തിരുവനന്തപുരം: കാർഷിക-കാർഷികാനുബന്ധ ആവശ്യങ്ങൾക്കോ വീട് നിർമ്മിക്കുന്നതിനോ പതിച്ച് നൽകിയ പട്ടയഭൂമിയിൽ ക്വാറി ക്രഷർ തുടങ്ങുന്നതിന് അനുകൂലമായി ഭൂപതിവ് ചട്ടത്തിൽ ഇളവ് വരുത്തിയ റവന്യൂ വകുപ്പ് ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രധാനമായ പശ്ചിമഘട്ടത്തെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നതിന് ഇത് വഴിവെക്കും. പരിസ്ഥിതിലോല പ്രദേശങ്ങളെ ക്വാറി മാഫിയ വിഴുങ്ങും.

1964ലെ ഭൂപതിവ് ചട്ടം, 1971ൽ സ്വകാര്യ വന (നിക്ഷിപിതവും കൈമാറ്റവും) നിയമവും എന്നിവ പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ ചട്ടലംഘനം നടന്നാൽ പട്ടയം റദ്ദ് ചെയ്യാൻ സർക്കാറിന് അധികാരം ഉണ്ടെന്നിരിക്കെ ക്വാറിക്രഷർ മാഫിയകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഭൂപതിവ് ചട്ടം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് നിയമ വിരുദ്ധ ഉത്തരവാണെന്ന് നിയമ വകുപ്പ് സെക്രട്ടറി ചൂണ്ടികാണിച്ചിട്ടും അത് അവഗണിച്ച് ക്വാറിയുടമകൾക്ക് വേണ്ടി നടപടി സ്വീകരിക്കുകയാണ് റവന്യൂ വകുപ്പ് ചെയ്തത്. സർക്കാർ തന്നെ മുമ്പ് കോടതിയിൽ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായാണ് ഇപ്പോഴത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

വൻ അഴിമതി ഇതിന് പിന്നിൽ നടന്നിട്ടുണ്ട് എന്ന് സംശയിക്കണം. കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ജനകീയ, നിയമ പോരാട്ടങ്ങളിലൂടെ പ്രവർത്തനം നിർത്തിവച്ച ക്വാറികൾ പുതിയ ഉത്തരവ് പ്രകാരം തുടങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാലാവധി അവസാനിക്കും മുമ്പ് ക്വാറി മാഫിയകളെ വഴിവിട്ട് സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും ചെറുത്ത് നിൽപ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.