തിരുവനന്തപുരം: മാണിയും കെ.ബാബുവും അടക്കമുള്ള ഉന്നതർക്കെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളിൽ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ ഉന്നതന്മാർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ ഒത്തുകളിയിലൂടെ അവസാനിപ്പിക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. മലബാർ സിമന്റ് അഴിമതിക്കേസിൽ നടക്കുന്ന അന്വേഷണത്തിലും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വലിയ നേതാക്കളുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. ഈ കേസിലും നീതിപൂർവമായി അന്വേഷണം തുടരണം.

കേരളത്തിൽ പല സന്ദർഭങ്ങളിലും ഇത്തരത്തിൽ നടന്നിട്ടുള്ള അന്വേഷണങ്ങളിൽ പ്രമുഖരും വൻതോക്കുകളും കുടുങ്ങുമെന്ന അവസരം വന്നപ്പോഴൊക്കെ അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അഴിമതിക്കേസുകളിലെ കുറ്റവാളികളൊന്നും രക്ഷപെടാൻ പാടില്ല. ബാർകോഴയിലും മാണിക്കെതിരെ ഉയർന്ന കോഴയാരോപണങ്ങളിലും കേവല രാഷ്ട്രീയ ഒത്തുതീർപ്പിലേക്ക് അന്വേഷണങ്ങളെത്താൻ പാടില്ല. ടി.പി ചന്ദ്രശേഖരൻ വധക്കേസിലടക്കം ഭരണ-പ്രതിപക്ഷ ഒത്തുതീർപ്പുണ്ടെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ട്. അതിനിയും ആവർത്തിക്കാൻ പിണറായി സർക്കാർ ഇടവരുത്തരുത്.

വിജിലൻസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും നിയമപരമായി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സർക്കാറുണ്ടാക്കണം. ജനങ്ങളെ കബളിപ്പിച്ച് കോഴയും അഴിമതിയും നടത്തിയിരുന്നവർ നിയമത്തിന്റെ മുന്നിൽ വെള്ളം കുടിക്കണം. സർക്കാർ നീതിപൂർവ്വമായും ഗൗരവത്തിലുമാണ് അഴിമതിക്കാരെ കുടുക്കാനൊരുങ്ങന്നതെങ്കിൽ അക്കാര്യത്തിൽ പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം പ്രസ്താവിച്ചു.