തിരുവനന്തപുരം: കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നായി ചില മലയാളികൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കിൽ അത് തടയേണ്ട ബാധ്യത സർക്കാറിനുണ്ട്. എന്നാൽ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലിം വിരുദ്ധമായ മുഴുവൻ സംഘ്പരിവാർ അജണ്ടകളും കേരളത്തിൽ വിറ്റഴിക്കാൻ നടക്കുന്ന ശ്രമങ്ങൾ മതേതര സമൂഹം തിരിച്ചറിയുകയും ചെറുത്തു തോൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ബിജെപി ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന പീസ് ഇന്റർനാഷണൽ സ്‌കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സർക്കാർ സന്നദ്ധമാകണം.

ലൗ ജിഹാദ്, മതപരിവർത്ത വിരുദ്ധത, കേരളം തീവ്രവാദത്തിന്റെ ഹബ് തുടങ്ങിയ അജണ്ടകൾ പ്രചരിപ്പിച്ച് സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം നേടിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. ഈ പ്രചരണം മതേതര മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഏറ്റുപിടിച്ചാൽ കേരളം ബി.ജെപിക്ക് കീഴടങ്ങാൻ പിന്നെ അധിക സമയം വേണ്ടിവരില്ല. ഇത്തരം ദുരൂഹ സംഭങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരത ശക്തിപെടുന്നതിനെക്കുറിച്ച് ജനാധിപത്യ സമൂഹം കരുതിയിരിക്കേണ്ടതുണ്ട്. ഇസ്ലാം മതപ്രബോധകൻ സാക്കിർ നായികിനെതിരെ സർക്കാർ നടത്തുന്ന നീക്കങ്ങൾ അങ്ങേയറ്റം പ്രതിഷേധാത്മകമാണ്. ഏത് മതത്തിന്റെയും പ്രബോധനം ഭരണകൂടം നൽകുന്ന മൗലിവാകവാശത്തിന്റെ അഭിവാജ്യ ഭാഗമാണ്. ഒരാളുടെ പേരോ, എഴുത്തോ, പ്രഭാഷണമോ ഒരു കുറ്റവാളി ഉപയോഗിച്ചു എന്നത് അയാൾക്കെതിരായ ഒരു തെളിവല്ല. തീവ്രവാദത്തിനും ഭരണകൂട ഭീകരതക്കും ഇസ്ലാമോ ഫോബിയക്കുമെതിരെ പാർട്ടി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.