തിരുവനന്തപുരം: കേരള ജനതയെ നിരാശപ്പെടുത്തിയ നൂറ് ദിനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മുൻ സർക്കാറിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കേരളത്തിൽ ഉയർന്നുവന്ന സംഘ്പരിവാർ ഭീഷണിയുമാണ് ഇടതുപക്ഷത്തെ വൻഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റിയത്. എന്നാൽ ലഭിച്ച ജനപിന്തുണയാൽ ജനക്ഷേമ ഭരണത്തിന് തുടക്കം കുറിക്കാൻ നാളിതുവരെയായിട്ടും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല.

പൊതുവിപണിയിൽ വൻ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ പൊതുവിതരണ മേഖലയെ ജീവൻ വെയ്പിക്കുന്നതിനോ സർക്കാറിനായിട്ടില്ല. കെടുകാര്യസ്തത മൂലം പാഠപുസ്തകങ്ങൾ വിതരണം ഓണപ്പരീക്ഷയായിട്ടും പൂർത്തിയാക്കാനായിട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസ മേഖലയടക്കമുള്ള എല്ലായിടത്തും സർക്കാർ നീക്കങ്ങൾ പാളുന്നു.
കേരളമാകെ മദ്യമൊഴുക്കുമെന്ന നിലപാടിലാണ് ടൂറിസം എക്സൈസ് വകുപ്പുകൾ. പാർട്ടി അണികൾ ആയുധം കൈയിലെടുത്തുകൊലവിളി നടത്തുന്നു. കൊലപാതക രാഷ്ട്രീയം അതിശക്തമായി തിരിച്ചുവന്നിരിക്കുന്നു. ഭരണത്തിൽ മന്ത്രിമാർക്കൊന്നും നിയന്ത്രിണമില്ലാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥർ തോന്നിയപടി കാര്യങ്ങൾ നടത്തുന്നു. തെറ്റായ ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്ക് കാര്യങ്ങളുപദേശിക്കുന്നത്. മീഡിയകളെ നേരിടാൻ ഭയക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൽ നിന്നാണ് ഒളിച്ചോടുന്നത്. പിന്തുണച്ച ജനവിഭാഗത്തെ നിരാശരാക്കുന്ന ഈ സമീപനം തിരുത്തിയില്ലെങ്കിൽ അതിദാരുണമായ പതനമാകും കേരളത്തിൽ ഇടതുപക്ഷത്തിനും പിണറായി വിജയനും സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.