തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ എയർപോർട്ട് അഥോറിറ്റി തന്നെ ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. ഇതിന് തെളിവാണ് എ330 എയർക്രാഫ്റ്റ് വിഭാഗത്തിൽപെട്ട ചെറിയ ഇനം വിമാനങ്ങൾ ഉപയോഗിച്ച് കരിപ്പൂരിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാണെന്നും ഇതിന് അനുമതി നൽകണമെന്നുമുള്ള എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആവശ്യത്തെ എയർപോർട്ട് അഥോറിറ്റി പരിഗണിക്കാത്തത്. റൺവേ നവീകരണം നടക്കുന്ന സന്ദർഭത്തിൽ സുരക്ഷിതമായി തന്നെ വിമാനങ്ങൾ ഇറക്കാൻ കഴിയുമെന്ന് എമിറേറ്റ്‌സിന്റെ വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്.

മലബാറിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഉപകാരപ്രദമായ ഈ നിർദ്ദേശമാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. സ്വകാര്യ നിക്ഷേപമുള്ള നെടുമ്പാശ്ശേരിയുടെയും വരാൻപോകുന്ന കണ്ണൂർ എയർപോർട്ടിന്റെയും ലാഭം വർദ്ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരാഷ്ട്രീയ തലത്തിൽ നടക്കുന്ന ഗൂഢനീക്കമാണ് കരിപ്പൂരിന്റെ തകർച്ചക്ക് പിന്നിൽ. പ്രവാസികളോട് അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ചെറുവിമാനങ്ങൾ ഉപയോഗിച്ച് കരിപ്പൂർ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.