തിരുവനന്തപുരം:  26ന് തിരുവനന്തപുരത്ത് നടക്കുന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ മൂന്നാറിൽ സമരം ചെയ്ത് വിജയം വരിച്ച പെൺകൂട്ടായ്മ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. തൊഴിലാളികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പരമ്പരാഗത ട്രേഡ് യൂണിയനുകളിൽ അവിശ്വാസം രേഖപപ്പപ്പെടുത്തിക്കൊണ്ടാണ് സ്ത്രീ തൊഴിലാളികൾ സമരരംഗത്ത് വന്നതും വിജയം വരിച്ചതും.

അതുകൊണ്ടുതന്നെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നത് ട്രേഡ് യൂണിയനുകൾ മാത്രമാണ് എന്ന വാദം ശരിയല്ല. തൊഴിലാളികളുടെ യഥാർഥ പ്രതിനിധികളെ ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാവണം. പി.എൽ.സി യോഗത്തിൽ പെൺകൂട്ടായ്മയെ വിളിക്കേണ്ടതില്ല എന്നത് സാങ്കേതിക ന്യായം മാത്രമാണ്. മൂന്നാറിലെ തൊഴിലാളി സമരത്തിൽ സർക്കാർ ചർച്ച നടത്തിയത് പരമ്പരാഗത തൊഴിലാളി സംഘടനകളുമായി മാത്രമല്ല, പെൺകൂട്ടായ്മയുമായിട്ടും കൂടിയായിരുന്നു എന്ന കാര്യം സർക്കാർ ഓർമ്മിക്കണം. മൂന്നാർ തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നം ചർച്ച ചെയ്യുന്ന വേളയിലെങ്കിലും പെൺകൂട്ടായ്മയെ പങ്കെടുപ്പിക്കാനുള്ള ധാർമ്മിക ബാധ്യത സർക്കാറിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു.