തിരുവനന്തപുരം: രാജ്യത്ത് മോദിയുടെ നേതൃത്വത്തിലുള്ള കോർപ്പറേറ്റ് വർഗീയ രാഷ്ട്രീയത്തെ രാജ്യം തിരസ്‌ക്കരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ആം ആദ്മി പാർട്ടി നേടിയ വിജയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബിജെപിയുടെ വർഗീയ രാഷ്ട്രീയം നേരിടാൻ നിലവിലെ ജീർണ്ണമായ കോൺഗ്രസ്സിന്റെ പരമ്പരാഗത രാഷ്ട്രീയത്തിന് സാധ്യമല്ല എന്ന തിരിച്ചറിവ് നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

ആം ആദ്മിയെ പിന്തുണയ്ക്കാനുള്ള വെൽഫെയർ പാർട്ടി നിലപാട് ജനഹിതത്തോടൊപ്പമുള്ളതായിരുന്നുവെന്നും വ്യക്തമായി. സാമ്പ്രദായിക രാഷ്ട്രീയത്തിനപ്പുറമുള്ള വിശാല ജനകീയ രാഷ്ട്രീയ കൂട്ടായ്മകൾക്കാണ് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുക. ജനഹിതം മാനിച്ച് ഇന്ത്യയിൽ കോർപ്പറേറ്റുകൾക്കും വർഗീയ ശക്തികൾക്കുമെതിരെ വിശാലമായ കൂട്ടായ്മ രൂപപ്പെടുന്നതിന് ആം ആദ്മി പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു.