തിരുവനന്തപുരം: ബാർ കോഴക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ വിജിലൻസ് കോടതി കയ്യോടെ പിടികൂടിയതുകൊണ്ടാണ് അന്വേഷണം തുടരാൻ ഉത്തരവിട്ടതെന്ന് വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. കോടതിയെയും നിയമത്തെയും വെല്ലുവിളിച്ച് ഇനിയും അധികാരത്തിൽ തുടരുന്നത് നിയമവ്യവസ്ഥയെ തന്നെ അപഹാസ്യമാക്കും. മാന്യത അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ മാണി രാജിവെക്കണം.

അഴിമതി അന്വേഷിക്കാൻ ബാധ്യതപ്പെട്ട വിജിലൻസിന്റെ മേധാവി വിൻസെന്റ് എം. പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളെ അവഗണിച്ച് അന്തിമ റിപ്പോർട്ട്  തയ്യാറാക്കിയതിന് പിന്നിലെ രാഷ്ട്രീയ സമ്മർദ്ദം ഇതോടെ വ്യക്തമായിരിക്കുന്നു. അതിനാൽ സംസ്ഥാന സർക്കാറിന് സ്വാധീനിക്കാൻ കഴിയാത്ത അന്വേഷണ ഏജൻസിയോ, കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമോ ആണ് ഇനി നടക്കേണ്ടത്. നിയമം അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ധാർമികത നഷ്ടപ്പെട്ടിരിക്കുന്നു. നിർണ്ണാ യകമായ കേസിൽ കോടതി പുറപ്പെടുവിച്ച വിധി നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.