തിരുവനന്തപുരം: ബാറുടമകൾ നൽകിയ കോടികൾക്ക് വേണ്ടി കേരള ജനതയെ ഉമ്മൻ ചാണ്ടി സർക്കാർ വഞ്ചിച്ചുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബാറുടമകൾ പിരിച്ച 20 കോടി രൂപ ആരൊക്കെയാണ് വാങ്ങിയതെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. കോഴക്ക് തെളിവ് അന്വേഷിക്കുന്ന വിജിലൻസിന് ഇതിനേക്കാൾ മികച്ച തെളിവ് വേണ്ടതില്ല. മുഖ്യമന്ത്രിയാണ് ഈ ഇടപാടിന് നേതൃത്വം നൽകിയത്. അതുകൊണ്ടാണ് അദ്ദേഹം മാണിയെ രക്ഷിച്ചതും. സ്വന്തം പാർട്ടി പ്രസിഡന്റിനെ ധിക്കരിച്ച് മദ്യനയം തിരുത്തിയതും. ഈ ജനവഞ്ചനയിൽ പങ്കാളിയായവർക്ക് കേരള ജനത കനത്ത ശിക്ഷ നൽകേണ്ടതുണ്ട്. മദ്യ രാജാക്കന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ വി എം സുധീരൻ, ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ്സിലെ മറ്റ് മന്ത്രിമാർക്കുമെതിരേ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യനയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ മുസ്ലിംലീഗിന് ഈ വഞ്ചനയിൽ കൃത്യമായ പങ്കുണ്ട്. കേരള സർക്കാറിനെ നിയന്ത്രിക്കുന്ന മുസ്ലിംലീഗ് സ്വീകരിച്ച നയം കാപട്യമാണ്. ലീഗിന്റെ വിയോജനം മുഖ്യമന്ത്രിയെക്കൊണ്ട് തന്നെ പറയിച്ചത് തന്ത്രമാണ്. ഇതുകൊണ്ട് ലീഗിന് രക്ഷപ്പെടാൻ കഴിയില്ല. മന്ത്രി പദവിക്കപ്പുറം ലീഗിന് നയമില്ലെന്ന് വ്യക്തമായിരിക്കുന്നു. ലീഗില്ലെങ്കിൽ സർക്കാറില്ലെന്ന് പറഞ്ഞ മന്ത്രിമാരാണ് മദ്യ രാജാക്കന്മാർക്ക് വേണ്ടി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നത്. പാണക്കാട് തങ്ങളുടെ അറിവോടെയാണോ ഇതെന്ന് അദ്ദേഹം വ്യക്തമാക്കണം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ വഞ്ചനക്കെതിരേ വ്യാപക പ്രതിഷേധ പരിപാടികൾ നടത്താൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.