്കാറും മുഖ്യമന്ത്രിയും ചെയ്യുന്നത്. കേരളത്തിൽ ബിജെപി സമരവുമായി രംഗത്തുണ്ടെങ്കിലും കേന്ദ്രത്തിൽ കെ.ജി.എസിനെ പിന്തുണക്കുന്ന നയമാണ് അവർ സ്വീകരിക്കുന്നത്. അത് ബിജെപിയുടെ കാപട്യമാണ്.

ജില്ലാ പ്രസിഡന്റ് റഷീദ് റാന്നി അദ്ധ്യക്ഷം വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശശി പന്തളം മുഖ്യപ്രഭാഷണം നടത്തി.