തിരുവനന്തപുരം: നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പാലിക്കാതെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മാത്രം പരിഗണിച്ചാണ് കേരള സർക്കാർ പുതിയ നഗരസഭകളും പഞ്ചായത്തുകളും രൂപീകരിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സന്ദർഭങ്ങളിലായി വന്ന കേരള ഹൈക്കോടതി വിധിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സർക്കാർ കെടുകാര്യസ്ഥതക്ക് ഏറ്റ പ്രഹരമാണ് കോടതി വിധി. വീഴ്ച തിരുത്തി ഒക്‌ടോബർ മാസത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറാകണം. അപ്പീൽ പോകുന്നത് തെരഞ്ഞെടുപ്പ് നീളുന്നതിന് കാരണമാകും. നിലവിലെ ഭരണസമിതികളുടെ കാലാവധി ഒക്‌ടോബറിൽ അവസാനിക്കും എന്നിരിക്കെ തെരഞ്ഞെടുപ്പ് വൈകിയാൽ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് സ്ഥാപനങ്ങൾ പോകും. ഇത് അധികാര വികേന്ദ്രീകരണത്തിന്റെ ലക്ഷ്യങ്ങൾക്ക് എതിരാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ വാർഡ് വിഭജനവും മറ്റും പൂർത്തീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമായിരിക്കെ 2010ലെ വാർഡ്/ഡിവിഷൻ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പിന്റെ മറ്റ് നടപടിക്രമങ്ങൾ ആരംഭിക്കാൻ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കണം. വാർഡ് വിഭജനം, പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണം എന്നിവ ഭരിക്കുന്നവരുടെ സങ്കുചിത താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന നിലവിലെ സമ്പ്രദായം മാറ്റേണ്ടതുണ്ട് എന്നാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. കൂടുതൽ ജനാധിപത്യപരമായ പരിഷ്‌കരണം അനിവാര്യമായിരിക്കുന്നു. ദുർവാശികൾ വെടിഞ്ഞ് സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരണക്കണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.