തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സമരങ്ങൾ ഒത്തുതീർപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇടതു മുന്നണി ഘടക കക്ഷികളെപ്പോലും വിശ്വാസ്യത്തിലെടുക്കാതെയാണ് ആദ്യം ആരോഗ്യ മന്ത്രി സ്വാശ്രയ മാനേജ്‌മെന്റുകളുമായി ധാരണയായത്. എന്നാൽ അതിനെതിരെ ശക്തമായ പ്രതിഷേധ മുയർന്നപ്പോൾ മുഖ്യന്ത്രി തന്നെ നേരിട്ടെത്തി ഒപ്പുവച്ചകരാറും സ്വാശ്രയ ലോബിക്ക് കൊള്ളലാഭം നേടിയെടുക്കാനുത കുന്നതരത്തിലായത് അബദ്ധത്തിൽ സംഭവിച്ചതായി കരുതാനാവില്ല.

മുന്നണിക്കകത്തു പോലും സുതാര്യത പുലർത്താത്ത മുഖ്യമന്ത്രിനയിക്കുന്ന ഭരണം എങ്ങനെയാണ് സുതാര്യമാകുന്നത്. വേണമെങ്കിൽ തങ്ങൾ സ്വയമേവ ഫീസിൽ അൽപം കുറയ്ക്കാമെന്ന് ചില മാനേജ്മെന്റുകൾ പറയുന്നതിൽ നിന്ന് അവർആവശ്യപ്പെട്ടതിലും അധികം വർദ്ധനയാണ് സർക്കാർ വരുത്തിയതെന്ന് വ്യക്തമാണ്. കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന മെറിറ്റ് വിദ്യാർത്ഥികളുടെ അനുപാതം വെട്ടിക്കുറച്ചത് ഇടത് സർക്കാരാണെന്നത് അത്യന്തം ലജ്ജാകരമാണ്. ധാർഷ്ഠ്യത്തിന്റെ ഭാഷ ഒഴിവാക്കി ഫീസ് വർദ്ധന റദ്ദാക്കി സ്വാശ്രയ സമരം ഒത്തുതീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.