തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്തും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാറിനെതിരെ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ നിൽപ് സമരം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണത്തിന് ആവശ്യമായ ആരോഗ്യപരിരക്ഷയോ ജനക്ഷേമ പദ്ധതികളോ പ്രഖ്യാപിച്ച് നടപ്പാക്കുന്നതിൽ പരാജയപ്പെട്ട മോദി സർക്കാർ കോർപ്പറേറ്റുകളുടെ സാമ്പത്തിക ലാഭം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്ന് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തന്നെ അഴിമതി നിറഞ്ഞതാണ്. ആഗോളവിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വില കുത്തനെ കുറയുമ്പോഴും രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യാനാണ് സംഘ്പരിവാർ ഭരണകൂടം ശ്രമിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ജനജീവിതം സ്തംഭിച്ച സാഹചര്യത്തിലും ഇന്ധനവില ദിവസവും വർധിപ്പിച്ചാണ് കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നത്. തൊഴിലില്ലായ്മയും ആൾക്കൂട്ട ആക്രമണങ്ങളും വർദ്ധിക്കുകയും ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് വെല്ലുവിളി ഉയർത്തുകയും മാത്രമാണ് സംഘ്പരിവാർ സർക്കാർ ചെയ്യുന്നത്. പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. ഇതിനുവേണ്ടിയുള്ള സമര പോരാട്ടങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധ പരിപാടി നടത്തി.

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നിൽപ്പ് സമരം നടത്തി

വടക്കാങ്ങര : കോവിഡ് വ്യാപനത്തിൽ രാജ്യത്തെ ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുമ്പോഴും പെട്രോൾ ഉൾപന്നങ്ങളുടെ വില ദിവസവും വർധിപ്പിച്ച് കൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാറിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനത്തുടനീളം നടത്തുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി വടക്കാങ്ങരയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം അസി. സെക്രട്ടറി സക്കീർ വടക്കാങ്ങര, മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി, ആറാം വാർഡ് യൂനിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ, സി.കെ സുധീർ, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കമാലുദ്ദീൻ പി എന്നിവർ നേതൃത്വം നൽകി.