തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മങ്കട താലൂക്കിലെ ചേരിയംമലയിൽ ഭൂരഹിതർക്ക് നൽകേണ്ട കുമാരഗിരി എസ്റ്റേറ്റിലെ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതിനെതിരെ ഭൂമി ഏറ്റെടുക്കൽ സമരം നടത്തിയ വെൽഫെയർ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ  നിഷ്ഠൂരമായ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

മൂന്ന് ലക്ഷത്തോളം വരുന്ന ഭൂരഹിതർക്ക് നൽകാനാവശ്യമായ ഭൂമി ഹാരിസൺ-ടാറ്റ തുടങ്ങിയ കുത്തകകളും എസ്റ്റേറ്റ് മാഫിയകളും അന്യായമായി കൈവശപ്പെടുത്തിയിരിക്കുകയാണ്.  ഇത് ഏറ്റെടുക്കുന്നതിന് ഒരു ആത്മാർത്ഥതയും കാണിക്കാത്ത സർക്കാർ ഭൂമിക്കായി അപേക്ഷ നൽകി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഭൂരഹിതരെ വഞ്ചിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് താലൂക്ക് അടിസ്ഥാനത്തിൽ അന്യാധീനപ്പെട്ട ഭൂമികൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പ്രക്ഷോഭാവശ്യം അംഗീകരിക്കുന്നതിന് പകരം ലക്ഷക്കണക്കിന് ഭൂരഹിതരുടെ പങ്കാളിത്തമുള്ള ഭൂസമരത്തെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.  പാർട്ടി ജില്ലാ പ്രസിഡന്റ് എംഐ റഷീദ്, സംസ്ഥാന പ്രവർത്തക സമിതിയംഗം റംല മമ്പാട്, ഭൂസമര സമിതി ജില്ലാ കൺവീനർ ഗണേശ് തിരൂർ തുടങ്ങിയ സമുന്നത നേതാക്കളെ  പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.  ജനകീയ സമരത്തെ തല്ലിയൊതുക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ ഭൂരഹതിരുടെ സമരം വരും ദിവസങ്ങളിൽ ശക്തിപ്പെടുകയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.