- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടക്കാലാവധി കഴിഞ്ഞിട്ടും കുത്തക കമ്പനികൾ കൈവശം വെക്കുന്ന ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണം; കുത്തകകളുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള മാതൃകാ നിയമവും അവതരിപ്പിച്ചു വെൽഫെയർ പാർട്ടിയുടെ ത്രിദിന പ്രക്ഷോഭം സമാപിച്ചു; കൃഷിഭൂമിയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമിയും സംരക്ഷിക്കണമെന്നും വികസനാവശ്യങ്ങൾക്ക് വേണ്ട ഭൂമി ഉൾപെടുന്ന ലാന്റ് ബാങ്ക് ഉണ്ടാക്കണമെന്നും മാതൃകാ നിയമം
തിരുവനന്തപുരം: കേരളത്തിൽ വിവിധ കുത്തകകളുടെ കൈകളിലുള്ള ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള ജനകീയ ഭൂനിയമം പ്രകാശനം ചെയ്ത് വെൽഫെയർ പാർട്ടി ത്രിദിന പ്രക്ഷോഭം അവസാനിച്ചു. രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും കുത്തകകൾക്ക് മുന്നിൽ കീഴടങ്ങി ഭൂമികയ്യേറ്റക്കാരെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ കുത്തകകളുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള മാതൃകാ നിയമം അവതരിപ്പിച്ച് വെൽഫെയർ പാർട്ടി സാമൂഹിക നീതിക്കായുള്ള പോരാട്ടത്തെ ഉയർത്തിപിടിക്കുകയാണെന്ന് സമാപന സമ്മേളനം ഉൽഘാടനം ചെയ്ത വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ പറഞ്ഞു. ഇവിടെ കീഴാളർക്കും ദലിതർക്കുമെതിരെ സർക്കാറുകളും സവർണരും പുലർത്തിയ വിവിധ വിവേചനങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. അത്തരം അനീതികൾകൊണ്ട് ഭൂപരിഷ്‌കരണത്തിൽ ഭൂമി ലഭിക്കാതിരുന്ന വിവിധ വിഭാഗങ്ങളെ പരിഗണിക്കാനാകണം. അത്തരത്തിലുള്ള സമഗ്രമായ നിയമനിർമ്മാണവും ഭൂപരിഷ്‌കരണവുമാണ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി പുറത്തിറക്കിയ ജനകീയ ഭൂനിയമത്തിന്റെ കരട് കൂട
തിരുവനന്തപുരം: കേരളത്തിൽ വിവിധ കുത്തകകളുടെ കൈകളിലുള്ള ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള ജനകീയ ഭൂനിയമം പ്രകാശനം ചെയ്ത് വെൽഫെയർ പാർട്ടി ത്രിദിന പ്രക്ഷോഭം അവസാനിച്ചു. രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും കുത്തകകൾക്ക് മുന്നിൽ കീഴടങ്ങി ഭൂമികയ്യേറ്റക്കാരെ സഹായിച്ചുകൊണ്ടിരിക്കുമ്പോൾ കുത്തകകളുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള മാതൃകാ നിയമം അവതരിപ്പിച്ച് വെൽഫെയർ പാർട്ടി സാമൂഹിക നീതിക്കായുള്ള പോരാട്ടത്തെ ഉയർത്തിപിടിക്കുകയാണെന്ന് സമാപന സമ്മേളനം ഉൽഘാടനം ചെയ്ത വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ പറഞ്ഞു. ഇവിടെ കീഴാളർക്കും ദലിതർക്കുമെതിരെ സർക്കാറുകളും സവർണരും പുലർത്തിയ വിവിധ വിവേചനങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. അത്തരം അനീതികൾകൊണ്ട് ഭൂപരിഷ്‌കരണത്തിൽ ഭൂമി ലഭിക്കാതിരുന്ന വിവിധ വിഭാഗങ്ങളെ പരിഗണിക്കാനാകണം. അത്തരത്തിലുള്ള സമഗ്രമായ നിയമനിർമ്മാണവും ഭൂപരിഷ്‌കരണവുമാണ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി പുറത്തിറക്കിയ ജനകീയ ഭൂനിയമത്തിന്റെ കരട് കൂടംകുളം സമരനായകൻ എസ്‌പി ഉദയകുമാർ കല്ലടത്തണ്ണി ഭൂസമരനായകൻ ഷെഫീക്ക് ചോഴിയോടിനും സമരപോരാളികൾക്കും കൈമാറി പ്രകാശനം ചെയ്തു. നിലനിൽപ്പിനായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ഭൂസമര പോരാളികൾക്ക് കൂടംകുളം സമരസമിതിയുടെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച് എസ്‌പി ഉദയകുമാർ സംസാരിച്ചു. കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായ വിവിധ വിഭാഗങ്ങൾ ഒന്നിച്ച് സമരവുമായി മുന്നോട്ടു വരണമെന്നും ഈ സമരം വിജയിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ്.ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം എന്നിവർ സമാപന സമ്മേളത്തിൽ സംസാരിച്ചു.
