തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിലെ കനകമലയിൽ നിന്ന് ഐ.എസ് ബന്ധമാരോപിച്ച് അഞ്ച് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ട സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. കനകമലയിൽ കെട്ടിടമായി ആകെയുള്ളത്ഒരാശ്രമം മാത്രമാണ്.

സഞ്ചാരികൾ വന്നുപോകുന്ന സ്ഥലവുമാണത്. ലോക്കൽ പൊലീസിന് പോലും വിവരമില്ലാത്ത കനകമല വിഷയത്തിൽ പ്രാദേശിക ബിജെപി നേതൃത്വം നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റ് നടന്ന സ്ഥലങ്ങളിൽ സംഘ്പ്രവർത്തകരുടെ വലിയ സാന്നിധ്യം കാണാൻകഴിയും. ബിജെപി സമ്മേളനത്തിന് സമാന്തരമായി തന്നെആർ.എസ്.എസ് ദേശീയ നേതാക്കളും കേരളം സന്ദർശിച്ചിരുന്നു.

കേരളം പിടിച്ചെടുക്കാനുള്ള ബിജെപി അജണ്ടയുടെ ഉപകരണമാണോ ദേശീയ അന്വേഷണ ഏജൻസി എന്ന സംശയം അസ്ഥാനത്തല്ല. തങ്ങൾക്ക് സ്വാധീനമില്ലാത്തസംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ഫെഡറൽ വ്യവസ്ഥകൾമറികടന്ന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും രാഷ്ട്രീയ അട്ടിമറികളിലൂടെയും കുതിരക്കച്ചവടത്തിലൂടെയുമുള്ള നിഗൂഢ പരിശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

എൽ.ഡി.എഫ് സർക്കാർ സംഭവങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്താൻ സന്നദ്ധമാവണം. നേരത്തെ ഐ.എസ് എന്ന വ്യാപകമായി ആരോപിക്കപ്പെട്ട ചെറുപ്പക്കാരുടെ ദുരൂഹമായ തിരോധാനത്തെക്കുറിച്ചും വസ്തുതകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഐ.എസ് ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് സംസ്ഥാന സർക്കാർ ഇപ്പോഴും പറയുന്നത്. കേന്ദ്ര സർക്കാർ അധികാരം ഉപയോഗിച്ച്കേരളം പിടിക്കാനുള്ള ബിജെപി നീക്കത്തെക്കുറിച്ച് മതേതരകേരളം ജാഗ്രത പാലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.