തിരുവനന്തപുരം: മങ്കട കൂട്ടിലിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഏത് കാരണത്തിന്റെ പേരിലായാലും ജനങ്ങൾ നിയമം കൈയിലെടുക്കുന്നതും ആൾക്കൂട്ടം അതിക്രങ്ങൾ സൃഷ്ടിക്കുന്നതും അനുവദിക്കാൻ പാടില്ല.

പരാതികളുള്ളവർ നിയമപരമായ മാർഗങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിന് പകരം സ്വന്തമായി ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും വകവച്ചുകൊടുക്കാൻ പാടില്ല. ഇത്തരം സംഭവങ്ങൾ ആർത്തിക്കുന്നത് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഓരോരുത്തരുടെയും ബോധങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ മേൽ കൈയേറ്റം നടത്തുന്നത് നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കലാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.