ത്രിദിന പ്രക്ഷോഭത്തിന്റെ മൂന്നാം ദിന പരിപാടികൾ എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി റസാഖ് പാലേരി ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ശശി പന്തണം മുഖ്യപ്രഭാഷണം നടത്തി. എൻ.എം അൻസാരി, കെ.കെ കൊച്ച്, ഡോ. ശാരങ്ഗധരൻ, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സജി കൊല്ലം, അഡ്വ. ജയകുമാർ, കെ.സി ശ്രീകുമാർ, ബാബു അറക്കൽ, മാഗ്ലിൻ ഫിലോമിന യോഹന്നാൻ, പി.ജെ മോൻസി, എസ് ഇർഷാദ്, അജയൻ, മുസ്തഫാ മലമ്പുഴ, സി.എച്ച് മുത്തലിബ്, സുൽഫി, അനിൽ കാതിക്കൂടം, ഉസ്മാൻ മുല്ലക്കര, അഡ്വ. പി.ഒ ജോൺ, പി.ആർ ശശി, അയ്യപ്പൻകുട്ടി, ബുർഹാൻ, നജ്ദ റൈഹാൻ, അച്ചാമ്മ ബാബു, അഡ്വ. അനിൽ കുമാർ പേയാട് എന്നിവർ അവസാന ദിവസം പ്രക്ഷോഭത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സമരഭൂമി എന്ന് പേരിൽ പ്രക്ഷോഭത്തിന്റെ വാർത്തകളുൾപെടുത്തി തയ്യാറാക്കിയ ബുള്ളറ്റിൽ മിർസാദ് റഹ്മാൻ ഭൂസമര പ്രവർത്തക ഓമനക്ക് നൽകി പ്രകാശനം ചെയ്തു.
കഴിഞ്ഞ വർഷം വെൽഫെയർ പാർട്ടി നടത്തിയ ലാന്റ് സമ്മിറ്റിന്റെയും തുടർ പഠനങ്ങളുടെയും ചുരുക്കമാണ് വെൽഫെയർ പാർട്ടി പറുത്തിറക്കിയ ജനകീയ സമഗ്ര ഭൂപരിഷ്‌കരണ നിയമം. സംസ്ഥാനത്തെ 4 ലക്ഷം കുടുംബങ്ങൾക്ക് കൃഷിക്കും പാർപ്പിടത്തിനും ആവശ്യമായ ഭൂമി ലഭ്യമാക്കുകയെന്നതാണ് നിയമത്തിന്റെ ആദ്യ ലക്ഷ്യം. ഗ്രാമത്തിലും പട്ടണത്തിലും താമസിക്കാനാവശ്യമായ ഭൂമിയും കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് 1 ഏക്കറിൽ കുറയാത്ത ഭൂമിയും നൽകണം. മത്സ്യബന്ധനം പോലുള്ള ജോലികളിലേർപ്പെട്ടവർക്ക് അതിന് യോചിച്ച സ്ഥലങ്ങളിൽ പാർപിടങ്ങൾ ലഭ്യമാക്കണം. ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനാകണം.
ഭൂപരിഷ്‌കരണ നിയമം സെഷൻ 81 അനുസരിച്ച് പരിഷ്‌കരണ പരിധിയിൽ നിന്ന് ഒഴിവാക്കിയ തോട്ടംഭൂമിയെ ഭൂപരിഷ്‌കരണത്തിന് വിധേയമാക്കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. തോട്ടം ഭൂമിക്ക് പരിധി നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്. പരിധിക്കപ്പുറമുള്ള ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണം.
നിലവിലെ ഭൂപരിഷ്‌കരണ നിയമത്തിലൂടെ ഏറ്റെടുക്കേണ്ട മിച്ചഭൂമി ഇപ്പോഴും ഏറ്റെടുക്കാതെ ബാക്കിയാണ്. അത് പൂർത്തീകരിക്കണം. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമികൾ, പാട്ടകാരാർ ലംഘനമോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ ഭൂമികൾ എന്നിവ തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാനാകുന്ന നിയമങ്ങളുണ്ടാക്കണം. കൃഷിഭൂമിയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമിയും സംരക്ഷിക്കണം. വികസനാവശ്യങ്ങൾക്ക് വേണ്ട ഭൂമി ഉൾപെടുന്ന ലാന്റ് ബാങ്ക് ഉണ്ടാവണം. ഇത്തരം കാര്യങ്ങളെല്ലാം സാധ്യമാകുന്ന സമഗ്രമായ നിയമനിർമ്മാണമാണ് ഉണ്ടാകേണ്ടത്. അതിനായുള്ള നിയമ നിർമ്മാണ് നിർദ്ദേശങ്ങളാണ് വെൽഫെയർ പാർട്ടി പുറത്തിറക്കിയ ജനകീയ സമഗ്ര ഭൂപരിഷ്‌കരണ നിയമത്തിന്റെ കരട് ഉൾകൊള്ളുന്നത്.