തിരുവനന്തപുരം: സമഗ്ര ഭൂപരിഷ്‌കരണ നിയമം നിയമസഭയിൽ പാസാക്കുന്നതിന് മൂൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 140 എംഎ‍ൽഎമാരുടെ ഓഫീസുകളിലേക്ക് ഇന്ന് വെൽഫെയർ പാർട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തിൽ ഭൂരഹിതർ മാർച്ച് നടത്തി നിവേദനം സമർപ്പിക്കും. ഭൂപരിഷ്‌കരണം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇനിയും ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിൽ ഭൂരഹിതരാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ അപേക്ഷിച്ചത് മൂന്നര ലക്ഷം കുടുംബങ്ങളാണ്. അപേക്ഷിക്കാൻ കഴിയാത്ത ലക്ഷക്കണക്കിന് ആളുകൾ വേറെയുമുണ്ട്. ഭൂപരിഷ്‌കരണം നിയമം അവഗണിച്ച കർഷക തൊഴിലാളികളായ ദലിതർ ഇന്നും കോളനികളിൽ ദുരിത ജീവിതം നയിക്കുകയാണ്.

 അതേസമയം ഭൂപരിഷ്‌കരണ നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി തോട്ടഭൂമിയെന്ന പേരിൽ അഞ്ച് ലക്ഷം ഏക്കറോളം ഭൂമി വ്യാജ രേഖകൾ സൃഷ്ടിച്ച് കമ്പനികളും വ്യക്തികളും കൈവശം വച്ചിട്ടുണ്ടെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായി സമഗ്രമായ ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്നും ഭൂരഹിതരായവർക്ക് ഭവനനിർമ്മാണത്തിനുള്ള ഭൂമി ഉടൻ അനുവദിക്കണമെന്നുമാണ് ഭൂസമര സമിതി ആവശ്യപ്പെടുന്നത്. വിവിധ മണ്ഡലങ്ങളിൽ ഭൂസമര സമിതികളും വെൽഫെയർ പാർട്ടിയുടെ മണ്ഡലം കമ്മിറ്റികളും നിവേദന മാർച്ചിന് നേതൃത്വം കൊടുക്കും.