തിരുവനന്തപുരം: വനഭൂമിയടക്കം 785 ഏക്കർ ഭൂമി അനധികൃതമായി കയ്യേറിയ എ.വി.ടി കമ്പനിയിൽ നിന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും അനധികൃത ഭൂമിക്ക് കരമടച്ച് സ്വന്തമാക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 8000 ഭൂരഹിതരുള്ള പത്തനംതിട്ടയിലാണ് ഇത്രയും ഭൂമി ഒരു കമ്പനി മാത്രം കൈയേറിയിരിക്കുന്നത്.

ഇപ്പോൾ കണ്ടെത്തിയ കൈയേറ്റ ഭൂമി എത്രയും പെട്ടെന്ന് തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് കൈമാറണം. തോട്ടങ്ങളുടെ മറവിൽ റവന്യൂഭൂമി കൈവശം വച്ചിരിക്കുന്ന നിരവധി പേർ കേരളത്തിലുണ്ട്. ഇവരിൽ നിന്നും ഭൂമി കണ്ടെത്തിയാൽ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകാൻ ലഭ്യമാവും. എന്നാൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ അലംഭാവം കാണിക്കുകയും ഭൂരഹിതർക്ക് നൽകാൻ ഭൂമിയില്ലായെന്ന് പറയുകയും ചെയ്യുന്ന സർക്കാർ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.